ചാത്തന്നൂർ: മീനാട് ഏലായിൽ നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാതെ പഞ്ചായത്തും റവന്യൂ അധികൃതരും. നെൽവയലുകളും തണ്ണീർത്തടങ്ങളൂം നികത്തുന്നത് തടയുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികാരമുണ്ടെന്നിരിക്കെയാണ് കർഷകരുടെയും നാട്ടുകാരുടെയും പരാതികൾ അവഗണിച്ചു കൊണ്ട് ഭൂമാഫിയ നിലം നികത്തലുമായി മുന്നോട്ട് പോകുന്നത്.പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്താനുള്ള ഇളവ് സർക്കാർ പദ്ധതികൾക്കു മാത്രമാക്കിയിരിക്കെ ഏലാപ്രദേശം പൂർണ്ണമായും മതിൽകെട്ടി തിരിച്ചു കെട്ടിടങ്ങൾ കെട്ടി നികത്താനുള്ള നീക്കമാണ് നടക്കുന്നത്. റവന്യു അധികാരികൾക്കും പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിനും നൽകിയ കർഷകരുടെ പാരാതികൾ പൂർണ്ണമായും അവഗണിച്ചു കൊണ്ട് തുടരെ തുടരെ നടക്കുന്ന നിയമലംഘനങ്ങൾക്ക് പഞ്ചായത്ത് അധികാരികൾ ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്നാണ് കർഷകർ ആരോപിക്കുന്നത്. തരിശിട്ടിരിക്കുന്ന നെൽവയലുകളിൽ ഉടമയുടെ അനുമതിയില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കു കൃഷിയിറക്കാമെന്ന വ്യവസ്ഥയുള്ള തണ്ണീർതട സംരക്ഷണ നിയമം നിലനിൽക്കെയാണ് ഡാറ്റാ ബാങ്കിലുള്ള വയൽ ഭൂമി മതിൽകെട്ടി വേർതിരിച്ചു നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.
നെൽവയൽ നികത്തൽ ജാമ്യമില്ലാ കുറ്റം
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നെൽവയൽ നികത്തുന്നതു ജാമ്യമില്ലാത്ത കുറ്റമാണ്. തരിശിട്ട വയലുകളിൽ ഉടമ അനുവദിച്ചില്ലെങ്കിലും കൃഷി ഇറക്കാനുള്ള വ്യവസ്ഥയുണ്ട്. വയൽ തരിശിട്ടാൽ ഉടമയ്ക്കു നോട്ടിസ് നൽകി സർക്കാരിനോ, തദ്ദേശ സ്ഥാപനത്തിനോ ഏതെങ്കിലും ഏജൻസിയെ കൃഷിയിറക്കാൻ ഏൽപ്പിക്കാം. ലാഭത്തിന്റെ ഒരു വിഹിതം ഉടമയ്ക്കു നൽകുമെന്നിരിക്കെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തികൊണ്ട് ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നെൽവയലുകൾ നികത്തുന്നതിന് മൗനസമ്മതം നൽകുകയാണ് പഞ്ചായത്ത് റവന്യു അധികൃതർ.
No comments:
Post a Comment