കേരള - സ്റ്റോറുകൾ സജ്ജം ഉത്ഘാടനം വൈകുന്നു
കൊല്ലം : കേരള -സ്റ്റോറുകൾ ജില്ലയിൽ സജ്ജമായി ഉത്ഘാടനം വൈകുന്നു. ഗ്രാമങ്ങളിലെ പഴയ റേഷൻ കടകളുടെ മുഖച്ഛായ അടിമുടി മാറ്റി സ്മാർട്ടാക്കുന്ന കേരള സ്റ്റോറുകൾ അഥവാ കെ സ്റ്റോറുകൾ ജില്ലയിൽ സജ്ജമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഉത്ഘാടനം വൈകുകയാണ് എന്ന് റേഷൻവ്യാപരികൾ ആരോപിക്കുന്നു.ജില്ലയിൽ 7റേഷൻകടകളാണ് രൂപമാറ്റം വരുത്തി കെ സ്റ്റോർ ആക്കി മാറ്റുന്നത്. എല്ലാ താലൂക്കിലും ഒരോന്ന് വീതമാണെങ്കിലും കൊട്ടാരക്കരയിൽ 2 എണ്ണമാണ് ഉള്ളത്. റേഷൻ കടകളെ കൂടുതലായി ആശ്രയിക്കുന്ന സാധാരണക്കാർക്കെല്ലാം സന്തോഷം പകരുന്ന പുതിയ പദ്ധതിയാണ്. റേഷൻകടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിങ്, യൂട്ടിലിറ്റി പേയ്മെന്റ്, ചോട്ടുഗ്യാസ് വിതരണം, മിൽമ ഉത്പന്നങ്ങൾ, സബ്സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ള ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിലാക്കി കെ - സ്റ്റോറിലൂടെ ജനങ്ങളിലെത്തും. എന്നാൽ സൗകര്യങ്ങൾ കുറഞ്ഞ നമ്മുടെ നാട്ടിലെ റേഷൻ കടകൾക്ക് ഇപ്പറയുന്ന വിധത്തിലെല്ലാം സ്മാർട്ട് ആകാൻ കഴിയുമോ എന്നതാണ് അറിയേണ്ടത്.
റേഷൻ കടകളുടെ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. അരിയും ഗോതമ്പും മണ്ണെണ്ണയും വയ്ക്കാൻ തന്നെ മിക്ക റേഷൻ കടകളിലും സ്ഥലമില്ല. ഓരോ മാസത്തേക്കുമുള്ള അരി എത്തിയാൽ കട തിങ്ങിനിറയും. പിന്നെ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ട അരിച്ചാക്കുകൾ മാത്രം കാണാം. കട ഉടമയ്ക്കും സഹായിക്കും അതിനുള്ളിലൂടെ കഷ്ടിച്ച് നടക്കാനുള്ള സ്ഥലം കിട്ടിയാൽ മഹാഭാഗ്യം. അപ്പോൾ പിന്നെ ഇപ്പറയുന്ന നിത്യോപയോഗ സാധനങ്ങളും ഗ്യാസും പാലുമെല്ലാം എവിടെ കൊണ്ടുവയ്ക്കും എന്നാണ് വ്യാപാരികളുടെ ചോദ്യം.
അരി ഒഴികെയുള്ള മാവേലി സാധനങ്ങളെല്ലാം പാക്ക് ചെയ്താണ് സിവിൽ സപ്ലൈസ് അതാത് റേഷൻ കടകളിലേക്ക് എത്തിക്കുക. അതിനാൽ അവയൊന്നും മൊത്തത്തിൽ സ്റ്റോക്ക് ചെയ്യാൻ റേഷൻ കടയിൽ സ്ഥലം കണ്ടെത്തേണ്ട. സാധനങ്ങൾ പാക്കറ്റിലാക്കേണ്ട പണിയും ഉടമകൾക്കില്ല. 300 ചതുരശ്രയടിയിൽ കൂടുതലുള്ള കടകളിലാണ് നിലവിൽ കെ-സ്റ്റോർ അനുവദിക്കുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ജില്ലയിലെ റേഷൻ കടകളിൽ അത്രയും സ്ഥലസൗകര്യമുള്ള റേഷൻ കടകൾ വളരെ ചുരുക്കമാണെന്നതാണ് സത്യം. അങ്ങനെയെങ്കിൽ കെ-സ്റ്റോറിനായി റേഷൻ കടയുടമ തൊട്ടടുത്തുള്ള കടമുറി കൂടി കൂട്ടിയെടുക്കുകയോ അല്ലെങ്കിൽ മതിയായ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് റേഷൻ കട മാറ്റുകയോ ചെയ്യേണ്ടി വരും.
