Thursday, 24 November 2022

*ആരാധനാ സ്വാതന്ത്ര്യ ദിനം -*

നവംബർ 25
*ആരാധനാ സ്വാതന്ത്ര്യ ദിനം -*
*(അങ്ങാടിപ്പുറം തളിക്ഷേത്ര  സമര വിജയദിനം)*

പ്രാചീന കേരളത്തിൽ തളിയാതിരിമാരുടെ ഭരണത്തിൻ കീഴിൽ ഉയർന്നുവന്നവയാണ് തളി ക്ഷേത്രങ്ങൾ. ഇതിൽ പ്രധാനപ്പെട്ട ക്ഷേത്രമായിരുന്നു അങ്ങാടിപ്പുറം തളി ക്ഷേത്രം. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിൽ നിന്ന് നോക്കിയിൽ കോഴിക്കോട് തളിയുടെ ധ്വജസ്തംഭം കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അങ്ങാടിപ്പുറം അൽപാകുളം മുതൽ വളാഞ്ചേരി റോഡിൽ കോട്ടപ്പുറം വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു ക്ഷേത്ര സങ്കേതം. അൽപാകുളത്തിന് സമീപത്തായിരുന്നു തളിയുടെ ഗോപുരം.1760-1810 കാലഘട്ടത്തിൽ മലബാറിൽ ടിപ്പു നടത്തിയ പടയോട്ടത്തിന്റെ ഫലമായി ഈ ക്ഷേത്രവും തകർക്കപ്പെട്ടതായി കരുതുന്നു. ക്ഷേത്രാവശിഷ്ടങ്ങളുപയോഗിച്ച് കോട്ടപ്പുറത്ത് കോട്ട കെട്ടാനുള്ള ശ്രമം വിജയിച്ചില്ല. കോട്ടപ്പറമ്പ് എ.എം.എൽ.പി സ്കൂളിന് സമീപത്ത് അടുത്ത കാലം വരെ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പിന്നീട്  വള്ളുവനാടിന്റെ ഭരണ കേന്ദ്രമായിരുന്ന അങ്ങാടിപ്പുറത്ത് തീരുമാന്ധാംകുന്നിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്നത്തെ  പാലക്കാട് കോഴിക്കോട്  ദേശീയ പാതക്കരികിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ക്ഷേത്രാവശിഷ്ടവും ശിവലിംഗവും കാഞ്ഞിരക്കാടുമൂടിക്കിടന്നിരുന്നു. 1967 ൽ കോച്ചാട്ടിൽ ബാലകൃഷ്ണ മേനോന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറത്തെ ഭക്തജനങ്ങൾ ചേർന്ന് ക്ഷേത്രപുനരുദ്ധാരണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഇതേ സമയത്ത് തന്നെ ക്ഷേത്ര സ്ഥലം സന്ദർശിച്ച കേളപ്പജി 1968 ഒക്ടോബറിൽ നവരാത്രിക്കാലത്ത് ഭജന നടത്താൻ നിർദ്ദേശിച്ചു. ഒക്ടോബർ 30 ന് ഭജനക്കായി ക്ഷേത്ര സ്ഥലത്ത് പ്രവേശിച്ചു. എന്നാൽ ഇവരെ തടയാൻ മുസ്ലീംങ്ങൾ സംഘടിച്ചെത്തി. പോലീസ് സംഭവ സ്ഥലത്തെത്തി കലക്ടറുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാവൂ എന്ന് നിർദ്ദേശിച്ചു. എന്നാൽ ക്ഷേത്രാരാധന നടത്താൻ ആരുടേയും അനുമതിയുടെ ആവശ്യമില്ലെന്ന് ക്ഷേത്ര സമിതി പ്രവർത്തകർ പറഞ്ഞു. എന്നാൽ സമീപത്ത് മുമ്പ് വിഷവൈദ്യശാലയായിരുന്ന സ്ഥലം നിസ്കാര പള്ളിയായി മാറിയിരുന്നു. അവിടത്തെ ആരാധനക്ക് തടസ്സം നേരിടുമെന്ന് മുസ്ലീംങ്ങൾ പറഞ്ഞു. ആര് എതിർത്താലും ഭജന നടത്തുമെന്ന് കേളപ്പജി അറിയിച്ചു. ടി.എൻ ഭരതൻ, സി.പി ജനാർദ്ധനൻ, പി. വാസുദേവൻ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തിന്റെ സാംഘിക് നടന്നു. അന്ന് സന്ധ്യക്ക് ഭക്തജനങ്ങൾ പങ്കെടുത്ത ഭജന നടന്നു. ഒക്ടോബർ 31 ന് നിരോധനാജ്ഞ നിലവിൽ വന്നു. കേളപ്പജിയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനുള്ളിൽ പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാക്കാമെന്ന് അധികാരികൾ അറിയിച്ചെങ്കിലും പിന്നീട് ശിവലിംഗം സർക്കാർ ചുമതലയിൽ തുടരുമെന്ന അറിയിപ്പാണ് ഇവർക്ക് ലഭിച്ചത്.
