വിദ്വത്വം , തപസ് , ലോകസംഗ്രഹ കർമ്മം ഇപ്പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശോഭിച്ചവരാണ് മഹാപുരുഷൻമാർ ..
അസാമാന്യമായ ധിഷണാശക്തി കൊണ്ടും അറിവുകൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച തത്വചിന്തകൻമാരുണ്ട് . എന്നാൽ ബൗദ്ധിക തലത്തിൽ അറിവിനെ പ്രകടമാക്കി എന്നതിനപ്പുറം തീക്ഷ്ണമായ തപസ്സോ ലോകസംഗ്രഹ പ്രവർത്തനങ്ങളോ പ്രായേണ അവരിൽ കാണാൻ കഴിയില്ല..
സർവ്വസംഗ പരിത്യാഗികളായ തപസ്വികളായ മഹാപുരുഷൻമാരെയും കാണാം . എന്നാൽ മഹിമയേറിയ ജ്ഞാനത്തെ ഗ്രന്ഥനിബദ്ധമാക്കി ലോകോപകാരാർത്ഥം പകർന്നു കൊടുക്കാൻ ഉള്ള കർമ്മം അവരിൽ നിന്ന് ഉണ്ടായിട്ടുണ്ടാവില്ല..
ഇനി വലിയ ജനോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ മഹാപുരുഷൻമാരെയും കാണാം . എന്നാൽ അറിവിന്റെയും തപസ്സിന്റെയും മേഖലകളിൽ അവർ അധികം സഞ്ചരിച്ചിട്ടുണ്ടാവില്ല .
എന്നാൽ വിദ്വത്വവും തപസ്സും ലോകസംഗ്രഹകർമ്മവും ഒരുപോലെ ഒരു മഹാപുരുഷനിൽ സമന്വയിച്ചിട്ടുണ്ടെങ്കിൽ അത് നൂറ്റാണ്ടുകൾക്കിപ്പുറം ഗുരുദേവനിൽ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ .
കൃതികളിലൂടെ അവിടുന്ന് നമുക്ക് പകർന്ന് നൽകിയ ദാർശനിക വാങ്ങ്മയം അവിടുത്തെ വിദ്വത്വത്തിന്റെ ഉത്തമനിദർശനമാണ് .
അവധൂതകാലഘട്ടവും മരുത്വാമല തുടങ്ങിയ സ്ഥലങ്ങളിലെ ഏകാന്ത ജീവിതവും അവിടുത്തെ തപോവൃത്തിയുടെ കാഠിന്യത്തെ വെളിവാക്കി തരുന്നു .
ചാതുർവർണ്യത്തെ സൈദ്ധാന്തികമായി ഖണ്ഡിച്ച് അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് അറിവിനെ പ്രവഹിപ്പിച്ച് അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിനോളം വലിയ ലോകസംഗ്രഹ കർമ്മം ഇതിന് മുൻപ് ആരും തന്നെ ചെയ്തിട്ടില്ല .
അതിനാൽ മഹാജ്ഞാനി , മഹാതപസ്വി , ലോകസംഗ്രഹകാരൻ ഇവ മൂന്നും സമന്വയിച്ച ഒരു മഹാപുരുഷൻ ആധുനിക ഭാരതത്തിൽ ഗുരുദേവ തൃപ്പാദങ്ങളെയല്ലാതെ മറ്റാരെയും നമുക്ക് കാണാൻ സാധിക്കില്ല ..
( സ്വാമി പ്രബോധ തീർത്ഥ )
No comments:
Post a Comment