@ ഇട്ട വൈദ്യുതി തൂണുകൾ പിഴുത് മാറ്റേണ്ടിയും ഓടകൾ പൊളിച്ചും ജലവിതരണക്കുഴലുകൾ മാറ്റി സ്ഥാപിക്കേണ്ടിയും വരുന്നു.
@ നാല് വരി പാതയും സർവീസ് റോഡും കഴിഞ്ഞ് പ്പൈപ്പിടാനും പോസ്റ്റിടാനും പലയിടത്തും സ്ഥലമില്ല
@ വകുപ്പുകളുടെ സംയുക്ത യോഗം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തരമായി കൂടണമെന്നാവശ്യം
ചാത്തന്നൂർ : വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് കാരണം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളുടെ താളം തെറ്റുന്നു. സർവ്വീസ് റോഡും, ജലവിതരണത്തിനാവശ്യമായ കുഴലുകൾ സ്ഥാപിക്കുന്നതും, വൈദ്യുതി വിതരണത്തിനുള്ള ലൈനുകൾ സ്ഥാപിക്കുന്നതും ദേശീയ പാതയോരത്തെ ഓട നിർമ്മാണവും, സർവ്വീസ് റോഡിൻ്റെ നിർമ്മാണവുമാണ് തുടങ്ങിയിട്ടുള്ളത്. എന്നാൽ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെ ഏകോപനമില്ലാത്തത് കാരണം പലയിടത്തും സ്ഥാപിച്ച വൈദ്യുതി തൂണുകൾ പിഴുതു മാറ്റേണ്ടിയും, ഓടകൾ പൊളിച്ചുമാറ്റേണ്ടിയും ഇട്ട പൈപ്പുലൈനുകൾ പലയിടത്തും പൊട്ടിപൊളിഞ്ഞുപോകുകയും ചെയ്യുന്നതും പതിവാകുന്നു. നാട്ടുകാർ നിർമ്മാണ പ്രവൃത്തികളുടെ ഗുരുതരാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഉത്തരവാദപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു സർവ്വീസ് റോഡ് നിർമ്മാണത്തിൻ്റെ മറവിൽ നടക്കുന്ന മണ്ണ് കടത്തും നിർബാധം തുടരുന്നു.ഓരോ ദിവസവും ആയിരകണക്കിന് ലോഡ് മണ്ണ് കടത്തുമ്പോൾ മറുസൈഡിൽ മണ്ണ് വിലകൊടുത്തു വാങ്ങുകയാണ് കമ്പനി അധികൃതർ.
ജില്ലയുടെ അതിർത്തിയായ കടമ്പാട്ട്കോണം മുതൽ കാവനാട് വരെയുള്ള റീച്ചിലെ പ്രവൃത്തികൾ ശിവാലയ കൺസ്ട്രക്ഷനാണ് കരാറെടുത്തിട്ടുള്ളത്.ഇവർ ജലവിതരണത്തിനാവശ്യമായ പൈപ്പ് ലൈനുകൾ ഇടുന്നതിനും അനുബന്ധ പ്രവൃത്തികളും, വൈദ്യുതി വിതരണത്തിനുള്ള ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപാക്കുന്നതിനും മറ്റ് പ്രവൃത്തികളും കറണ്ട് ഇൻഫ്രാ പ്രോജക്ടിനാണ് ഉപകരാർ നൽകിയിട്ടുള്ളത്.ചാത്തന്നൂർ ശീമാട്ടി മുക്കിനടുത്ത് കുരിശുംമൂട്ടിൽ നിന്നും സർവീസ് റോഡിൻ്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. നാലുവരിപാതയും സർവ്വീസ് റോഡും ഓട നിർമ്മാണവും കഴിഞ്ഞാൽ പലയിടത്തും പൈപ്പ് ലൈനുകൾ ഇടുന്നതിനും വൈദ്യുതി തൂണുകൾ ഇട്ട് കമ്പി വലിക്കുന്നതിനും ആവശ്യമായ സ്ഥലമില്ല എന്നതാണവസ്ഥ. ഇത് സുഗമമായ ജലവിതരണത്തിനെ ഭാവിയിൽ ഗുരുതരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ശീമാട്ടി മുക്കിനടുത്ത് കുരിശുംമൂട്ടിൽ പൈപ്പിടുനതിന് വേണ്ടി പുതുതായി ഇട്ട നിരവധി വൈദ്യുതി തൂണുകൾ പിഴുത് മാറ്റേണ്ടി വന്നു. തൂണുകൾ പിഴുത് മാറ്റി പൈപ്പുകൾ ഇട്ടതോടെ പിന്നീടുള്ള ഓട നിർമ്മാണം പൈപ്പുകൾക്ക് മുകളിലൂടെയായി.ഇതോടെ ഇട്ട് പോയ പല പൈപ്പുകളും പൊട്ടി നശിക്കുകയും ചെയ്തു. ഓടയുടെ കോൺക്രീറ്റ് പൂർത്തിയായ ഇടങ്ങളിലാകട്ടെ പൈപ്പിടാനും സ്ഥലമില്ല. വൈദ്യുതി തൂണുകൾ വലിക്കുന്നതും പ്രതിസന്ധിയിലാണ്. സ്ഥലമെടുപ്പ് കഴിഞ്ഞതോടെ പല വീടുകളും സ്ഥാപനങ്ങളും റോഡിനോട് ചേർന്നു നിൽക്കുന്നതാണവസ്ഥ.നിലവിൽ പുതിയ ഓട നിർമ്മിച്ചിട്ടുള്ളതാകട്ടെ ഇതിൻ്റെയൊക്കെ ചുവരോട് ചേർന്നാണ്. ഇവിടങ്ങളിൽ പോസ്റ്റിട്ട് വൈദ്യുതി ലൈൻ വലിക്കുന്നത് ഏറെ അപകടങ്ങൾക്കിടയാക്കും. പല വീടുകളോടും സ്ഥാപനങ്ങളോടും ചേർന്ന് വൈദ്യുതി ലൈൻ വലിക്കേണ്ടി വരുന്നത് വ്യക്തമായ രൂപകല്പന ഇല്ലാത്തത് കൊണ്ടാണന്ന് ഈ രംഗവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു.നിർമ്മാണ പ്രവൃത്തികൾ ഗുരുതരമായ പ്രതിസന്ധിയിലായിട്ടും പരിഹാര നടപടികളൊന്നുമില്ല. അടിയന്തരമായി വകുപ്പുതല സംയുക്ത യോഗം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കൂടി ചേർന്ന് പ്രവൃത്തികൾക്ക് രൂപം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment