Sunday, 20 February 2022

വെള്ളമില്ലാതെ തഴുത്തല പൈപ്പിടൽ നീളുന്നു


വെള്ളമില്ലാതെ തഴുത്തല പൈപ്പിടൽ നീളുന്നു


കൊട്ടിയം : ആദിച്ചനല്ലൂർ പഞ്ചായത്തിൽ തഴുത്തല പ്രദേശത്തെ ഭൂരിപക്ഷംപേരും സർക്കാർ നൽകുന്ന കുടിവെള്ളത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്‌. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്നത്.

തഴുത്തല ഗണപതിക്ഷേത്രത്തിനടുത്തുനിന്ന്‌ കൊട്ടിയം - കണ്ണനല്ലൂർ റോഡിലൂടെ വഞ്ചിമുക്കിനുസമീപംവരെ പൈപ്പ്‌ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഈ ജനകീയ ആവശ്യത്തിനോട് പൊതുമരാമത്തും വാട്ടർ അതോറിറ്റിയും പ്രതികരിക്കാത്തതിനാൽ പൈപ്പിടൽ ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. റോഡ് കുഴിച്ച് പൈപ്പിടാൻ പി ഡബ്ള്യു ഡി അനുമതി നൽകുന്നില്ലെന്നു പറഞ്ഞ് വാട്ടർ അതോറിറ്റി കൈയൊഴിയുന്നു.

ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഒന്ന്‌, രണ്ട്‌, 19, 20 വാർഡുകളിലെ മന്നൂറിലേറെ കുടുംബങ്ങൾക്കാണ് ഇന്നും കുടിവെള്ളം ലഭിക്കാത്തത്. ശുദ്ധജലം കൊണ്ടുവരുന്ന മെയിൻ പൈപ്പ് ലൈൻ ഇല്ലെങ്കിലും ജലജീവൻ മിഷന്റെ കണക്‌ഷൻ നൽകുന്നതിന് ഇവിടങ്ങളിൽ ഉൾഭാഗങ്ങളിലേക്കുവരെ പൈപ്പുകൾ ഇട്ടു. കുഴിയെടുത്ത്‌ പൈപ്പിട്ടുമൂടിയതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് പഞ്ചായത്ത്‌ അംഗവും ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റുമായ ശ്യാംപ്രവീൺ ആരോപിച്ചു.

ഇതിനുവേണ്ടി ഇടറോഡുകൾ കുത്തിക്കുഴിച്ച്‌ നാലുമാസം നാട്ടുകാർക്ക് യാത്രാദുരിതം സമ്മാനിച്ചതുമാത്രം മിച്ചം. മെയിൻ പൈപ്പ്‌ലൈൻ സ്ഥാപിച്ച് തഴുത്തലയിലും വഞ്ചിമുക്കിലും എത്തുന്ന പൈപ്പുമായി യോജിപ്പിച്ച് ജലവിതരണം നടത്തുന്നതിനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പഞ്ചായത്തുതല അവലോകനയോഗത്തിൽ സ്ഥലം എം എൽ എ. ജി.എസ്.ജയലാലിനോട് പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.

ജലവിതരണം മുടങ്ങുന്നതായും പരാതി

കൊട്ടിയം : തഴുത്തലയിൽ വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്ന സ്ഥലങ്ങളിലും ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടുന്നതായി പ്രദേശവാസികൾ. കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിനുമുന്നിലൂെടയുള്ള റോഡിനിരുവശത്തും, കോളനി, വഞ്ചിമുക്ക് ഭാഗങ്ങളിലും അടിക്കടി ജലവിതരണം മുടങ്ങുന്നു. വിതരണമുള്ള സമയങ്ങളിലാകട്ടെ അർദ്ധരാത്രിയിലാണ് വെള്ളമെത്തുക. അതും അരമണിക്കൂർമാത്രം. ഉറക്കമൊഴിഞ്ഞ് വെള്ളം ശേഖരിക്കേണ്ട സാഹചര്യമാണെന്ന് ഇവർ പറയുന്നു.

പുഞ്ചിരച്ചിറ കോളനി, കുറ്റിക്കാട്, തഴുത്തല, കാവുവിള ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കണ്ണനല്ലൂരിലുള്ള ജലശുദ്ധീകരണ പ്ലാൻറ്, മയ്യനാട് ഗുരുമന്ദിരം ജങ്ഷനിലെ ജലസംഭരണി, തോട്ടുംകര, ആറാട്ടമ്പലം പമ്പ്ഹൗസുകൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തഴുത്തലയിലും പരിസരത്തും ജലവിതരണം നടത്തുന്നത്

No comments:

Post a Comment