Thursday, 3 February 2022

സർക്കാർ അനങ്ങുന്നില്ല കോമളത്ത് പാലമിട്ട് സേവാഭാരതി

സർക്കാർ അനങ്ങുന്നില്ല കോമളത്ത് പാലമിട്ട് സേവാഭാരതി


03Feb2022മണിമലയാറ്റിലെ വെണ്ണിക്കുളം കോമളം കടവിൽ നടക്കുന്ന താത്കാലിക പാലം നിർമാണം. സമീപന പാത ഒഴുക്കിൽപ്പെട്ട് ഉപയോഗശൂന്യമായ പഴയ പാലം ഇടതുവശത്ത് കാണാം

ഇരു കരകളിലായി വേർപിരിഞ്ഞ നാടിനെ താത്കാലിക പാലത്തിലൂടെ ഒരുമിപ്പിച്ച് സേവാഭാരതി മാതൃകയായി. പാലം ഉപയോഗ ശൂന്യമായതോടെ കോമളം,കുഭമല,തുരുത്തിക്കാട് അമ്പാട്ടുഭാഗം,മാരേട്ടുതോപ്പ് മുതലായ സമീപപ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടെയുള്ളവർ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത് കോമളം പാലത്തിലൂടെ മറുകരയെത്തി പുറമറ്റം പഞ്ചായത്തിലെ കോമളം ജങ്‌ഷനിൽനിന്നും വെണ്ണിക്കുളത്തുനിന്നുമായിരുന്നു.

വെണ്ണിക്കുളം ഗവ. പോളിടെക്‌നിക്, വെണ്ണിക്കുളം എസ്.ബി. ഹയർസെക്കൻഡറി സ്കൂൾ, തുരുത്തിക്കാട് ബി.എ.എം. കോളേജ്, കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജ് തുടങ്ങിയ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിലെത്താനും ബുദ്ധിമുട്ടേറി. കല്ലൂപ്പാറ, പുതുശേരി,ചെങ്ങരൂർ, കുന്നന്താനം മുതലായ ഒട്ടനവധി പ്രദേശങ്ങളിൽനിന്നും ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന കോഴഞ്ചേരിയിലേക്കും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും പോകുന്നതിനുള്ള എളുപ്പമാർഗവുമാണ് ഇല്ലാതായത്.

വെണ്ണിക്കുളത്ത് പാലം ഉപയോഗശൂന്യമായ ശേഷമാണ് പമ്പയിലെ ഞുണുങ്ങാറിന് കുറുകെയുള്ള തടയണ ഒഴുക്കെടുത്തത്. ഇവിടെ താത്കാലിക ഗതാഗതത്തിന് അടിയന്തര നടപടി സ്വീകരിക്കുകയുണ്ടായി. 20 മീറ്റർ ദൂരം ഗാബിയോൺ ബോക്സ് ഉപയോഗിച്ച് നാല് മീറ്റർ വീതിയിൽ പാതയൊരുക്കുകയാണ് ചെയ്തത്. ഇതിന് 25 ലക്ഷം രൂപ ചെലവ് ചെയ്തു. ഇറിഗേഷൻ വകുപ്പിനായിരുന്നു ചുമതല. അതേ സമയത്ത് വെണ്ണിക്കുളത്ത് 35 മീറ്റർ താത്കാലിക പാത തീർക്കാൻ നീക്കവുമുണ്ടായില്ല. മന്ത്രിമാരും ചീഫ് എൻജിനീയർമാരും എത്തി ഉടൻ നടപടി പ്രഖ്യാപിച്ച് മടങ്ങുക മാത്രം ചെയ്തു.

താത്കാലിക സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ സംഘടനകൾ യോഗം ചേർന്ന് പ്രസ്താവനകളും നടത്തി. എന്നാൽ സേവാഭാരതി മാത്രം കർമരംഗത്തിറങ്ങി. ആദ്യം ചെയ്തത് കുട്ടനാട്ടിലെ പോലെ കയർ കെട്ടി ഇരു കരകളിലേക്കും വലിക്കാവുന്ന ചങ്ങാടമുണ്ടാക്കുകയാണ്. വിദ്യാർഥികളടക്കം നൂറ്റമ്പതിലധികം ആൾക്കാർ പതിവായി യാത്രയ്ക്കെത്തിയതോടെ പാലത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു. 50 മീറ്റർ ദൂരത്തിൽ മണിമലയാറ്റിലെ നിലയില്ലാക്കയം കടക്കാൻ അഞ്ച് മീറ്റർ നീളമുള്ള ഇരുമ്പ് പൈപ്പുകൾ ഇരുപുറവും നാട്ടി. ഒപ്പം മോന്തി മുളകളും ഇടിച്ചുതാഴ്ത്തി.

കഴിഞ്ഞ ഞായറാഴ്ച മുതൽ നാൽപ്പതോളം പ്രവർത്തകരാണ് പതിവായി പണിയെടുക്കുന്നത്. മഹാഗണി പലകകൾ അടിച്ച് പാലത്തിന്റെ പ്രതലം ഒരുക്കുന്ന ജോലിയാണ് ബുധനാഴ്ച ആരംഭിച്ചത്. കൂലി കൂടി കണക്കാക്കിയാൽ ഒന്നരലക്ഷത്തിലധികം രൂപയുടെ പാലമാണ് തീരുന്നതെന്ന് ആർ.എസ്.എസ്. വിഭാഗ് സേവാ പ്രമുഖ് സി.എൻ.രവികുമാർ പറഞ്ഞു.

മഴക്കാലമെത്തുമ്പോഴേക്കും താത്കാലികമായെങ്കിലും സ്ഥിരം പാലം നിർമിക്കാൻ സർക്കാർ നടപടിയെടുക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ

No comments:

Post a Comment