@ റേഷൻകട കെ -സ്റ്റോർ ആക്കാൻ സാമ്പത്തികം
കെ സ്റ്റോർ
നിലവിലെ റേഷൻ കടകൾ പുതിയ ബോർഡുംവച്ച് നിന്നനിൽപ്പിന് കെ-സ്റ്റോർ ആയി മാറില്ല. ആദ്യം കട അടിമുടി സ്മാർട്ടാകണം. പാൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ റഫ്രിജറേറ്റർ, ചോട്ടു ഗ്യാസ് സൂക്ഷിക്കാൻ പ്രത്യേക ഇടം, അരിയും പഞ്ചസാരയും ഗോതമ്പിനും പുറമേ 13 ഇന സബ്സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ വയ്ക്കാൻ പ്രത്യേക ഷെൽഫ് എന്നിവയെല്ലാം പുതുതായി ഒരുക്കണം. കടയുടെ വലിപ്പം കൂട്ടുന്നതിനൊപ്പം രൂപത്തിലും കട കൂടുതൽ വൃത്തിയാകണം. പദ്ധതിയുടെ ഭാഗമായി കടകൾ വിപുലപ്പെടുത്താൻ അഞ്ച് ശതമാനം പലിശനിരക്കിൽ രണ്ട് ലക്ഷം രൂപ വായ്പ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പഴയ കട സ്മാർട്ടാക്കാൻ പലർക്കും ആ തുക മതിയാകുമോയെന്നതും ചോദ്യമാണ്. ഇനി ചെലവ് അൽപം കുറച്ച് കാര്യങ്ങളെല്ലാം തീർക്കാമെന്ന് വച്ചാൽ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് ബാങ്കിൽനിന്ന് ലോൺ കിട്ടിവരുമ്പോഴേക്കും ഒരുസമയമാകും. കെ-സ്റ്റോറിന് അപേക്ഷിച്ച ലൈസൻസികൾക്ക് പെട്ടെന്ന് കാര്യം നടക്കണമെങ്കിൽ സ്വന്തം കൈയിൽനിന്നുതന്നെ പണം ചെലവാക്കി കട സ്മാർട്ടാക്കേണ്ടി വരും
@ 'സ്വന്തം ഉടമസ്ഥതിയുള്ള തൊട്ടടുത്ത കടമുറികൾ കൂട്ടിചേർത്താണ് കെ-സ്റ്റോറിനായി കട വിപുലപ്പെടുത്തിയത്. ഇതിനായി ഒരുലക്ഷം രൂപയോളം ചെലവായി. ഇനിയും ഏറെ ചെലവുകളുണ്ട്. ജനങ്ങളും റേഷൻ വ്യാപാരികളും വളരെ പ്രതീക്ഷയോടെയാണ് കെ-സ്റ്റോറിനെ നോക്കികാണുന്നത്. പഴയ റേഷൻ കടകളിൽ നിന്ന് വ്യത്യസ്തമായി കെ-സ്റ്റോറിൽ കൂടുതൽ സാധനങ്ങൾ വിറ്റഴിക്കാൻ അവസരമുണ്ട്. ഇതുവഴി നിലവിൽ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ അവസ്ഥമാറി കൂടുതൽ കമ്മീഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുമാത്രമാണ് കൈയിലുള്ള പണമെല്ലാം ചെലവാക്കി കട വിപുലപ്പെടുത്തുന്നത്.
