Friday, 11 February 2022

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ കുത്തിയോട്ടവ്രതത്തിനു തുടക്കമാyയി



12Feb2022

രാവിലെ പന്തീരടിപൂജകൾക്കു ശേഷം വ്രതത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.

ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനുടുത്തു വന്ന ബാലൻ ക്ഷേത്രത്തിനു മുന്നിൽ തയ്യാറാക്കിയ ആവണപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വെച്ചു. മേൽശാന്തിക്ക് ദക്ഷിണ നൽകി വ്രതം തുടങ്ങി. മേൽശാന്തി പി.ഈശ്വരൻനമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. 17 വരെ ക്ഷേത്രവളപ്പിൽ താമസിച്ച് വ്രതമെടുക്കുന്ന ബാലൻ 1008 നമസ്‌കാരം നേർച്ചയുടെ ഭാഗമായി നടത്തും.

പൊങ്കാലയ്ക്കു ശേഷം വൈകീട്ട് പുഷ്പകിരീടവും പുതുവസ്ത്രവുമണിഞ്ഞ് കുത്തിയോട്ടത്തിനു ചൂരൽകുത്തും. അരയിൽ ചെറിയ വെള്ളിസൂചി ഉപയോഗിച്ചാണ് ചൂരൽകുത്തുന്നത്. തുടർന്ന് പുറത്തെഴുന്നള്ളത്തിനു അകമ്പടിപോകും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയ ശേഷം ചൂരൽ അഴിച്ച് വ്രതം അവസാനിപ്പിക്കും.

തോറ്റംപാട്ടിൽ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണനകൾ ചേർന്ന മാലപ്പുറം പാട്ടാണ് വെള്ളിയാഴ്ച പാടിയത്. കോവലനുമായി ദേവിയുടെ വിവാഹം നടന്നത് ഈ ദിവസമെന്നാണ് വിശ്വാസം. കണ്ണകി ലൗകികജീവിതത്തിൽനിന്നും ദേവീസാരൂപ്യത്തിലേക്കു മാറുന്ന നിർണായക സംഭവങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പാട്ടിലൂടെ പ്രകീർത്തിക്കും. ദരിദ്രനായിത്തീർന്ന കോവലൻ നിത്യവൃത്തിക്ക് വഴിയില്ലാതെ ക്ലേശിക്കുന്നു.

ദേവിയുടെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ ദേവിയുടെ ചിലമ്പ് വിൽക്കാനായി കൊണ്ടുപോകുന്നു. ശനിയാഴ്ച തോറ്റംപാട്ടുകാർ ഈ ഭാഗം പാടും. വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി വൈകിയും നിരവധി ഭക്തർ ക്ഷേത്രദർശനം നടത്തി. വൈകീട്ടും രാത്രി 12നുമുള്ള ദീപാരാധന തൊഴാനും ഭക്തജനത്തിരക്കുണ്ടായിരുന്നു.

ആറ്റുകാൽ ഉത്സവത്തിൽ ഭക്തർക്ക് പങ്കെടുക്കാം;പൊങ്കാല വീടുകളിൽ മാത്രം

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിൽ ഭക്തർക്ക് പങ്കെടുക്കാം. എന്നാൽ, പൊങ്കാല ഇക്കുറിയും വീടുകളിൽ തന്നെ വേണമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഈ ഉത്തരവുള്ളത്.

ആലുവ ശിവരാത്രി, മരാമൺ കൺവെൻഷൻ, ആറ്റുകാൽ ഉത്സവം എന്നിവയിൽ 25 ചതുരശ്ര അടി വിസ്തൃതിയിൽ ഒരാൾക്ക് എന്ന വിധം പരമാവധി 1500 പേർക്ക് പങ്കെടുക്കാം. എന്നാൽ, ആറ്റുകാൽ ഉത്സവത്തിന് പൊതുസ്ഥലത്തോ വഴിയരികിലോ പൊങ്കാല അർപ്പിക്കരുതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്തർ വീടുകളിൽ തന്നെ പൊങ്കാലയിടണമെന്നും നിർദേശിച്ചിട്ടുണ്ട്

No comments:

Post a Comment