ബെല്ലും ബ്രേക്കുമില്ലാതെ വാഹനങ്ങൾ
@ വാഹനനിയമങ്ങൾ കാറ്റിൽപറക്കുന്നു,നോക്കുക്കുത്തികളായി അധികൃതർ
കൊല്ലം : നിയമങ്ങൾ കാറ്റിൽ പറത്തി നഗരത്തിൽ വാഹനങ്ങൾ ചീറിപ്പായുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ കണ്ണടയ്ക്കുന്നു. ടിപ്പർ ലോറികളും,
സ്വകാര്യ ബസുകളും ഇരുചക്ര വാഹനങ്ങളുമാണു നിയമലംഘനത്തിൽ മുന്നിൽ.സ്വകാര്യ ബസുകളിൽ പലതും അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. ബസുകൾ തമ്മിലുള്ള തർക്കങ്ങൾ ജീവനക്കാർ ഏറ്റെടുത്ത് അടിയിൽ കലാശിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ഭീഷണിയായി കഴിഞ്ഞ ദിവസം കുണ്ടറയിൽ ബസ് കൊണ്ട് പിറകിൽ കിടന്ന ബസിൽ ഇടിക്കുന്ന സംഭവങ്ങൾ ഉണ്ടായതൊടെ പ്രൈവറ്റ് ബസിൽ ജനങ്ങൾ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം പരവൂർ - ചാത്തന്നൂർ റോഡിൽ
മത്സരയോട്ടത്തിൽ അമിത വേഗത്തിൽ
സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർക്കു പരിക്കേല്ക്കാതിരുന്നത് ഭാഗ്യമൊന്നു കൊണ്ടു മാത്രമാണ്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിഴ കിട്ടാവുന്ന കുറ്റമാണെങ്കിലും ഇതൊന്നും ബാധകമാകാത്ത രീതിയിൽ ബസ് ഓടിക്കുമ്പോഴും മൊബൈൽ കാതോട് ചേർക്കുന്ന ഡ്രൈവർമാരെ സ്വകാര്യ ബസുകളിൽ കാണാം.സകല നിയമവും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് ടിപ്പർ ലോറികൾ സഞ്ചരിക്കുന്നത്. നിയമപ്രകാരം സാധനങ്ങൾ കൊണ്ട് പോകുന്ന ടിപ്പർ ലോറികൾ ചുരുക്കമാണ് എന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടി കാണിക്കുന്നു. ഇരുചക്ര വാഹനക്കാരാണ് നിയമങ്ങൾ കൂടുതലായി ലംഘിക്കുന്നത്. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ അംഗീകരിച്ചിരിക്കുന്ന രൂപ ഘടനയിൽ കൂട്ടിച്ചേർക്കലുകളോ മാറ്റം വരുത്തലുകളോ നടത്താൻ പാടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ചട്ടം. ഇത്തരത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും നിയമമുണ്ട്.
വാഹനത്തിന്റെ നിറം മോട്ടോർ വാഹന വകുപ്പ് അനുമതിയോടുകൂടി മാറ്റാമെന്നതൊഴികെ യാതൊരു മാറ്റവും വാഹനത്തിന്റെ രൂപ ഘടനയിൽ നടത്താൻ പാടില്ലെന്നാണ് ചട്ടമെന്നിരിക്കെ ന്യൂ ജനറേഷൻ ചെറുപ്പക്കാർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കു ഇതൊന്നും ബാധകമല്ലാത്ത സ്ഥിതിയാണ്. വാഹനം വാങ്ങുമ്പോൾ ഉണ്ടായിരിക്കുന്ന സൈലൻസർ ഇളക്കി മാറ്റി പുതുതായി ഘടിപ്പിക്കുന്ന സൈലൻസർ മറ്റു യാത്രക്കാർക്ക് അരോചകവും ശബ്ദമലിനീകരണം ഉണ്ടാക്കുന്നതുമാണ്. ഗിയർ ഇല്ലാത്ത വാഹനങ്ങളുടെ സൈലൻസറുകളും ഇത്തരത്തിൽ മാറ്റുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്നതിനുമുമ്പും വൈകുന്നേരങ്ങളിൽ സ്കൂൾ സമയം അവസാനിക്കുമ്പോഴും ഇത്തരം വാഹനങ്ങളിൽ മൂന്നുപേർ നഗരത്തിലെ തിരക്കേറിയ വഴികളിലൂടെ അമിത വേഗതയിൽ പായുന്നത് നിയമപാലകരുടെ ശ്രദ്ധയിൽപ്പെട്ടാലും പിടികൂടാൻ കഴിയാറില്ല.
