കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച ’കിയോസ്കുകൾ’ വഴിയാധാരമായി
ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ബദൽ സംവിധാനമെന്നനിലയിൽ സ്ഥാപിച്ച കിയോസ്കുകൾ (വഴിയരികിലെ കുടിവെള്ളവിതരണി) പ്രയോജനപ്പെടാതെ നശിക്കുന്നു.മുൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ
പഞ്ചായത്ത് ലുണ്ടായ രൂക്ഷമായ കുടിവെള്ളപ്രതിസന്ധിക്ക് പരിഹാരമെന്നനിലയിലാണ് കിയോസ്കുകൾ സ്ഥാപിച്ചത്.
ഇരുമ്പ് സ്റ്റാൻഡിനുമുകളിൽ 5000 ലിറ്റർ ശേഷിയുള്ള ടാങ്കും വശങ്ങളിൽ ടാപ്പും സ്ഥാപിച്ച് ജലവിതരണം നടത്തുന്നതാണ് കിയോസ്കുകൾ. ജനസാന്ദ്രത കൂടിയതും ജലക്ഷാമം രൂക്ഷവുമായ സ്ഥലങ്ങളിലാണ് റോഡുവക്കുകളിൽ ഇവ സ്ഥാപിച്ചത്. സർക്കാരിന്റെ പുതിയ പദ്ധതി എന്നനിലയിലായിരുന്നു പരീക്ഷണം. ടാങ്കുകളിലുംമറ്റും വീട്ടുപടിക്കൽ വെള്ളമെത്തിച്ച് വിതരണം ചെയ്തിരുന്ന സംവിധാനം നിർത്തിയാണ് ഇവ സ്ഥാപിച്ചത്.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ
ഫിൽറ്റർഹൗസിൽനിന്ന് വാഹനത്തിൽ വെള്ളമെത്തിച്ച് കിയോസ്കുകളിൽ നിറച്ചായിരുന്നു വിതരണം.
ആവശ്യക്കാർ ഇവിടെയെത്തി വെള്ളം എടുക്കുകയാണ് രീതി.ആദ്യം കുറച്ചു ദിവസങ്ങളിൽ വിതരണം ചെയ്തുവെങ്കിലും ദിവസങ്ങൾക്കകം തന്നെ അതും നിലച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ അമ്പതോളം കിയോസ്കുകൾ സ്ഥാപിച്ചു വെള്ളം വിതരണം ചെയ്യാൻ ആയിരുന്നു തീരുമാനം എന്നാൽ പകുതിപോലും സ്ഥലത്ത് സ്ഥാപിച്ചില്ല. ടാങ്കുകൾ പലതും നശിച്ചു യഥാസമയം വെള്ളം നിറയ്ക്കാൻ കഴിയാതിരുന്നതോടെ പദ്ധതി പരാജയമായി. ഒരിക്കൽ പോലും വെള്ളം നിറയ്ക്കാത്ത ടാങ്കുകളും ഉണ്ട്.
ഇപ്പോൾ കിയോസ്കുകൾ പലഭാഗത്തും ഉപയോഗശൂന്യമായി നശിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വെള്ളം നിറയ്ക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.
ഫോട്ടോ:ചാത്തന്നൂർ പഞ്ചായത്തിലെ
പാലവിള വാർഡിൽ
റോഡുവക്കില്‍ ഉപേക്ഷിച്ച കിയോസ്‌ക്
No comments:
Post a Comment