തിരുവനന്തപുരം:ഡോ. ചന്തു നായർക്ക് ചിരട്ട ഒരു പാഴ്വസ്തുവല്ല; മനോഹരമായ ശില്പങ്ങൾക്കുള്ള അസംസ്കൃതവസ്തുവാണ്. കൈയിൽ കിട്ടുന്ന ചിരട്ടകൾ രാകിമിനുക്കി നൂറുകണക്കിനു വസ്തുക്കളാണ് ഡോക്ടർ പണിതിട്ടുള്ളത്.
ശില്പങ്ങളുണ്ടാക്കാൻ ഡോക്ടർക്ക് ആകെ വേണ്ടത് ചിരട്ടകളും ഒരു ചെറിയ ഹക്സോ ബ്ലൈഡും മാത്രം. ആയുർവേദ കോളേജിൽനിന്നു വിരമിച്ച ഡോ. ചന്തു നായർ, വിശ്രമജീവിതകാലത്തും തന്റെ കലാസപര്യക്ക് അവധിനൽകുന്നില്ല.
ലോക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടിവന്നപ്പോൾ അനന്തശയനരൂപം ചിരട്ടകളാൽ ശില്പമാക്കുകയെന്ന ആശയം തോന്നി. അയ്യായിരത്തിലധികം ചിരട്ടകൾകൊണ്ട് ഒന്നര വർഷത്തെ നിരന്തര അധ്വാനത്തിനൊടുവിൽ മിഴിവാർന്ന അന്തശയനരൂപം തയ്യാറാക്കി. യന്ത്രസഹായമില്ലാതെ കൈകൊണ്ടു മാത്രമാണ് ഡോക്ടറുടെ ശില്പനിർമ്മാണം. സ്വന്തം വീട്ടിൽനിന്നു ശേഖരിച്ചതും സുഹൃത്തുക്കൾ നൽകിയതുമായ ചിരട്ടകളാണ് ശില്പനിർമ്മാണത്തിന് ഉപയോഗിച്ചത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും ശില്പനിർമ്മാണത്തിനായി വിനിയോഗിച്ചു. പലതവണ പണിക്കിടെ കൈ മുറിഞ്ഞ് നിർമ്മാണം നിർത്തിവച്ചു. എട്ടടി നീളവും മൂന്നടി ഉയരവുമുള്ള ശില്പം, ചിരട്ടകൊണ്ടുള്ള പത്തടി നീളം വരുന്ന ചീങ്കണ്ണി, മൂന്നടിയിലേറെ ഉയരമുള്ള ചിമ്പൻസി തുടങ്ങിയവയൊക്കെ ഡോക്ടറുടെ കൈമനം അമൃതനഗർ ‘ചന്ദ്രിമ’ വീട്ടിലുണ്ട്. നൂറുകണക്കിനു ചിരട്ടശില്പങ്ങൾ ഇവിടെയുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങളാണ് അധികവും.
കോളേജ് പഠനകാലത്ത് പെയിന്റിങ് മത്സരത്തിൽ വിജയിയായിരുന്നു. പിന്നീട് ചിത്രകലാരംഗത്തുനിന്നു മാറിനിന്നു. കോളേജിൽ ക്ലാെസടുക്കാൻ ചില ജീവികളുടെ രേഖാചിത്രം തയ്യാറാക്കിയതിനെത്തുടർന്നാണ് ചിരട്ടകൊണ്ട് ഇവയെ സൃഷ്ടിക്കാമെന്നു തോന്നിയത്. ഭാര്യ ഡോ. കെ.രമാദേവിയുടെയും മകൻ ചിന്തു സി.നായരുടെയും സഹായവും ഇദ്ദേഹത്തിനുണ്ട്. ചിരട്ടകൾ സാൻഡ്പേപ്പർകൊണ്ട് മിനുസപ്പെടുത്തി ഫെവിക്കോൾ ചേർത്ത് ഒട്ടിച്ചാണ് ശില്പങ്ങളൊരുക്കുക. തൊണ്ടും കൊതുമ്പും ഉപയോഗിച്ചും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 2008-ൽ സർക്കാർ സർവീസിൽനിന്നു വിരമിച്ച ശേഷം 2018 വരെ പങ്കജകസ്തൂരി മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായും ഡോ. ചന്തു നായർ സേവനമനുഷ്ഠിച്ചു
No comments:
Post a Comment