കടയുടെ പ്രവർത്തനം ശരിയായ രീതിയിൽ ആരംഭിച്ചു കഴിഞ്ഞാൽ മാത്രമേ കൃത്യമായി കാര്യങ്ങൾ എങ്ങനെയാണെന്ന് വ്യക്തമാകു. റേഷൻ വിതരണത്തിന് നിലവിലെ ഇ-പോസ് മെഷീൻ മാത്രം മതിയാവില്ല. മാവേലി സാധനങ്ങളുടെ ബില്ലിങ്ങിനായി കമ്പ്യൂട്ടറും വേണം. കടയുടെ തറയും ചുമരിന്റെ പകുതിയോളം ഭാഗവും ടൈൽ ആക്കാനും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ടൈൽ വിരിക്കാനും വലിയ തുക ചെലവായി. കെ-സ്റ്റോറിലേക്ക് മാറാനുള്ള ഒരുവിധം എല്ലാ പണികളും കടയിൽ പൂർത്തിയായതായും
@ ഇ-പോസ് മെഷീൻ പണിമുടക്കിയാൽ തീർന്നു
ബാങ്കിൽനിന്ന് 5000 രൂപ വരെ പിൻവലിക്കാവുന്ന ഇടപാടുകൾ ഇ-പോസ് മെഷീൻ വഴിയാണ് നടക്കുക. റേഷൻ വിതരണത്തിനിടെ തന്നെ പലപ്പോഴും പണിമുടക്കുന്ന ഇ-പോസ് മെഷീനിൽ ബാങ്കിങ് ഇടപാട് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. അടിക്കടി സെർവർ തകരാറിലാകുന്ന ഇ-പോസ് സംവിധാനത്തിന്റെ പ്രശ്നം പരിഹരിക്കാൻ തന്നെ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു.
മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ബാങ്ക്, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ മാത്രമേ തുടക്കത്തിൽ കെ-സ്റ്റോർ അനുവദിക്കുന്നുള്ളു. അതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ളവർ ചെറിയ പണമിടപാടിനായി ബാങ്ക് വരെ പോകുന്ന യാത്ര ഒഴിവാക്കി ഇനി റേഷൻ കടയിലേക്ക് പോയാൽ മതി. തുടരെത്തുടരെ ബ്രേക്ക് ഡൗണാകുന്ന ഇ-പോസ് മെഷീൻ ബാങ്കിങ് സേവനത്തിൽ പണി തരില്ലെന്ന് വിശ്വസിക്കുക മാത്രമേ നിവർത്തിയുള്ളു. വൈദ്യുതി, വെള്ളം, ഭൂനികുതി ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കാനുള്ള സേവനം ലൈസൻസിയുടെ ഫോൺ വഴിയും ചെയ്യാവുന്നതിനാൽ അതിൽ വലിയ പ്രയാസമുണ്ടാകില്ല. മാവേലി സാധനങ്ങളുടെ ബില്ലിങ്ങിന് പുറമേ അക്ഷയ സേവനങ്ങൾക്കും കമ്പ്യൂട്ടറിനെ തന്നെ ആശ്രയിക്കണം.
@ ഗ്രാമപ്രദേശങ്ങളിലുള്ള റേഷൻ കട ഉടമകൾക്കെല്ലാം കമ്പ്യൂട്ടർ, ഓൺലൈൻ സേവനങ്ങളിലെല്ലാം എത്രത്തോളം പരിജ്ഞാനം ഉണ്ടാകും? പുതിയ സേവനങ്ങളുടെ ഭാഗമായി രണ്ട് ജീവനക്കാരെ അധികമായി റേഷൻ കടകളിൽ ജോലിക്ക് വയ്ക്കാമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ അവർക്കുകൂടി കടയുടമ ശമ്പളം നൽകേണ്ടി വരുമെന്നതിനാൽ ഇത് സാധ്യമാകുമോയെന്നും ഉറപ്പില്ല. പഴയ റേഷൻ കടയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സാധനങ്ങൾ വിറ്റഴിക്കുന്നതിലൂടെയും അധിക സേവനം നൽകുന്നതിലൂടെയും കൂടുതൽ കമ്മീഷൻ ലഭിക്കുന്നതിനാൽ ശമ്പളത്തിന് പണം കണ്ടെത്താൻ ലൈസൻസിക്ക് സാധിക്കുമെന്നാണ് സർക്കാർ പക്ഷം. ഒരാളെയെങ്കിലും ജോലിക്ക് വച്ച് സർക്കാർ നിർദേശിച്ച ബാങ്കിങ്, അക്ഷയ സൗകര്യമെല്ലാം മുന്നോട്ടു കൊണ്ടുപോകാമെന്നാണ് കെ-സ്റ്റോർ അനുവദിച്ച് കിട്ടിയ ലൈസൻസികൾ പറയുന്നത്.
