Tuesday, 21 April 2026

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ 


ചാത്തന്നൂർ : ഒരു കാലത്ത് ചാത്തന്നൂർ പഞ്ചായത്തിന്റെ നെല്ലറകളായിരുന്ന അഞ്ച് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനമായ തലച്ചിറക്കുളവും വിസ്മൃതിയിലേക്ക്.നാടിന് കുടിവെള്ളം നൽകിയിരുന്ന തലച്ചിറ 
 ഇന്ന് പായലും മാലിന്യവുമായി നശിക്കുകയാണ്. കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണ്ടമട്ടില്ല അധികൃതർ.
ചാത്തന്നൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റമായ കാരംകോട്  വാർഡിലാണ് 
രണ്ടേക്കർ വിസ്ത്രിതിയുള്ള 
.ചിറയുടെ നാല് 
ചുറ്റും കാടും പടർപ്പും, കുളം നിറയെ പായലും, ഇതാണ് അവസ്ഥ. പതിനഞ്ച് അടി ആഴമുള്ള കുളത്തിൽ പത്തടിയോളം 
വെള്ളമുള്ള ഇ  തലച്ചിറക്കുളത്തിന്റെ കുറച്ചുഭാഗം പൂർണമായും നികത്തിയിരിക്കുകയാണിപ്പോൾ. ഇവിടെ വാഴയും കാടുകളും വളന്നുനിൽക്കുന്നു. വിശാലമായിക്കിടന്ന കുളമിപ്പോൾ പായൽമൂടി വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. തലച്ചിറക്കുളത്തിനെ ചാത്തന്നൂർ തോടുമായി ബന്ധിപ്പിച്ചിരുന്ന കൈവഴിയും കാണാനില്ല.
വർഷങ്ങൾക്കുമുൻപ് തലച്ചിറക്കുളം വൃത്തിയാക്കുന്നതിനായി ടെൻഡർ നൽകി ചെളി കോരിമാറ്റിയിരുന്നു. എന്നാൽ
ടെണ്ടർ പിടിച്ച സിപിഎം നേതാവ് 
 സമയബന്ധിതമായി ചെളി കോരിമാറ്റുകയോ ടെൻഡർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല നിർമ്മാണപ്രവർത്തികൾ അട്ടിമറിയ്ക്കുകയും ചെയ്തു.
കുളം വൃത്തിയാക്കൽ നടക്കാതെ പോയതിന്റെ പിറകെ തലച്ചിറക്കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി ജി. എസ്. ജയലാൽ 
എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന്‌
പതിനഞ്ചു ലക്ഷം  തുക അനുവദിച്ചെങ്കിലും നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. കാടുമൂടി നശിക്കുന്ന തലച്ചിറക്കുളം സംരക്ഷിക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ നിരവധി 
പദ്ധതികൾ പലതും തയ്യാറാക്കിയെങ്കിലും ഒന്നും ഇതുവരെ നടപ്പായില്ല എന്ന് മാത്രമല്ല ഫണ്ടുകൾ പൂർണ്ണമായും മാറി പോകുകയും ചെയ്തു.കുളം വൃത്തിയാക്കൽ ചെളികോരി വിറ്റ്‌  കാശുവാങ്ങുന്നതിനുള്ള മറയാണെന്ന്‌ ആക്ഷേപമുണ്ട്. കുളം സംരക്ഷണത്തിന് ഗ്രാമപ്പഞ്ചായത്ത് ഓരോവർഷവും പദ്ധതിയിൽ തുക വകയിരുത്തും. ലക്ഷങ്ങൾ പാഴാകുന്നതുതന്നെ മിച്ചം.
ചെളി നീക്കംചെയ്യൽ, നീർച്ചാൽ തെളിക്കൽ, നീരുറവ സംരക്ഷിക്കൽ എന്നിവയ്ക്കാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ 
 പ്രോജക്ടിലും  ലക്ഷകണക്കിന് രുപ തോടിന്റെ സംരക്ഷണത്തിനായി വകയിരുത്തിയിട്ടുണ്ട്. ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനത്തെ നീരുറവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ 

ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ
ചാത്തന്നൂരിന്റെ പ്രധാന ജലസ്രോതസ്‌ ആയി കാരംകോട് തലച്ചിറമുതൽ പോളച്ചിറവരെ ഒഴുകുന്ന ചാത്തന്നൂർ തോടിന് ഏകദേശം ഒൻപതരക്കിലോമീറ്റർ നീളമുണ്ട്. ജലസമൃദ്ധമായിരുന്ന തോട് കുളിക്കാനും കാലികളെ കുളിപ്പിക്കാനും പ്രയോജനപ്പെട്ടിരുന്നു.
ദേശീയപാതയോരത്തെ ഹോട്ടലുകളിലെ മാലിന്യങ്ങൾ ഒഴുക്കിയും വസർജ്യങ്ങൾ തള്ളിയും ഇതിനെ മലിനമാക്കി. വെള്ളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി ഇന്ന് ചാത്തന്നൂർ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാർക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂർ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂർ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുർഗന്ധവും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാർ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോൾ ആരും കരഞ്ഞുപോകും. പലഭാഗത്തും. ഒപ്പം കൈയേറ്റങ്ങളും തോടിന്റെ വിസ്തൃതി ചുരുക്കി നീരുറവകൾ അടഞ്ഞു. കാട്ടുചെടികളും കാട്ടുചേമ്പും വളർന്നു. തോട്ടിൻകരയിലുള്ള വരമ്പ്‌ കൈയേറ്റക്കാർക്ക് സ്വന്തമായി. നീരൊഴുക്ക് നിലച്ചതോടെ തോടിന്റെ തീരത്തെ ഏലാകൾ നികത്തിത്തുടങ്ങി.
നെൽക്കൃഷി ഇല്ലാതായി. ജലദൗർലഭ്യംതന്നെ കൃഷി മുടങ്ങാൻ ഒരു കാരണം. കാരംകോട്, ഏറം ഏലാകൾ പൂർണമായും നികത്തിക്കഴിഞ്ഞു. താഴം കൊച്ചുപാലം ഭാഗത്തെ ഏലാ അപ്രത്യക്ഷമായി. താഴം ഏലായുടെ മുക്കാൽഭാഗവും നികത്തിക്കഴിഞ്ഞു. കൊല്ലാക്കുഴിഭാഗത്തെ ഏലാ തരിശിട്ടിരിക്കുകയാണ്. മീനാട് ഏലായിൽമാത്രമാണ് നാമമാത്രമായെങ്കിലും കൃഷിയുള്ളത്. തോടിന്റെ ഇരുവശത്തുമുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനുവേണ്ടി തോടിന്റെ വീതി അളന്നുതിരിക്കണമെന്ന് താലൂക്ക് സർവേ വിഭാഗത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ഇരുകരകളിലുമായി സ്വകാര്യവ്യക്തികൾ തോടിന്റെ ഭൂമി 
കവർന്നെടുത്തതോടെ തോടിന്റെ പതനം പൂർത്തിയായി ഇന്ന് 
തണ്ണീർതടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകൾ ഉൾപ്പെടെ ജലസ്രോതസുകൾ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകർഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടിൽ പോളകളും കാടുകളും വളർന്നു. തോടിന്റെ വരമ്പുകൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അൽപ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂർ ടൗണിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് നാശമായി. ഇപ്പോൾ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്. ചാത്തന്നൂർ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപെടുന്നു.

@ നാട്ടുകാരുടെ ആവശ്യം

തലച്ചിറകുളം 
വൃത്തിയാക്കി കൽഭിത്തികൾ കെട്ടി 
അരികുകൾ സംരക്ഷിക്കണം. ഒപ്പം തോടിന്റെ കൈയ്യേറ്റങ്ങൾ നടപടിയെടുത്ത് അളന്നു തിരിച്ചു തോടിന്റെ വീതി കൂട്ടി സംരഷിക്കണം മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടണം .

@ ജലപ്രതിസന്ധി പരിഹരിക്കാൻ  കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ  ഉൾപ്പെടുത്തി കാരംകോട് 
തലച്ചിറയും ചാത്തന്നൂർ തോടും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@   രണ്ട് ഏക്കർ വിസ്തൃതി.

തലച്ചിറ 
കുളം നവീകരണത്തിന് നിരവധി തവണ 
ജനങ്ങൾ  അധികാരികൾക്ക് പരാതി നൽകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള സ്ഥലമാണിത്. ഇത്രയും ജല സമൃദ്ധമായ ഒരുകുളം ഉണ്ടായിട്ടും നടപടിയില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.പുറത്തു നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് തളുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പൂർണമായും തകരാറിലായി. കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറിയതോടെ, ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടിയിട്ടുണ്ട്. സംരക്ഷണഭിത്തി തകർന്നതോടെ കരഭാഗങ്ങൾ ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

@ ഇഴജന്തുക്കളും

 ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസമേഖലയായി മാറിയത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുളം പുതുക്കിപ്പണിതാൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും അതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഫോട്ടോ : ചാത്തന്നൂർ തോടിന്റെ ഉദ്ഭവസ്ഥാനമായ തലച്ചിറക്കുളം

ഫോട്ടോ :തോട് പൂർണ്ണമായും നീരോഴുക്ക് നിലച്ച നിലയിൽ 

ഫോട്ടോ :കൈയ്യേറ്റം മൂലം തോട് ചുരുങ്ങിയ നിലയിൽ.



No comments:

Post a Comment