വിഷുവിനെ വർവേൽക്കാൻ
നാടും നഗരവും തിരക്കിലമർന്നു
കൊല്ലം: വിഷുക്കണിയൊരുക്കാൻ രണ്ടു പകൽ മാത്രം ബാക്കി നിൽക്കെ നഗരം തിക്കിലും തിരക്കിലും മുങ്ങി. അപ്രതീക്ഷിതമായി കിട്ടിയ മഴ വിഷുപുലരിയെ തണുപ്പിക്കുമെങ്കിലും വിലക്കയറ്റം വിഷുവിന്റെ സന്തോഷം കെടുത്തുന്നുമുണ്ട്. വിഷു വിപണിയ്ക്കായി സർക്കാർ സംവിധാനത്തിൽ സ്റ്റാളുകളും മേളകളും ഒരുക്കിയിട്ടില്ല. വിപണിയിലെ വിലകയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നുമില്ല.കണിവെള്ളരിക്ക് പൊള്ളുന്ന വിലയാണ്. പ്രധാന ആകർഷണമായ കണി വെള്ളരി മാർക്കറ്റിൽ എത്തി തുടങ്ങി.
കണിവെള്ളരി 30 മുതൽ 60രൂപ വരെയാണ് ഇന്നലെ വിപണിയിലെ വില കിലോഗ്രാമിന് 40 രൂപയായിരുന്നു.
ഇന്ന് വില ഇതിലും ഉയരാൻ സാധ്യതയുണ്ട്. പച്ചക്കറി വിപണിയിലും പൊള്ളും വിലയാണ്. വിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറല്ലാത്തത് മൂലം വില കുതിക്കുകയാണ്. കിലോഗ്രാമിന് 40–60 രൂപയാണ് പ്രധാനപ്പെട്ട പച്ചക്കറികളുടെ ശരാശരി വിലയെങ്കിൽ ചെറുനാരങ്ങയ്ക്ക് റെക്കോർഡ് വിലയാണ്. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 180 രൂപ. ആന്ധ്രയിൽ നിന്ന് ആവശ്യത്തിനു നാരങ്ങ എത്താത്തതാണ് വില ഇത്രയുമധികം കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. വിഷുവും ഈസ്റ്ററും അടുത്തടുത്തു വരുന്നതിനാൽ വ്യാഴാഴ്ച വിപണി സജീവമാകുന്ന പ്രതീക്ഷയാണെന്ന് കച്ചവടക്കാർ പറയുന്നു. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ഇത്തവണ കർഷകരേയും കടാക്ഷിച്ചില്ല.
ഇത്തവണത്തെ വിഷു ജൈവപച്ചക്കറി സ്പെഷ്യൽ എന്നതാണ് സദ്യവട്ടങ്ങളുടെ സവിശേഷത. ജൈവപച്ചക്കറികൾക്ക് വിപണിയിൽ വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ
വിഷുചന്തയിൽ വീടുകളിൽ നിന്നും കൊണ്ട് വരുന്ന
ജൈവ പച്ചക്കറികൾ മാത്രമാണ് വിൽക്കുന്നത്. പച്ചക്കറി കിറ്റും ഇവിടെ ലഭിക്കും. നിയന്ത്രിതാതീതമായ വിലയാണ് പച്ചക്കറികൾക്കെന്നതിനാൽ വൻതിരക്കാണ് ഇവിടെ. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളിലായും റസിഡൻസ് അസോസിയേഷനുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറി വിൽപ്പനയും ഈ വിഷുവിന് നാട്ടുകാർക്ക് ആശ്വാസകരമാണ്. എത്രയായാലും തമിഴ്നാടിന്റെ കനിവില്ലാതെ വിഷു ആഘോഷമില്ല എന്ന് വേണമെങ്കിൽ പറയാം.കണിവെള്ളരി മുതൽ കണികൊന്ന വരെ തമിഴ്നാട്ടിൽ നിന്ന് വരണം. വസ്ത്രവിപണിയിൽ
ആശ്വാസമായി തെരുവോരകച്ചവടം
പതിവുപോലെ നഗരത്തിലെ വലിയ വലിയ തുണിക്കടകളിലെ തിരക്കിനെ വെല്ലുന്നതാണ് തെരുവോര വിപണിയിൽ. വിലവർധനവിൽ നിന്നും സാധാരണക്കാരന് ആശ്വാസമാകുന്നതാണ് തെരുവോര തുണി കച്ചവടം എന്ന് ഉപഭോക്താക്കൾ പറയുന്നു. കൂടാതെ
വസ്ത്ര വിപണിയെ ഉഷാറാക്കാൻ നഗരത്തിൽ വിവിധ തുണികടകളിൽ
വസ്ത്രമേളകളും ഒരുക്കിയിരിക്കുന്നു. സ്വർണ്ണകടകളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പ്രതീക്ഷിക്കാതെ എത്തിയ മഴ വില്ലനായപ്പോൾ വിഷുവിന് കൊന്നപ്പൂ കണികാണാൻ കിട്ടുമോയെന്ന സംശയവും ബാക്കിയാണ്. മിക്കയിടത്തും കൊന്ന നേരത്തേതന്നെ പൂത്തുലഞ്ഞു തുടങ്ങിയെങ്കിലും മഴ പൂക്കളെ വീഴ്ത്തിക്കളഞ്ഞു . നാളെയാണ് മാർക്കറ്റിൽ പൂവ് എത്തുക.