@ പോർട്ടബിലിറ്റി റേഷൻ കടകൾക്ക് ഭീഷണി
ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങുവാനുള്ള സംവിധാനമായ പോർട്ടബിലിറ്റി നിലനിൽക്കുന്നത് കൊണ്ട് മറ്റു സേവനങ്ങൾക്ക് വേണ്ടി ഇത്തരം കടയിലെത്തുന്ന ഉപഭോക്താക്കൾ മറ്റു സേവനത്തോടൊപ്പം റേഷൻ സാധനങ്ങളും ഇത്തരം കടകളിൽ നിന്ന് വാങ്ങിയേക്കം. ഇതിന്റെ ഫലമായി പതിനാലായിരം റേഷൻ കടകളിൽ സ്മാർട്ടാക്കി നവീകരിക്കുന്ന ആയിരം കടകളൊഴിച്ചു പതിമൂവായിരം കടകളുടെയും നിലനിൽപ്പ് ഭീഷണിയിലായി മറുമെന്ന് റേഷൻ വ്യാപാരികൾ ഭയപ്പെടുന്നു. റേഷൻ സാധനങ്ങളല്ലാത്ത സോപ്പ്, വാഷിങ്ങ് പൗഡർ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പല കടകളും മുൻകാലങ്ങളിൽ നിലനിന്ന് പോന്നിരുന്നത്. എന്നാൽ പുതിയ സർക്കാർ ഈ ഉത്തരവ് റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്നും. മുഴുവൻ റേഷൻ കടകളും സ്മാർട്ടാക്കി മാറ്റണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു.
@ അതേസമയം സ്മാർട്ട് റേഷൻ കട വന്നാൽ അടുത്തുള്ള റേഷൻ കടയുടെ വരുമാനം കുറയുമെന്ന വിമർശനത്തെ എതിർക്കുന്നവരുമുണ്ട്.. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമ്പോൾ ഇത്തരമൊരു പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് അവരുടെ പക്ഷം. ഗ്രാമപ്രദേശങ്ങളിലുള്ളവർ തൊട്ടടുത്തുള്ള റേഷൻ കട വിട്ട് കൂടുതൽ ദൂരത്തുള്ള സ്മാർട്ട് റേഷൻ കട തേടിപ്പോകാനുള്ള സാധ്യതയില്ലെന്നും മറിച്ചുള്ള വിമർശനങ്ങൾ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണെന്നും കെ-സ്റ്റോർ അനുമതി ലഭിച്ച റേഷൻ കട ഉടമകൾ പറയുന്നു.
@ പദ്ധതി കുറച്ച് കടകളിൽ മാത്രം ഒതുങ്ങരുത്
ആദ്യഘട്ടത്തിൽ കെ-സ്റ്റോർ അനുവദിക്കുന്നത് ഗ്രാമങ്ങളിലാണെന്ന സർക്കാർ മാനദണ്ഡം നല്ലതാണ്. എന്നാൽ റേഷൻ കട ഉടമകളുടെ രാഷ്ട്രീയം നോക്കാതെ സുതാര്യമായിട്ടാകണം എല്ലാ പ്രദേശങ്ങളിലും കെ-സ്റ്റോർ അനുവദിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലേക്കും എത്രയുംവേഗം പദ്ധതി വ്യാപിപ്പിക്കണം. അല്ലെങ്കിൽ മറ്റു റേഷൻ വ്യാപാരികളുടെ കച്ചവടം കുറയും. ഇത് റേഷൻ കടകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാക്കും
@ ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണ് ഇത്തരമൊരു പദ്ധതി സംബന്ധിച്ച തീരുമാനവും പ്രഖ്യാപനവും വന്നത്. റേഷൻ വ്യാപാരികളുമായി യാതൊരു കൂടിയാലോചനയും നടന്നിട്ടില്ല. മന്ത്രിയുടെ പ്രസ്താവനയിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. എങ്കിലും റേഷൻ കടക്കാർക്ക് ലാഭമുണ്ടാക്കാനായി തുടങ്ങുന്ന പദ്ധതിയെ എതിർക്കേണ്ട കാര്യമില്ല. ഇപ്പോഴുള്ള തുച്ഛമായ വേതനം കൊണ്ട് ഒരു കടക്കാരനും പിടിച്ചുനിൽക്കാനാകില്ല. ജീവിതമാർഗം മെച്ചപ്പെടണമെങ്കിൽ വരുമാനം വർധിക്കണം. ഇതിന് സഹായകരമാകുന്ന ഏതു നടപടികളെയും സ്വാഗതം ചെയ്യും. റേഷൻ കട സ്മാർട്ടാകുന്നത് നല്ലതാണെങ്കിലും ഇതെല്ലാം നടപ്പിലാക്കാൻ വലിയ പ്രതിസന്ധിയുണ്ടാകും
@ പാതിവഴിയിൽ ഉപേക്ഷിച്ചാൽ വലിയ നഷ്ടം
കട സ്മാർട്ടാക്കാനുള്ള പദ്ധതിക്കൊപ്പം റേഷൻ കട നടത്തുന്നവർക്ക് മാന്യമായ മിനിമം വേതനം സർക്കാർ ഉറപ്പാക്കണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നു. കമ്മീഷൻ വ്യവസ്ഥ പുതുക്കി തീരുമാനിച്ച് വ്യാപാരികളെകൂടി ഇതിനൊപ്പം സർക്കാർ സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബേബി തോമസ് പറഞ്ഞു.
