ദേശീയപുരസ്കാര നിറവിൽ വീണ്ടും മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
കൊട്ടിയം:. മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശക്തി കരൺ പുരസ്കാരം ലഭിച്ചു. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം ലഭിച്ച മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് ദേശീയ പഞ്ചായത്ത് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മുഖത്തല ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പ്രാദേശിക സർക്കാരുകൾക്ക് മാതൃകയായി സംസ്ഥാനത്ത് ആദ്യമായി സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രൂപീകരിക്കുകയും, ജലസംരക്ഷണ മേഖലയി ലും, മഹാമാരി കാലത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ദാരിദ്ര്യ ലഘൂകരണ മേഖലയിലും, ഉൽപ്പാദന മേഖലയിലും, കാതലായ ഇടപെടലുകൾ നടത്തിയത് വഴി ബ്ലോക്ക് പഞ്ചായത്തിന് ശ്രദ്ധേയമായ ഈ അംഗീകാരം നേടാൻ കഴിഞ്ഞു. പദ്ധതി രൂപീകരണത്തിൽ 2020-21ൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. പദ്ധതി വിഹിതം 116.8 ശതമാനം ചെലവഴിക്കാൻ കഴിഞ്ഞത് മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സമസ്തമേഖലയിലും ഉള്ള ഇടപെടലുകൾ വ്യക്തമാക്കുന്നതാണ്. സംസ്ഥാന ഗവൺമെന്റിന്റെ മിഷൻ പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിൽ പദ്ധതി വിഹിതം ഏറ്റവും അനുയോജ്യമായ രീതിയിൽ മേഖല വിഭജനം നടത്തുന്നതിൽ ദീർഘവീക്ഷണത്തോട് കൂടിയ ഇടപെടലുകൾ നടത്തുവാൻ സാധ്യമായ താണ് രണ്ടാം പ്രാവശ്യവും ദീൻദയാൽ അവാർഡും, സ്വരാജ് ട്രോഫി അവാർഡും ബ്ലോക്ക് പഞ്ചായത്തിന് നേടാൻ കഴിഞ്ഞത്. ഭവന നിർമ്മാണ മേഖലയിൽ 2.80 കോടി രൂപ ചെലവഴിച്ചതിന് പുറമേ, ഉൽപ്പാദന മേഖലയിൽ തൊഴിലധിഷ്ഠിത പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞതും, ശുചിത്വ പദ്ധതികൾ ഗ്രാമീണ മേഖലയിൽ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതും, ക്ഷീരമേഖലയിൽ 50 കുടുംബശ്രീ വനിതകൾക്ക് കറവപ്പശുക്കളെ നൽകാൻ കഴിഞ്ഞത് വഴി പാൽ ഉൽപ്പാദന മേഖലയിലും, തൊഴിൽമേഖലയിലും വൻ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും ആത്മാർത്ഥമായ ഇടപെടലുകളും നിർവ്വഹണ ചാരുതയും ഒന്നുകൊണ്ടുമാത്രമാണ്. ദേശീയ പുരസ്കാരം 25 ലക്ഷം രൂപയും പ്രശംസാപത്രവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോധ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ്ജ് അലോഷ്യസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എച്ച് ഹുസൈൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം സജീവ്, മെമ്പർ സന്ധ്യ ബിജു, ജോയിന്റ് ബി ഡി.ഒ രതി കുമാരി, ശാലിനി, തുടങ്ങിയവർ ഏറ്റുവാങ്ങി.
ഫോട്ടോ : ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശക്തി കരൺ പുരസ്കാരം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏറ്റു വാങ്ങുന്നു.
No comments:
Post a Comment