കായലിൽ ജലനിരപ്പ് ഉയർന്നു വീടുകളിൽ വെള്ളം കയറി
കൊട്ടിയം: പരവൂർ കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മയ്യനാട് മുക്കം, താന്നി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിൽ കിഴക്കൻ മേഖലയിൽ നിന്നും ഒഴുകിയെത്തിയ വെള്ളമാണ് കായലിൽ വെള്ളപ്പൊക്കത്തിനും വീടുകളിൽ വെള്ളം കയറാനും ഇടയാക്കിയത്. മുക്കം ലക്ഷമിപുരം തോപ്പിൽ സിംസൻ എന്നയാൾ ഉണക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുടെ ഉണക്ക മൽസ്യം നശിച്ചു. ജോസ്, സാമുവൽ, ജോർജ്, ജെറോം, അഗസ്റ്റിൻ, സുനിൽ, വിനോദ് എന്നിവരുടെ വീടു കളിലാണ് വെള്ളം കയറിയത്.ജെ റോമിന്റെ വീട്ടു സാധനങ്ങൾ നശിച്ചു. മയ്യനാട്ഗ്രാമ പഞ്ചായത്ത് അംഗം ലീനാ ലോറൻസ് അറിയിച്ചതനുസരിച്ച് മയ്യനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. @ പുനർനിർമാണം നടക്കുന്ന പരവൂർ പൊഴിക്കര ചീപ്പിന്റെ ഷട്ടറുകൾ അടഞ്ഞുകിടന്നതും, കായലിൽ മണ്ണു കയറി നിറഞ്ഞതും, കടലിലേക്ക് വെള്ളം ഒഴുകി പോകുകയും കയറുകയും ചെയ്യുന്ന ഭാഗത്ത് മണ്ണ് കയറി കര രൂപപ്പെട്ടതുമാണ് പരവൂർ കായലിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇത്തിക്കരയാറ്റിൽ നിന്നും വെള്ളം ക്രമാതീതമായി കായലിൽ വന്നിറങ്ങിയതും ഒരു കാരണമായി. കായലിന് അരികിലെ വീടുകളിൽ വെള്ളം കയറുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം തഹസീൽദാർ ശശിധരൻ പിളള, പരവൂർ വില്ലേജ് ഓഫീസർ ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തുകയും ഇറിഗേഷൻ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഗിരി ലാൽ, അസി.എഞ്ചിനിയർ ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊഴിക്കര ചീപ്പിന്റെ മൂന്ന് ഷട്ടറുകൾ എടുത്തു മാറ്റുകയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കായൽ വെള്ളം ചീപ്പ് വഴി കടലിലേക്ക് ഒഴുകുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യുവാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തഹസീൽദാർ ശശിധരൻ പിള്ള സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
No comments:
Post a Comment