സർക്കാർ പറയുന്ന വിസ്തീർണത്തിലുള്ള മുറികളും സൗകര്യങ്ങളുമൊന്നും അധിക റേഷൻ വ്യാപാരികൾക്കും ഉണ്ടാകില്ല. എങ്ങനെയാണ് സർക്കാർ കാര്യങ്ങൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. മാറി വന്ന പല സർക്കാരുകളും ഇത്തരത്തിൽ പല സ്കീമുകളും പരീക്ഷിച്ചതാണ്. എന്നാൽ അവയിൽ പലതും പാതിവഴിയിൽ ഉപേക്ഷിച്ചു. സർക്കാർ പറയുന്ന വിധത്തിൽ വലിയ മുറികളും സൗകര്യങ്ങളും ഒരുക്കാൻ വ്യാപാരികൾ ഏറെ പണം മുടക്കേണ്ടതുണ്ട്. കൈയിൽനിന്ന് പണം ചെലവിട്ട് കട പരിഷ്കരിച്ച ശേഷം ഈ പദ്ധതിയും പാതിവഴിയിൽ അവസാനിപ്പിച്ചാൽ വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാക്കും. അതിനാൽ റേഷൻ വ്യാപാരികൾക്ക് ഉപദ്രവമായി മാറാത്ത രീതിയിൽ അവരേയും കൂടി സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണമെന്നും ബ
@ എല്ലാ റേഷൻ കടക്കാർക്കും സ്വാഗതാർഹമായ പദ്ധതിയാണിത്. കെ-സ്റ്റോറിലൂടെ മിനിമം ഇ-സേവന സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ 800ലധികം റേഷൻ കടകളിൽ നിന്ന് കെ-സ്റ്റോറിനായി സമ്മതപത്രം ലഭിച്ചു. തുടക്കത്തിൽ ഓരോ ജില്ലയിലും അഞ്ചുവീതം കടകൾ സ്മാർട്ടാക്കും. താത്പര്യം അറിയിച്ച ലൈസൻസികൾക്ക് കടയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലോൺ നൽകി സർക്കാർ സഹായിക്കും. ആദ്യഘട്ടത്തിൽ വളരെ ഉൾപ്രദേശങ്ങളിലാണ് കെ-സ്റ്റോർ തുടങ്ങുന്നത്. വൈകാതെ അടുത്ത ഘട്ടവും വരും. കടകളുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
@നഗരങ്ങളിലല്ല, നാട്ടിൻപുറങ്ങളിലാണ് സ്മാർട്ട് റേഷൻ കടയുടെ പ്രയോജനം ലഭിക്കുക. നഗരങ്ങളിൽ ആയിരക്കണക്കിന് ബാങ്കും സൗകര്യവും സംവിധാനവുമെല്ലാമുണ്ട്. അതിനാൽ അവിടങ്ങളിൽ റേഷൻ കട സ്മാർട്ടാകേണ്ട വലിയ ആവശ്യമില്ല. പദ്ധതി നടപ്പിലാകുന്നതോടെ ആളുകൾ കൂട്ടത്തോടെ സ്മാർട്ട് റേഷൻ കടകളിലേക്ക് പോകും സാധാരണ റേഷൻ കടകളിൽ കച്ചവടം കുറയുമെന്നെല്ലാമുള്ള ആശങ്കയിൽ അടിസ്ഥാനമില്ല. മറ്റു റേഷൻ കടകളെ ബാധിക്കാത്ത രീതിയിലായിരിക്കും പദ്ധതി ക്രമീകരിക്കുക. റേഷൻ കട ഉടമകളുടെ എല്ലാ ആശങ്കയും സർക്കാർ പരിഹരിക്കുമെന്നും
@ പൊട്ടിപോയ ശബരി സ്റ്റോർ പാഠം
