പുറ്റിങ്ങൽ ദുരന്തം കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പരവൂർ: പുറ്റിങ്ങൽ ദുരന്തം കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുറ്റിങ്ങൽ ദുരന്തത്തിന് ആറാണ്ട് തികയുമ്പോൾ ദുരന്തത്തിന്റെ കാരണം കണ്ടെത്തുവാനോ, ഉത്തരവാദികളായവർക്ക് എതിരെ നിയമനടപടി കൈകൊള്ളുവാനോ ദുരുന്തപ്പെട്ടവർക്ക് ആശ്വാസനിധി നൽകുവാനോ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല
പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. ദുരന്തത്തിന്റെ ഓർമ്മകൾ പൊള്ളിക്കുന്ന ഇ മീനമാസത്തിലെ വേനൽച്ചൂടിലും തരിച്ചു നിൽക്കുകയാണ് പുറ്റിങ്ങൽ. 2016 ഏപ്രിൽ പത്തിനു പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം ഉണ്ടായത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാരാണ് വെടികെട്ട് നടത്തിയത്.വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു. ഇതിന്റെ കോൺക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേർ മരിച്ചത്. അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെ. പിഡബ്ല്യൂഡി ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതാണ് വിനയായത്. പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടിൽ നിന്നു പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി.അതോടെ പലർക്കും പൈസ കിട്ടാതെയായി. ദുരന്തത്തിനു ആറു വർഷമാകുമ്പോഴും പരവൂർ നിവാസികളുടെ ഉള്ളിലെ ആളൽ നിലച്ചിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകൾ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.
@ ക്രൈംബ്രാഞ്ച്കുറ്റപത്രം സമർപ്പിച്ചു
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രത്തിൽ എഫ്. ഐ ആർ, സാക്ഷി മൊഴികൾ, മജിസ്ട്രേറ്റിന് മുമ്പിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഇൻക്വസ്റ്റ് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ 10,600 പേജുകൾ വരുന്ന കുറ്റപത്രത്തിൽ സർക്കാർ പോലിസ് ഉദ്യോഗസ്ഥർ ആരും തന്നെ പ്രതികളല്ല. മരിച്ചു പോയ കരാറുകാരൻ ഉൾപ്പെടെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുവെങ്കിലും അതിനന്മേലുള്ള തുടർനടപടികൾ കോടതിയിൽ നടന്നിട്ടില്ല. കമ്പം നിരോധിച്ചുവെന്ന് അന്നത്തെ കളക്ടർ അവകാശപ്പെടുമ്പോൾ തന്നെ നിയമവശം അനുസരിച്ചു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കുറ്റകാർ ആണ് എന്നിരിക്കെ ഉദ്യോഗസ്ഥതലത്തിലുള്ള മുഴുവൻ ആൾക്കാരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പി.എസ്. ഗോപിനാഥൻ കമ്മിഷൻ റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചുവെങ്കിലും അത് സർക്കാർ പുറം ലോകം കാണിച്ചിട്ടില്ല.ഇ റിപ്പോർട്ട് പുറംലോകം കാണുന്നതും നോക്കിയിരിക്കുകയാണ് ഭക്തജനങ്ങൾ.
No comments:
Post a Comment