കൊയ്ത്തിനൊരുങ്ങി കുറുങ്ങൽ ഏലാ
പക്ഷെ കൊയ്ത്തുയന്ത്രമില്ല
ചാത്തന്നൂർ : കൊയ്ത്തിനായി
കുറുങ്ങൽ ഏലായിലെ
ഏക്കറുകണക്കിന് നെൽപ്പാടങ്ങളൊരുങ്ങിയെങ്കിലും കൊയ്ത്തുയന്ത്രങ്ങൾ എങ്ങും കിട്ടാനില്ല.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും
അനാസ്ഥമൂലം വിളഞ്ഞുനിൽക്കുന്ന പാടം കൊയ്യാൻ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. നെൽ ഉണങ്ങി വയലിൽ വീണ് തുടങ്ങിയിരിക്കുന്നു. ഇതിനിടയിൽ കാലം തെറ്റി മഴപെയ്തതും കർഷകർക്ക് തിരിച്ചടിയായി നിൽക്കുമ്പോൾ ആണ് കൊയ്ത്തിന് ഒരുങ്ങി നിൽക്കുന്ന നെൽ കൊയ്ത് എടുക്കുന്നതിന് യന്ത്രം കാത്തിരിക്കേണ്ട അവസ്ഥ.
കൊയ്ത്തിന് തൊഴിലാളികളെ വിളിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുകയെന്ന് കർഷകർ പറയുന്നു. രണ്ടരയേക്കർ പാടം കൊയ്യാൻ 30,000 രൂപയെങ്കിലും ചെലവുവരും. കൂടാതെ, മെതിയന്ത്രം ഉപയോഗിക്കാൻ വെറെയും തുക കണ്ടെത്തണം. അതിനാൽ കൊയ്ത്തുയന്ത്രമെത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.വെള്ളം ഇപ്പോഴും പൂർണ്ണമായും വറ്റിയിട്ടില്ല ഏലാകളിൽ വേനൽ മഴയും പെയ്യുന്നുണ്ട് അത് കൊണ്ട് തന്നെ കൂടുതൽ ദിവസമെടുത്താൽ നെൽ പൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ
ചെളിയിൽ കൊയ്യുന്ന ചെയിനുള്ള യന്ത്രം എത്തിക്കണമെനന്നാണ് കർഷകരുടെ ആവശ്യം.
@ ചാത്തന്നൂരിൽ
കാർഷികയന്ത്രങ്ങൾ നശിക്കുന്നു
ചാത്തന്നൂർ കൃഷിഭവന്റെ പക്കലുള്ള കാർഷികയന്ത്രങ്ങൾ കർഷകർക്ക് ഉപയോഗപ്പെടുന്നില്ല. ഇവ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ചവരെ നിയമിക്കാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം. തൊഴിൽസേനയെ സജ്ജമാക്കാൻ വാങ്ങിയ ലക്ഷങ്ങളുടെ യന്ത്രങ്ങളുൾപ്പെടെയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
മിനി സിവിൽസ്റ്റേഷനിലുള്ള
കൃഷിഭവൻ പരിസരത്തുകിടന്ന് തുരുമ്പെടുക്കുകയാണ്. ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം,
പമ്പ് സെറ്റുകൾ ഉൾപ്പെടെയുള്ളവയാണ് കർഷകർക്ക് പ്രയോജനപ്പെടാതെ പോകുന്നത്.
കുറുങ്ങൽ
ഏലായിൽ കൊയ്തെടുക്കാറായ
നെൽ കിടന്ന് നശിക്കുകയാണ് എന്നാൽ
കൊയ്ത്തിന്റെ ആവശ്യത്തിന് കൊയ്ത്ത് യന്ത്രവും
ട്രാക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭിക്കാത്തത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്വകാര്യ ട്രാക്ടറുകൾക്ക് ഒരുമണിക്കൂറിന് 1,400 രൂപയിലധികമാണ് വാടക. എന്നാൽ കൃഷിഭവന്റെ ട്രാക്ടറിന് നേരത്തേ 750 രൂപയായിരുന്നു വാടക. അതിനാൽ കൃഷിഭവന്റെ കാർഷികോപകരണങ്ങൾ കർഷകർക്ക് വലിയ ആശ്വാസമാണ്.
എന്നാൽ കൃഷി വകുപ്പ്
അധികൃതർ കർഷകന്റെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.
@ കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തത് തിരിച്ചടിയായി
കഴിഞ്ഞ ഏഴുവർഷമായി കൃഷിഭവനും കൃഷിയും നിർജീവമാണ്. ചാത്തന്നൂരിൽ
കർഷകന് കൃത്യമായി സഹായങ്ങൾ നൽകുന്നില്ല. കാർഷികയന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയാത്തത് കർഷകന് ഇരുട്ടടിയായി മാറുന്നു
വ്യക്തികളുടെ കൈവശമുള്ള
യന്ത്രോപകരണങ്ങൾക്ക് അമിതവാടക വാങ്ങുകയാണ്.
@ തുരുബെടുത്ത് കൃഷിവകുപ്പിന്റെ യന്ത്രം
കൊയ്ത്തുയന്ത്രം എങ്ങും കിട്ടാനില്ല. ചാത്തന്നൂർ കൃഷിഭവന്റെ പക്കലുള്ള
യന്ത്രം നോക്കാനാളില്ലാതെ
തുരുമ്പെടുത്ത് നശിക്കുന്നു,
മറ്റു യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗശൂന്യമായി കിടക്കുന്നു. ഇത് നന്നാക്കിയാൽ കുറച്ചെങ്കിലും ഉപകാരപ്പെടും. കൊയ്ത്തുയന്ത്രം കിട്ടാനില്ലാത്തതുകൊണ്ട് കർഷകരെല്ലാം ദുരിതത്തിലാണ്. ആളെവെച്ച് കൊയ്യുന്നതിനെക്കാൾ കർഷകർക്ക് ആദായകരം യന്ത്രക്കൊയ്ത്താണ്. കർഷകരെ സഹായിക്കാൻ അധികൃതർ തയ്യാറാവണം.
ഫോട്ടോ: ചാത്തന്നൂർ കൃഷിഭവൻ പരിസരത്തുകിടന്ന് നശിക്കുന്ന കൊയ്ത്ത്ർ കാഷികയന്ത്രം
ഫോട്ടോ:നെൽ കൊയ്ത്തിനു പാകമായി കിടക്കുന്ന കുറുങ്ങൽ ഏലാ.
No comments:
Post a Comment