Thursday, 17 November 2022

അനധികൃതമായി വില്പന നടത്തിയ പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു

അനധികൃതമായി വില്പന നടത്തിയ 
പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു
ചാത്തന്നൂർ : അനധികൃതമായി വിതരണം നടത്തി കൊണ്ടിരുന്ന പാചക വാതക സിലിണ്ടറുകൾ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാറും സംഘവും പിടിച്ചെടുത്തു. 93 സിലിണ്ടറുകളും ഇതു കയറ്റി വന്ന വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കല്ലുവാതുക്കൽ ജംഗ്ഷന് സമീപം നടയ്ക്കൽ റോഡിൽ ഇന്നലെ പകൽ പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 50 സിലിണ്ടറുകളും ടോട്ടൽ എന്ന സ്വകാര്യ കമ്പിനിയുടെ 43 സിലിണ്ടറുകളുമാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്ന മുഖത്തല കിഴവൂർ സ്വദേശി സജാദ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. ജില്ലാ സപ്ലൈ ഓഫീസറുടെ നിർദേശപ്രകാരം മഹസ്സർ തയാറാക്കിയ ശേഷം വാഹനം പാരിപ്പള്ളി പോലീസിന് കൈമാറി. സിലിണ്ടറുകൾ  ഐ ഒ സി ഏജന്റിന്റെ ശ്രീരാമപുരത്തെ ഗോഡൗണിലേയ്ക്ക് മാറ്റി. അനധികൃതമായി പാചക വാതക സിലിണ്ടറുകൾ വിതരണം നടന്നു വരുന്നുണ്ടെന്ന് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിലിണ്ടറുകൾ പിടികൂടിയത്. വാഹനത്തിൽ നിന്നും വ്യാജ ബില്ലുകളും കണ്ടെടുത്തു. കൊട്ടിയത്തേയും അഞ്ചലിലേയും സ്വകാര്യ ഗ്യാസ് ഏജൻസികളുടെ പേരിലുള്ളതാണ് ബില്ലുകൾ. ബില്ലിൽ ജി എസ് ടി രേഖപ്പെടുത്തിയിട്ടില്ല. അംഗീകൃത ഗ്യാസ് ഏജൻസികളുടെ വിതരണ വിലയിൽ നിന്നും മുന്നൂറോളം രൂപ കുറച്ചാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, കോരാണി, ചിറയിൻകീഴ്, കല്ലമ്പലം പ്രദേശങ്ങളിൽ വിതരണം ചെയ്യാനാണ് സിലിണ്ടറുകൾ കൊണ്ടുപോയത്. ഏജൻസിയുടെ വിതരണ മേഖലയ്ക്ക് പുറത്ത് വിതരണം ചെയ്യുന്നതും ഒന്നിലധികം കമ്പിനികളുടെ സിലിണ്ടറുകൾ ഒന്നിച്ചു കൊണ്ടുപോകുന്നതും പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധമാണ്. ഒപ്പം അനധികൃത ബില്ലുകളും അനധികൃത വിതരണവും. കസ്റ്റഡിയിലെടുത്ത സജാദിനെ കോടതിയിൽ ഹാജരാക്കും.
താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്. പ്രശാന്ത്, ആർ രഞ്ജു ജേക്കബ്, രജനി ദേവി.എസ്. ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തത്.
 

No comments:

Post a Comment