ചുറ്റിപിണഞ്ഞു വനദുർഗ്ഗയും
പ്രകൃതിയെന്ന ദേവന്മാരും
അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്ന പരിപാവനമായമായൊരു ക്ഷേത്ര സന്നിധിയാണ് വാളത്തുംഗൽ കാവ്. കത്തുന്ന വെയിലിലും കുളിർമയേകുന്ന അന്തരീക്ഷമാണ് കൊല്ലം വാളത്തുംഗൽ കാവിലേക്ക് കടന്നുചെല്ലുമ്പോൾ.
സൂര്യപ്രകാശം മണ്ണിലേക്ക് എത്താൻ മടിക്കുന്ന തരത്തിൽ ഇടതൂർന്ന് വളർന്ന് വള്ളിപ്പടർപ്പുകളും ചെടികളുംകൊണ്ട് സമ്പന്നമാണ് ദേവഗണങ്ങൾ കുടികൊള്ളുന്ന സർപ്പകാവ്. ഇരവിപുരം തിരുമുക്ക് പുത്തൻചന്തയിൽനിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. വാളരാം കാവ്, വാളത്തുങ്കൽ കാവ്, അമ്പൂക്കാവ്, ചേരൂർ കാവ് എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന കാവിൽ
കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ് ഇവിടെ
നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നു. വർഷങ്ങളുടെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന വലിയൊരു വടവൃക്ഷത്തെ 'ആകാശ യക്ഷി മരം' എന്ന പേരിൽ ഇവിടെ ആരാധിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപേ വൃക്ഷത്തിന് മുൻപിൽ തിരികൊളുത്താൻ ഉപയോഗിച്ചിരുന്ന കൽമണ്ഡപവും കാണാം. മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് മരം മുറിച്ചുമാറ്റുക എന്നൊന്ന് കേട്ടുകേൾവി പോലുമില്ലെന്ന് എല്ലാവരും പറയുന്നു. ചെറിയൊരു പുൽക്കൊടിയെ പോലും വിശുദ്ധമായാണ് ഇവിടെ സംരഷിക്കുന്നത്.
കാവിലെ വള്ളിപ്പടർപ്പുകൾ പോലെ പ്രകൃതിയും ഭക്തിയും
ഐതിഹ്യങ്ങളും ഇവിടെ പരസ്‌പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്.
സാമൂതിരിയുടെ സാമന്തന്മാരിൽ പലരും മലബാറിൽനിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറി. അന്ന് അവരിൽ ചിലരുടെ കുലദൈവമായിരുന്ന കാടാമ്പുഴദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് കൊണ്ടുവന്ന ഇവർ വാളത്തുങ്കലിൽ മണൽ പരപ്പായിരുന്ന ഒരിടത്ത് പ്രതിഷ്‌ഠിച്ചു എന്നാണ് വിശ്വാസം കാലക്രമേണ ആ മണൽപ്പരപ്പ് കാവായ് വളർന്നുവെന്നാണ് പ്രദേശത്തെ പ്രായമായവരുടെ വിശ്വാസം. അന്ന് സ്വയരക്ഷയ്ക്കായി സാമന്തന്മാർ കൊണ്ടുവന്ന വാളുകളും ആയുധങ്ങളും ഇവിടെ ഉപേക്ഷിച്ചു എന്നും കാലക്രമേണ വാളേറാം കാവ് എന്ന പേര് ഈ കാവിനു പേര് വരികയുംചെയ്‌തു. ചേരൂർ മൂലകുടുംബം സ്ഥാപിച്ച ട്രസ്റ്റിന് കീഴിലാണ് വാളത്തുംഗൽക്കാവും ക്ഷേത്രവും
ഔഷധസസ്യങ്ങളും വള്ളിച്ചെടികളും വിവിധതരം കൂറ്റൻ മരങ്ങൾ കാവിനുള്ളിൽ സമ്പുഷ്ടമായി വളരുന്നുണ്ട്.
ഈ കാവ് പ്രകൃതി സംരക്ഷണത്തിന്റെ കാമ്പുള്ള ഉദാഹരണമാണ്. കറുത്ത ഓടൽ, കാട്ടുഞാവൽ, അകിൽ, കരിഞ്ഞോട്ട, മയില, ഇല പൊങ്ങ്, ചേര്, ചെറുതാലി, താന്നി വെറ്റിലക്കൊടി, ആനച്ചുവടി, ഇത്തി കാട്ടുപുളി എന്നിങ്ങനെ പല വിധ മരങ്ങളാണ് കാവിലുള്ളത്. വള്ളിപ്പൂച്ച ഉൾപ്പെടെ വംശനാശ ഭീഷണിയിലായ ജീവജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നൽകുന്നുണ്ട്ഇവിടം.
ഒപ്പം അപൂർവയിനം ഔഷധസസ്യങ്ങളും സൂക്ഷ്മസസ്യങ്ങളും വിവിധതരം പായലുകളും ഇവിടെ ജൈവവൈവിധ്യം തീർക്കുന്നു. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകൾ, ഓന്ത്, അണ്ണാൻ, വവ്വാൽ, വള്ളിപ്പൂച്ചകൾ, ചെറു കുറുനരികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. സൂര്യൻ നാല്പത് ഡിഗ്രിയിൽ കത്തിജ്വലിച്ചു നിൽക്കുന്ന
നേരത്തും നല്ല തണുപ്പും തണലുമാണ്. സൂര്യപ്രകാശത്തെ വലിയ മരച്ചില്ലകൾ കുട പോലെ തടുത്തു നിർത്തുകയാണിവിടെ. നഗരച്ചൂടിൽ നിന്ന് പ്രകൃതിയുടെ മടിയിലേക്ക് ഇറങ്ങുന്ന അവസ്‌ഥയാണ് ഇ ദേവഭൂമിയിൽ എത്തിയാൽ.
No comments:
Post a Comment