ഇ.എം.എസ് സർക്കാർ ആരാധനക്ക് ഏർപ്പെടുത്തിയ വിലക്ക് ലംഘിക്കാൻ കേളപ്പജി തീരുമാനിച്ചു. നവംബർ 17 ന് തിരുമാന്ധാംകുന്ന് ഭഗവതിയെ തൊഴുത് പുറത്തിറങ്ങിയ കേളപ്പജിയോടൊപ്പം ആയിരക്കണക്കിന് ഭക്ത ജനങ്ങളും അണിനിരന്നു. മറുവശത്ത് സായുധരായ പോലീസ് സംഘം ക്ഷേത്ര ഭൂമിയെ വലയം ചെയ്തു. കേളപ്പജിയേയും സമരത്തിന് നേതൃത്വം നൽകിയവരേയും പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യയോടെ വിട്ടയച്ചു. പിറ്റേ ദിവസവും കേളപ്പജിയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ചു തലേദിവസത്തേതു പോലെ സന്ധ്യയോടെ വിട്ടയച്ചു. അന്ന് രാത്രി ടി.ബി യിൽ വച്ച് മുഖ്യമന്ത്രി ഇ എം എസ് കേളപ്പജിയോട് സമരത്തിൽ നിന്ന് പിന്തിരിയാനാവശ്യപ്പെട്ടു. തിരിച്ച് നിരോധനാജ്ഞ നീക്കുവാൻ കേളപ്പജി ആവശ്യപ്പെട്ടു. സർക്കാരിന്റെ ധിക്കാരപരമായ നിലപാടിനെതിരെ മൂന്നാം ദിവസത്തെ സമരം ശക്തമാക്കാൻ ഭക്ത ജനങ്ങൾ തീരുമാനിച്ചു. യശോദ മാധവന്റെ നേതൃത്വത്തിൽ 20 സ്ത്രീകൾ സത്യഗ്രഹത്തിന് തയ്യാറായി. നാലാം ദിവസം അറസ്റ്റിന് വഴങ്ങാതിരുന്ന സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
നവംബർ 21 ന് ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി വകുപ്പ് മന്ത്രി ഇമ്പിച്ചിബാവ പ്രഖ്യാപിച്ചു. പുരാവസ്തു ഡയറക്ടർ സംഭവ സ്ഥലം സന്ദർശിച്ച് ശിവലിംഗം മതിൽ കെട്ടി അടക്കാൻ തീരുമാനിച്ചത് സമരക്കാരെ പ്രകോപിപ്പിച്ചു. സർക്കാർ ഭൂമിയിലുള്ള ക്ഷേത്രത്തിൽ ആരാധന നടത്താൻ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി നിലപാടെടുത്തപ്പോൾ പള്ളി സ്വകാര്യ ഭൂമിയിലാണെന്ന ന്യായം കൊണ്ട് ആരാധന അനുവദിച്ചു. നവംബർ 20 ന് സമരം സംസ്ഥാന വ്യാപകമാക്കാൻ തീരുമാനമായി. മറ്റ് സ്ഥലങ്ങളിൽ നിന്നും സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കാൻ ആളുകളെത്തി. നവംബർ 23 ന് കേളപ്പജി ഉപവാസമാരംഭിച്ചു.  നവംബർ 24 ന് ശിവലിംഗത്തിനു ചുറ്റുമുള്ള മതിൽ പൂർത്തിയായി. മുകളിൽ വാർക്കാനായി സിമന്റും കമ്പിയും കൊണ്ടു വന്ന ലോറി സമരക്കാർ തടയുകയും കാറ്റൊഴിച്ച് വിടുകയും ചെയ്തു. വൈകുന്നേരത്തോടെ ലീലാ ദാമോദരന്റേയും യശോദ മാധവന്റേയും നേതൃത്വത്തിൽ അമ്മമാർ ക്ഷേത്രത്തിലേക്ക് നീങ്ങി. ക്ഷേത്രത്തിൽ കയറി ഭജനയാരംഭിച്ചു. ശിവലിംഗത്തിനു ചുറ്റും കെട്ടിയ മതിൽ നിലംപൊത്തി. പോലീസ് അമ്പരന്നു നിന്നു. സമരക്കാർ പെരിന്തൽമണ്ണ വരെ ആഹ്ലാദ പ്രകടനം നടത്തി. നവംബർ 25 ആരാധനാ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു. ആബാലവൃദ്ധം ജനങ്ങൾ ആരാധനയിൽ പങ്കെടുക്കാനായി അങ്ങാടിപ്പുറത്തേക്കൊഴുകി എത്തി. നിരോധനാജ്ഞ ലംഘിച്ചതിനും മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിനും സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണ മുൻസിഫ് കോടതിയിൽ നിന്നും നിരോധനം നീക്കി കൊണ്ടും ഭക്ത ജനങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടുമുള്ള ചരിത്ര പ്രസിദ്ധമായ വിധി പുറത്ത് വന്നു. ഉപവാസമവസാനിപ്പിച്ച കേളപ്പജിയെ ആഹ്ലാദാരവങ്ങളോടെ ഭക്തർ ആഘോഷപൂർവ്വം ആനയിച്ചു.

