Monday, 20 April 2026

കൊടും വേനലിൽ വാടി ക്ഷീരമേഖല


കൊടും വേനലിൽ തകർന്നടിഞ്ഞു 
ക്ഷീരമേഖല

കൊല്ലം : വേനലിന്റെ കാഠിന്യത്തിനൊപ്പം ക്ഷീരകർഷകരുടെ ചെലവും കൂടുന്നു ഷീര മേഖല കടുത്ത പ്രതിസന്ധിയിലായി.  
കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ  കരിഞ്ഞു കിണറുകളിൽ വെള്ളം കുറഞ്ഞു 
ജലാശയങ്ങൾ വറ്റിയതോടെ വെള്ള
ത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി.  പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതുകാരണം പുല്ല് കിട്ടാനില്ല
തീറ്റപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോലും ചോളവുമൊക്കെയാണ് ഇപ്പോഴുള്ള ആശ്രയം. ചൂടുകൂടിത്തുടങ്ങിയതോടെ പാൽ ഉത്പാദനം കുറഞ്ഞുതുടങ്ങി. മിക്കയിടങ്ങളിലും ജലക്ഷാമവുമുണ്ട്. കാലിത്തീറ്റ വിലയും കുതിക്കുകയാണ്.
ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർദ്ധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 350 രൂപ വരെ വിലയുയർന്നു 
എന്നാൽചൂട് ഇ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ.
എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. 
മിൽമ കവർ പാൽ വില ലിറ്ററിന് 46 രൂപവരെയുണ്ടെങ്കിലും ക്ഷീരകർഷകന് കിട്ടുന്നത് ശരാശരി 36-37 രൂപയാണ്. പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നൽകുന്നതിനുള്ള ചാർട്ടനുസരിച്ച് കവർ പാലിന് ഈടാക്കുന്നതിനെക്കാൾ ഇരുപത് ശതമാനംവരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളിൽനിന്ന് കർഷകന് ലഭിക്കുന്നത്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും മറ്റു ഖരപദാർഥങ്ങളുടെ അളവ് (എസ്.എൻ.എഫ്.) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കർഷകർക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എൻ.എഫോ അൽപ്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വർധന കണക്കിലെടുക്കുമ്പോൾ പശുവളർത്തൽകൊണ്ട് കാര്യമായ നേട്ടമില്ലെന്നാണ് കർഷകർ പറയുന്നത്.

@ കാലിത്തീറ്റവിലയും കൂടി

സർക്കാർ സ്ഥാപനങ്ങളുടെയടക്കം തീറ്റവില കൂടിയിട്ടുണ്ട്. കേരള ഫീഡ്സ് ചാക്കിന് മുമ്പ് ആയിരം രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 1345 രൂപയാണ്. മിൽമ കാലിത്തീറ്റയ്ക്ക് 25 രൂപ കൂടുകയും ചെയ്തു.
സർക്കാർ സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനുംവേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ സംഭരണകേന്ദ്രങ്ങൾ സർക്കാർ ഒരുക്കാത്തതാണ് തീറ്റവില ഇടയ്ക്കിടെ വർധിക്കാൻ കാരണം.
എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യകമ്പനികളുടെ കാലിത്തീറ്റയ്ക്ക് ചാക്കിന് 100 മുതൽ 130 രൂപവരെ വില വർധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. ഇനി വൈക്കോലിന്റെ വിലയും കൂടും. വേനൽക്കാലമായാൽ സാധാരണയായി ഒരു കെട്ട് വൈക്കോലിന് 10 രൂപമുതൽ 15 രൂപവരെ കൂടാറുണ്ട്. 30 കിലോ റോൾ വൈക്കോലിന് 300 രൂപയാണ്. ചൂട് കൂടിയതോടെ  ഇത് 450 വരെയായി 
തീറ്റപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ വിലവർധനയും ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈക്കോൽ കൊടുത്താൽ പാൽലഭ്യത കുറയും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ചോളമാണ് ഇപ്പോൾ കൂടുതലായും നൽകുന്നത്. അതുതന്നെ മാസത്തിൽ ഒന്നുരണ്ടുതവണയേ ലഭിക്കുന്നുള്ളൂ. 

@ ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ കാലിത്തീറ്റ വില നിയന്ത്രിക്കണം. 20 ലിറ്റർ പാൽ കറക്കുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി അഞ്ഞൂറുരൂപയോളം ചെലവ് വരും. പുറമേനിന്ന് തീറ്റപ്പുല്ല് വാങ്ങുമ്പോൾ കിലോയ്ക്ക് നാലുമുതൽ അഞ്ചുരൂപവരെ നൽകണം. ഇത് കർഷകർ സ്വയം കൃഷി ചെയ്തുണ്ടാക്കിയാൽ കിലോയ്ക്ക് ഒരു രൂപയേ മുതൽമുടക്ക് വരൂ. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകി ക്ഷീരകർഷകർക്ക് തീറ്റപ്പുൽക്കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം

@ വെള്ളം കിട്ടാക്കനിയാകുന്നു

തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. വയ്ക്കോലിന്റെ വില കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല. പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചിലവിനനുസരിച്ചുള്ള വില കിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.


@ ക്ഷീരോത്പാദനമേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അത് കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടിയ വില നൽകി പല സ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടവില ലഭിക്കുന്നതായി കർഷകർ പറയുന്നു.
വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വിലനൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും'

No comments:

Post a Comment