Saturday, 2 April 2022

കേരളത്തിലെ ഒരാളുടെ പോലും സ്ഥലവും വീടും നഷ്ടപ്പെടാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അതിവേഗ റെയിൽവേ പദ്ധതി തടയാൻ പിണറായി വിജയൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണു സിൽവർലൈൻ -കുമ്മനം

കൊട്ടിയം:.കേരളത്തിലെ ഒരാളുടെ പോലും സ്ഥലവും വീടും നഷ്ടപ്പെടാതെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അതിവേഗ റെയിൽവേ പദ്ധതി തടയാൻ പിണറായി വിജയൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണു സിൽവർലൈൻ എന്നു ബിജെപി ദേശീയ നിർവഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ നയിക്കുന്ന പദയാത്രയുടെ   സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേയുടെ അനുമതിയില്ലാത്ത പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ അതിവേഗ ട്രെയിൻ പ്രഖ്യാപിച്ചപ്പോൾ സാധാരണക്കാർക്കു പ്രയോജനം ലഭിക്കില്ലെന്നു പറഞ്ഞ പാർട്ടിയാണ് സിപിഎം. കേരളത്തിൽ നിലവിലുള്ള റെയിൽവേ പാതകളിൽ നവീകരണം നടപ്പാക്കിയാൽ ആരുടെയും സ്ഥലവും വീടും നഷ്ടപ്പെടുത്താതെ അതിവേഗ ട്രെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കും.ജനങ്ങളോട് ആലോചിക്കാതെ അഭിപ്രായം തേടാതെ സമൂഹത്തിലെ ഉന്നത ശ്രേണിയുള്ളവരുമായി കൂടികാഴ്ച നടത്തുന്ന പിണറായി ജനങ്ങളാണ് വലുതെന്നു ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സമരപ്രഖ്യാപന വിളംമ്പരമാണെന്നും അദ്ദേഹം പറഞ്ഞു.പതിനായിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, വൈസ് പ്രസിഡന്റുമാരായ സി. ശിവൻകുട്ടി, പ്രൊഫ. വി.ടി.രമ,സെക്രട്ടറി രാജീപ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ ഗോപിനാഥ, എ. ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, സി. രാധാമണി, ദക്ഷിണമേഖല ഭാരവഹികളായ മാലുമേൽ സുരേഷ്, വി. എസ്.ജിതിൻദേവ് എന്നിവർ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ വി. എസ്. ജിതിൻദേവ് നന്ദിയും പറഞ്ഞു.

No comments:

Post a Comment