ആധുനിക കേരളചരിത്രത്തിലെ ഒരു നാഴിക കല്ലാണ് കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന തളി ക്ഷേത്ര സമരം. ഭാരതത്തിൽ ഹൈന്ദവ സ്വാഭിമാന മുന്നേറ്റത്തിനായി നടന്ന ബഹുജന പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഒരു പക്ഷെ ഏറ്റവും ആദ്യം പ്രതിപാദിക്കേണ്ട സമരം. ഇതിനെ തുടർന്ന് കേളപ്പജിയുടേയും മാധവ്ജിയുടേയും പരിശ്രമഫലമായി രൂപം കൊണ്ട ക്ഷേത്ര സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ കേരളത്തിലുടനീളം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യപ്പെട്ടു.
തളി ക്ഷേത്ര ആരാധനാ സ്വാതന്ത്ര്യത്തിന്റെ അമ്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും ക്ഷേത്രങ്ങൾക്കും ഹൈന്ദവ വിശ്വാസങ്ങൾക്കും എതിരായ കമ്മ്യൂണിസ്റ്റ് ജിഹാദി കൂട്ടുകെട്ട് ശക്തമാണ്. വരുമാനമുള്ള ക്ഷേത്രങ്ങളെല്ലാം പിടിച്ചടക്കുന്ന ദേവസ്വം ബോർഡിന്റേയും വിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഇടതു സർക്കാരിന്റേയും ഹൈന്ദവ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരമുഖങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. അതിന് തളിക്ഷേത്ര സമരവിജയത്തിന്റെ സ്മരണകൾ ഊർജ്ജം പകരട്ടെ

No comments:

Post a Comment