സംസ്ഥാനത്തെ റേഷൻ കടകളിൽ കുറച്ചുവർഷങ്ങൾക്ക് മുമ്പ് നടപ്പാക്കി പാതിവഴിയിൽ പരാജയപ്പെട്ട പദ്ധതിയാണ് ശബരി സ്റ്റോർ. റേഷൻ കടകൾ വഴി പലവ്യഞ്ജന സാധനങ്ങൾ വിൽക്കാനുള്ള വിപുലമായ പദ്ധതിയായിരുന്നു ഇത്. സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പല റേഷൻ കടകളും ശബരി സ്റ്റോറായി മാറി. എന്നാൽ ആ പദ്ധതിക്ക് കേവലം ഒരുവർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. തുടക്കത്തിൽ പലവ്യഞ്ജന സാധനങ്ങൾ സിവിൽ സപ്ലൈസ് കൃത്യമായി റേഷൻ കടകളിലേക്ക് എത്തിച്ചു നൽകിയെങ്കിലും പിന്നീട് പതിയെ സാധനങ്ങൾ കിട്ടാതായി. ഒരുവർഷം പിന്നിടുമ്പോഴെക്കും ശബരി സ്റ്റോറുകളെല്ലാം പൂട്ടിക്കെട്ടേണ്ടിയും വന്നു.
ഇതിനുസമാനമായി കെ-സ്റ്റോർ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുമോയെന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്. അന്ന് ശബരി സ്റ്റോർ പരാജയപ്പെട്ടതോടെ മിക്ക വ്യാപാരികളും വലിയ നഷ്ടവും സഹിച്ചു. അതിനാൽ ശബരി സ്റ്റോറിന്റെ ഗതി കെ-സ്റ്റോറിന് ഉണ്ടാകരുതെന്നാണ് വ്യാപാരികൾക്ക് പറയാനുള്ളത്. അതേസമയം പരാജയപ്പെട്ട ശബരി സ്റ്റോറിന്റെ അനുഭവവും പോരായ്മകളുമെല്ലാം ചർച്ചചെയ്തുകൊണ്ടാണ് കെ-സ്റ്റോർ പദ്ധതി തയ്യാറാക്കിയതെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറയുന്നത്.
@ 45 ക്വിന്റലിന് കമ്മീഷൻ 18,000 രൂപ
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് റേഷൻ കടകൾക്ക് വിൽപ്പന നടത്തുന്ന അളവിന് അനുസരിച്ചാണ് സർക്കാർ കമ്മീഷൻ നൽകുന്നത്. 45 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരിക്ക് 18,000 രൂപ കമ്മീഷൻ ലഭിക്കും. പിന്നീടുള്ള ഓരോ ക്വിന്റലിനും 150 രൂപവച്ചും നൽകും. ഓരോ മാസവും ശരാശരി 70-75 ക്വിന്റൽ വരെ കച്ചവടം മിക്ക റേഷൻ കടകളിലുമുണ്ടാകും. വിൽപ്പന കുറയുമ്പോൾ ലഭിക്കുന്ന കമ്മീഷനും കുറയും. കടയുടെ വാടകയും സഹായിക്കുള്ള ശമ്പളവും ഈ കമ്മീഷനിൽ നിന്ന് നൽകണം. ഇതെല്ലാം കഴിച്ചാൽ തുച്ഛമായ തുകയേ ലഭിക്കുന്നുള്ളുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. കെ-സ്റ്റോർ വന്നാൽ ഒരുപരിധി വരെ ഈ പ്രശനത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.