ലൈസൻസില്ലാത്ത വിദ്യാർത്ഥികൾ പലപ്പോഴും സ്കൂൾ യൂണിഫോമുകളിൽ തന്നെയാണ് ഇരുചക്രവാഹനങ്ങൾ ഓടിച്ചുപോന്നത്. പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലായി നിയമലംഘനം നടത്തുന്നത്.രൂപഘടനയിൽ മാറ്റം വരുത്തിയ വാഹനം പിടികൂടിയാൽ 500 മുതൽ 5000 രൂപ വരെ പിഴയീടാക്കാൻ നിയമമുള്ളപ്പോഴാണ് ഇത്തരം വാഹനങ്ങളുടെ നിർബാധ സഞ്ചാരം. നിരോധിത എയർ ഹോണുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രവണതയും നഗരത്തിൽ സമീപകാലത്തായി വർദ്ധിച്ചിട്ടുണ്ട്. ഹോൺ നിരോധിത മേഖലകളിൽ പോലും ഇത്തരം ഹോണുകൾ പ്രവർത്തിപ്പിച്ച് ശബ്ദമലിനീകരണമുണ്ടാക്കുകയും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് ചിലരുടെ ഹോബിയാണെന്നും ആക്ഷേപമുണ്ട്.
@ പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുന്ന
യാത്രക്കാരുടെ സുരക്ഷിതത്വം ചോദ്യചിഹ്നമാകുന്നു.
ജില്ലയിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും അമിത വേഗതയും റോഡിലെ അപകടസാധ്യത മേഖലകളും വലിയ പ്രശ്നമുയർത്തുന്നുണ്ട്. ജില്ലയിൽ പ്രൈവറ്റ് ബസുകളുടെ സമയപ്രശ്നത്തിൽ
ഒട്ടേറെ സംഘർഷങ്ങളുണ്ടായിട്ടും കൃത്യമായ പരിശോധനയോ നടപടികളോ ഉണ്ടാകുന്നുമില്ല. നിറയെ യാത്രക്കാരുമായി കുതിച്ചു പായുമ്പോൾ അപകട സാധ്യതകളും നിരവധിയുണ്ട്. സമയം തികയ്ക്കാനായി അമിതവേഗത്തിലുള്ള ഓട്ടം. ശരിയായ പരിശീലനം പോലും ലഭിക്കാത്ത ഡ്രൈവർമാരാണ് ബസ് നിറയെ
യാത്രക്കാരുമായി കുതിച്ചു പായുന്നത്. സ്വകാര്യ ബസുകളാണ് ഇക്കാര്യത്തിൽ മുൻ പന്തിയിൽ,
@ ഉറക്കം ലഭിക്കാത്ത ഡ്രൈവർമാരും അമിത ഭാരവുമായും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
കണ്ടൈനറുകളടക്കം നിരവധി ലോറികളും ദേശിയ പാതയിൽ നിറയും. നിരവധി ദുരന്തങ്ങളുണ്ടായിട്ടും നിയമലംഘനങ്ങൾക്ക് തടയിടാനോ, സുരക്ഷ ഉറപ്പാക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും ആത്മാർഥമായ ശ്രമമില്ലെന്നതാണ് സത്യം.
പരിശോധനയുണ്ടായാൽ കൈകൂലി നൽകി പിന്നീട് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് നിയമലംഘങ്ങൾ നടത്തുന്നത്
അപകട സാധ്യത ഏറിയ മേഖലകളിലും ലോറികളും ബസുകളും അമിത വേഗത്തിൽ കുതിച്ചു പായുന്നതും സ്ഥിരം കാഴ്ചയാണ്. ഇതിനൊപ്പം അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകളും, റോഡിന്റെ മോശം അവസ്ഥയും പ്രശ്നങ്ങളായി ഡ്രൈവർമാരും ഉയർത്തിക്കാട്ടുന്നുണ്ട്. ജീവനുകളുമായി പായുന്ന നിരത്തിൽ ഇനിയും കുരിതികളുണ്ടാകാതിരിക്കാൻ അധികാരികളുടെ അടിയന്തര ഇടപെടലും സുരക്ഷ മുൻകരുതലുകളും അത്യാവശ്യമാണ്.
No comments:
Post a Comment