കൊല്ലം : ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെ ജില്ലയിൽ കരമണ്ണ് മാഫിയ പിടിമുറുക്കുമ്പോൾ നോക്ക് കുത്തിയായി പോലിസ് സംവിധാനം മാറുകയാണ്. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചു നിരത്തി വയലുകളും തണ്ണീർ തടങ്ങളും നിരത്തുന്നത് നോക്കി നിൽക്കാൻ മാത്രമേ പോലീസിനും റവന്യു അധികാരികൾക്കും കഴയുകയുള്ളൂ.
ഭരണകക്ഷിനേതാക്കളുടെ ഒത്താശയോടെ നടക്കുന്ന കരമണ്ണ് ഖനനം നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല എന്നത് സി പി എം നേതാക്കളുടെ രാക്ഷ്ട്രീയ ഇടപെടൽ മൂലമാണ് എന്നത് പോലീസും
റവന്യു ഉദ്യോഗസ്ഥരും തുറന്ന് സമ്മതിക്കുന്നു. അനധികൃത
മണ്ണെടുപ്പിനെതിരേ പോലീസാണ് പലപ്പോഴും പരിശോധനയ്ക്കിറങ്ങുന്നത്. പരിശോധന ശക്തമാകുമ്പോൾ പോലീസിനെതിരേ കള്ള പരാതിയുമായി മണ്ണുമാഫിയ രംഗത്തിറങ്ങുന്നത് പതിവാണ്. മുമ്പ് ഇത്തരം അനുഭവങ്ങൾ ഉണ്ടായി ജില്ലയിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറി പോയിട്ടുണ്ട്. ഇത്തരം പരാതികൾക്ക് ഭരണ കക്ഷി രാഷ്ട്രീയക്കാരുടെ പിൻബലവും ഉണ്ട്.
മണ്ണെടുപ്പിനെതിരേ റവന്യൂ, ജിയോളജി വകുപ്പുകളെ മറികടന്ന് പ്രവർത്തിച്ച ചരിത്രവും പോലീസിനുണ്ട്. അനധികൃത മണ്ണുകടത്തിയ കേസിൽ
ലക്ഷകണക്കിന് രൂപ
കോടതിയിൽ പിഴ കെട്ടിവെപ്പിക്കുന്നത് പോലിസ് നടത്തിയ പരിശോധനയുടെ ഫലമാണ്.ജിയോളജി നൽകുന്ന
പാസിൽ കൃത്രിമം കാട്ടി മണ്ണെടുക്കുന്നത് പതിവാണ്. വ്യാജപാസുകൾ ഉണ്ടാക്കി കൊണ്ടാണ് ഇപ്പോൾ പലരും മണ്ണ് കടത്തുന്നത്.വ്യാജപാസും സീലും നിർമ്മിച്ചു കൊണ്ടാണ് ഇത്തരം സംഘങ്ങൾ മണ്ണ് കടത്തുന്നത്.ജിയോളജി റവന്യു ഉദ്യോഗസ്ഥർ
മണ്ണെടുക്കുന്നതിന് സ്ഥലത്ത് ചെന്ന് പരിശോധന നടത്തി വേണം അനുമതി നൽകാൻ എന്നാണ് വ്യവസ്ഥ. എന്നാൽ, സ്ഥലത്ത് ജിയോളജി വകുപ്പ് പോകാറേയില്ലെന്നും വ്യാപക പരാതിയുണ്ട്. അടുത്തിടെ ചാത്തന്നൂർ ഭാഗത്ത് പത്ത് സെന്റ് സ്ഥലത്തെ മണ്ണെടുക്കാൻ 304 പാസാണ് ജിയോളജി വകുപ്പ് നൽകിയത്. എന്നാൽ 50 ലോഡ് മണ്ണുമാത്രമേ അവിടെ നിന്നും എടുക്കാൻ ഉള്ളതായി പോലീസ് പരിശോധനയിൽ തെളിഞ്ഞു. പാസ് അനുവദിച്ച ബുക്ക് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു. പിന്നീട് ഈ പാസ് വാങ്ങാൻ ഒരാളും സ്റ്റേഷനിലേക്ക് എത്തിയില്ല. എന്നാൽ പോകാനുള്ള മണ്ണ് പോകുകയും ചെയ്തു. ഇതിനർഥം വ്യാജ പാസ് മണ്ണുമാഫിയകളുടെ കൈവശം ഉണ്ടെന്നു തന്നെയാണ്. ഇതെല്ലാം പരിശോധിക്കേണ്ട ജിയോളജി വകുപ്പ് മണ്ണുമാഫിയകളുടെ ഇത്തരം നടപടിക്കെതിരേ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപമുയരുന്നു.
No comments:
Post a Comment