ദേശീയപാതയിൽ നടക്കുന്ന അനധികൃത കച്ചവടങ്ങൾ
കൊല്ലം : വീട്ടിലെ ഷവർമ, ഇരുപതു രൂപയ്ക്ക് ഊണ്, പത്തു രൂപയ്ക്ക് ചായയും കടിയും. വഴിയോരങ്ങൾ കീഴടക്കുന്ന പുതിയ ഭക്ഷണശാലകൾക്കുമുന്നിലെ ബോർഡുകൾ ഇങ്ങനെയൊക്കെയാണ്. ദേശീയപാതയിലും എം സി റോഡിലും മലയോര ഹൈവേയിലും മാത്രമല്ല, പ്രധാന പാതകളിലെല്ലാം ഹോട്ടലുകാരെയും തട്ടുകടക്കാരെയുമെല്ലാം മറികടന്നാണ് വാഹനങ്ങളിലും വഴിയോരങ്ങളിലും ഭക്ഷണസാധനങ്ങളുടെ വിൽപ്പന. ഭക്ഷണം എവിടെ നിന്നാണ് കൊണ്ടുവരുന്നത്, വൃത്തിയുള്ള സാഹചര്യത്തിൽ പാകംചെയ്തതാണോ എന്നൊന്നും അന്വേഷിക്കാതെ വാങ്ങിക്കഴിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
ഭക്ഷണശാലയാക്കി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഒട്ടേറെയുണ്ട് ഇപ്പോൾ. തിരക്കേറിയ റോഡുകളുടെ സമീപത്ത് അതിവേഗമാണ് ഭക്ഷണശാലകൾ രൂപപ്പെടുന്നത്. ഓട്ടോറിക്ഷകളിലും ബൈക്കുകളിലും ചെറിയ പെട്ടികളിൽ കൊണ്ടുവന്ന് പൊതിച്ചോറും ബിരിയാണിയും വിൽക്കുന്നുമുണ്ട്.
വിലക്കുറവാണ് മിക്കവരെയും ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിക്കുന്നത്. ഗുണനിലവാരത്തെപ്പറ്റിയും സുരക്ഷിതത്വത്തെപ്പറ്റിയും പലരും ചിന്തിക്കുന്നതേയില്ല.
കൊവിഡ് കാലത്ത് തൊഴിൽ നഷ്ടമായപ്പോൾ സ്വയം തൊഴിലെന്ന നിലയിലാണ് ഭക്ഷണ വിതരണ രംഗത്തേക്ക് കടന്നത്. താത്പര്യമുള്ള തൊഴിലെന്ന നിലയിൽ തുടങ്ങിയതാണ്. ഇതൊരു സ്ഥിരം തൊഴിലാക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമപരമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് ദേശീയപാതയിൽ പലയിടങ്ങളിലായി ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്നവർ പറയുന്നു.
ശുചിത്വം പരമാവധി ഉറപ്പാക്കിയാണ് ഭക്ഷണം പാകംചെയ്യുന്നത്. വലിയ ലാഭമില്ലെങ്കിലും ഒരു ജീവിതമാർഗമാണിതെന്നാണ് അവരുടെ വാദം. റോഡരികിൽ മേശയിട്ട് വലിയ പാത്രങ്ങളിൽ ചായയും പലഹാരവും നിറച്ചുവെച്ച് വിൽക്കുന്നവരുമുണ്ട്.
വഴിയോരത്തെ തട്ടുകടക്കാരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം കച്ചവടക്കാരെന്ന് ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തുന്നവർ പറയുന്നു.
വൈകുന്നേരങ്ങളിൽ മാത്രമാണ് കച്ചവടം നടക്കാറുള്ളത്. മഴയായാൽ അതുമില്ല. എല്ലാവർക്കും ജീവിക്കണം. പക്ഷേ, അത് മറ്റുള്ളവരെ കഷ്ടപ്പാടിലാക്കിക്കൊണ്ടാകരുതെന്നും
ഇക്കൂട്ടർ പറയുന്നു. നിയമംപാലിച്ച് ഹോട്ടലുകൾ നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് പുതിയ ഭക്ഷണവിതരണക്കാർ. ഹോട്ടലുകളിൽ ഭക്ഷണമുണ്ടാക്കുന്നതിനും വിൽക്കുന്നതിനുമടക്കമുള്ള ഭാരിച്ച ചെലവുകളൊന്നും ഇത്തരക്കാരെ ബാധിക്കുന്നുമില്ല. അനധികൃത ഭക്ഷണവിതരണംമൂലം ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് നല്ല ഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലുകൾ പൂട്ടേണ്ട സ്ഥിതിയാണ് എന്നും കച്ചവടക്കാർ പറയുന്നു.
No comments:
Post a Comment