പരവൂർ: സൗകര്യങ്ങളേറെ ഉണ്ടായിട്ടും അവ നടപ്പാക്കാൻ സാധിക്കാതെ ധർമസങ്കടത്തിലാണ് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി. ആശുപത്രിയിൽ ജനറേറ്റർ ഉണ്ടെങ്കിലും ഫലത്തിൽ ഇല്ലെന്നാണ് ആക്ഷേപം. കറണ്ട് പോയാൽ എക്സ്റേ പോലും എടുക്കാൻ സാധിക്കാത്തത് രോഗികളെ ഏറെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററിന് എക്സ്റേ യൂണിറ്റും മറ്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുള്ള പ്രവർത്തനക്ഷമത ഇല്ല. അപകടമോ മറ്റും സംഭവിച്ച് ആശുപത്രിയിൽ എത്തുന്നവർ എക്സ്റേ എടുക്കുന്നതിനായി പരവൂരോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ട സ്ഥിതിയാണ്. മുറിവ് പറ്റി ആശുപത്രിയിൽ എത്തിക്കുന്നവരെയും കറണ്ടില്ലെങ്കിൽ മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ വേണം പരിശോധിക്കാൻ. പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഐസിയു, ഓപ്പറേഷൻ തിയറ്റർ, ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ജനറേറ്ററിൽ നിന്നും ലഭിക്കുന്നുണ്ട്. വാർഡുകളിൽ ഓരോ ലൈറ്റും ഫാനും മാത്രമാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്. 2022-23 വർഷത്തെ ബജറ്റ് നിർദേശങ്ങളിൽ താലൂക്ക് ആശുപത്രിക്ക് പുതിയ ജനറേറ്റർ സംവിധാനവും ഒപ്പം ട്രാൻസ്ഫോമറും അനുബന്ധ സൗകര്യങ്ങളും പരാമരർശിച്ചിട്ടുണ്ട്.
ആശുപത്രിയിലെ മോർച്ചറി പണിമുടക്കിയിട്ട് 6 മാസത്തോളം ആയിട്ടും അതിനും നടപടിയില്ല. നാല് ഫ്രീസറുകളാണ് മോർച്ചറിയിലുള്ളത്. നാലിനും കൂടി രണ്ട് കംപ്രസറുകളും. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചത്. ഇടിമിന്നലിൽ തകരാറിലായ ഫ്രീസറുകൾ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കണമെങ്കിൽ ഒരുലക്ഷം രൂപയോളം വേണ്ടിവരും. രണ്ട് ഫ്രീസറുകൾ പൂർണമായും പ്രവർത്തനരഹിതമാണ്. മറ്റ് രണ്ടെണ്ണം ഏതുനിമിഷവും പ്രവർത്തനരഹിതമാകാൻ സാധ്യത ഉള്ളതിനാൽ ഉപയോഗിക്കാറില്ല. പാരിപ്പള്ളി മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലുമാണ് നിലവിൽ മൃതദേഹങ്ങൾ എത്തിക്കുന്നത്.
പൂതക്കുളം, ചിറക്കര, കല്ലുവാതുക്കൽ, ചാത്തന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും പരവൂർ നഗരസഭയിൽ നിന്നും ദിനംപ്രതി ഏറെ നിർധനരായ രോഗികളാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. സൗകര്യങ്ങൾ ഏറെ ഒരുക്കാനുള്ള ചുറ്റുപാട് ഉണ്ടായിട്ടും ഇപ്പോഴും വികസനമില്ലാത്ത നിലയിലാണ് ആശുപത്രിയുടേത്. കാഷ്വൽറ്റി ഡോക്ടറുടെ സേവനവും ലഭ്യമല്ല. കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
∙∙
പൊലീസിനും ബുദ്ധിമുട്ട്
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ മോർച്ചറി പ്രവർത്തനരഹിതമായത് പൊലീസിനു ഏറെ ബുദ്ധിമുട്ടാകുന്നു. കടലിൽ നിന്നും കായലിൽ നിന്നും ലഭിക്കുന്നതും തീവണ്ടി തട്ടി മരണപ്പെടുന്ന അജ്ഞാത മൃതദേഹങ്ങളും സൂക്ഷിക്കുന്നതിന് സ്റ്റേഷൻ പരിധിയിലുള്ള നെടുങ്ങോലം താലൂക്ക് ആശുപത്രി ആയിരുന്നു ഉത്തമം. എന്നാൽ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലോ കൊല്ലത്തോ മൃതദേഹം എത്തിക്കേണ്ട സ്ഥിതിയാണ്.
∙∙
No comments:
Post a Comment