@വിഷുസദ്യയും പ്രഥമനും തയ്യാർ
വിവിധ തരം വിഭവങ്ങളുമായി വിഷുസദ്യയൊരുക്കി വിഷുവിനെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ഹോട്ടലുകാർ ഒപ്പം കാറ്ററിങ് സർവീസുകാരും ഉണ്ട്. ഒരു പ്രമുഖ ഹോട്ടലിൽ പാലട പ്രഥമനുമടക്കം
24 ഇനം വിഭവങ്ങളുമായാണ് വിഷു സദ്യ ഒരുക്കിയിരിക്കുന്നത്.
ഇതിനായുള്ള ബുക്കിങ് രണ്ടു ദിവസം മുൻപേ തുടങ്ങി കഴിഞ്ഞു.ഓണക്കാലത്തെ അത്ര ബുക്കിങ് വിഷുവിന് ഉണ്ടാകാറില്ലെങ്കിലും വിഷുത്തലേന്നു കൂടുതൽ ഓർഡറുകൾ വരുമെന്ന പ്രതീക്ഷയിലാണെന്നു
@ പടക്കമില്ലാതെ എന്ത് വിഷു
നഗരത്തിൽ പടക്ക കച്ചവടം പൊടിപൊടിക്കുകയാണ്.
സാധാരണക്കാരന് താങ്ങാവുന്നതിലും മേലെയാണ് പടക്കത്തിന്റെയും
വില. എന്നാലും പടക്കമില്ലാതെ എന്താഘോഷമാണ് എന്നാണ് ആൾക്കാർ ചോദിക്കുന്നത്.
വിഷു സീസണിൽ അരലക്ഷത്തോളം രൂപയുടെ കച്ചവട നടക്കാറുള്ളതെന്ന് ചെറുകിട വിൽപ്പനക്കാർ പറയുന്നു.കമ്പിത്തിരി, മത്താപ്പൂ, പടക്കം തുടങ്ങി എല്ലാ വസ്തുക്കൾക്കും 20% വില കൂടി. ദീപാവലിക്കു ശേഷമുണ്ടായ വിലക്കയറ്റമാണ് ഇതെന്നു വ്യാപാരികൾ പറയുന്നു. കമ്പിത്തിരിയുടെ 10 എണ്ണത്തിന്റെ സാധാരണ പാക്കറ്റിന് കഴിഞ്ഞ തവണത്തെക്കാളും 5 രൂപ കൂടി. അഞ്ചു പാക്കറ്റിന്റെ ഒരു സെറ്റിന് കഴിഞ്ഞ തവണ 150 രൂപയായിരുന്നത് ഇപ്പോൾ 175 രൂപയായി. കഴിഞ്ഞ വർഷം 50 രൂപ കൊടുത്തു വാങ്ങിയ ജെയിന്റ് പാളി പടക്കത്തിന് ഇത്തവണ 60 രൂപ കൊടുക്കണം. കഴിഞ്ഞ തവണ കച്ചവടം കുറവായതിനാൽ ഭൂരിഭാഗം വ്യാപാരികളും ഇത്തവണ സ്റ്റോക്ക് കുറച്ചു. പടക്ക നിർമാണം വൻതോതിൽ നടക്കുന്ന ശിവകാശിയിൽ സമരം നടക്കുന്നതിനാൽ പുതിയ വിസ്മയങ്ങളൊന്നും തന്നെ വിപണിയിൽ എത്തിയിട്ടില്ലെന്നു കച്ചവടക്കാർ പറഞ്ഞു.
@ ഗതാഗതകുരുക്കിൽ വലയുകയാണ് നഗരത്തിലെത്തുന്നവർ.
ബീച്ച് റോഡ് അടച്ചിട്ടിരിക്കുന്നത് മൂലം
ഗതാഗതകുരുക്കിൽ കുടുങ്ങിയിരിക്കുകയാണ്.
ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കിയതു കാരണം നഗരത്തിലെ മറ്റെല്ലാ റോഡുകളിലും ഗതാഗതക്കുരുക്കാണ്. വാഹനങ്ങൾ പാർക്കുചെയ്യാൻ സൗകര്യമില്ലാതെ ആളുകൾ നട്ടംതിരിയുമ്പോൾ വാഹനതിരക്കിൽ ഒന്നും ചെയ്യാനാവാതെ നിസഹായരാകുകയാണ് ട്രാഫിക് പൊലീസ്. മഴ ചതിച്ചില്ലെങ്കിൽ ഇത്തവണത്തെയും വിഷു കെങ്കേമമാക്കാം എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
No comments:
Post a Comment