Thursday, 3 February 2022

നഗരപ്പളപ്പിനിടയിലെ നന്മത്തുരുത്ത്

നഗരപ്പളപ്പിനിടയിലെ നന്മത്തുരുത്ത്
കുതിരക്കൂർ കരി എന്നാണ് ഈ തുരുത്തിന് പേര്.
കൊച്ചി നഗരത്തിന്റെ വിളിപ്പാടകലെ കണ്ടൽക്കാടുകൾ നിറഞ്ഞൊരു തുരുത്ത്.
പളപളാ മിന്നുന്ന കൊച്ചിയുടെ നഗരക്കാഴ്ചകളെ നിഷ്‌പ്രഭമാക്കുകയാണ് ഈ തുരുത്തിലെ നന്മനിറഞ്ഞ ഗ്രാമീണ ജീവിതം.
ചെല്ലാനം ഗ്രാമത്തിന്റെ ഭാഗമാണിതെങ്കിലും പള്ളുരുത്തിയോട് ചേർന്നു കിടക്കുകയാണീ തുരുത്ത്.

ഇരുവശത്തും കണ്ടലും പുൽക്കാടുകളും നിറഞ്ഞ ഒന്നര കിലോമീറ്റർ നീളത്തിൽ നേർത്ത ഒരു വഴിയുണ്ട്. ഈ വഴി അവസാനിക്കുന്നത് കുതിരക്കൂർ കരിയിലാണ്. ആകെയുള്ളത് എഴുപത് വീടുകൾ. എഴുപത് കുടുംബങ്ങളുടെ അത്യപൂർവമായ കൂട്ടായ്മയാണത്. അതിരുകളില്ലാത്ത സ്നേഹത്തിന്റെ തുരുത്ത്. വീടുകളെ വേലികെട്ടി തിരിക്കാൻ ഇഷ്ടപ്പെടാത്തവരുടെ ഇടം. ഇത് കുതിരക്കൂർ കരി... ഒപ്പമുണ്ട് എല്ലാത്തിനും...

തുരുത്തിൽ മരണമുണ്ടായാലും കൂട്ടായ്മ ഒപ്പമുണ്ടാകും. ആ പ്രദേശത്തുനിന്ന് ആരും അന്ന് ജോലിക്കായി പുറത്തുപോകില്ല. രാത്രിയാണെങ്കിൽ ആ രാത്രി കുടുംബങ്ങളൊന്നും ഉറങ്ങില്ല. തുരുത്തിൽ ചെറിയൊരു പള്ളിയുണ്ട്. മരിച്ചവരെ സംസ്കരിക്കാൻ കുഴി തയ്യാറാക്കുന്നതിന് പ്രത്യേകിച്ച് ആരുമില്ല. നാട്ടുകാർ ചേർന്ന് കുഴിയെടുക്കും. മറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നതും നാട്ടുകാർ തന്നെ. ഒരാൾ മരിച്ചാൽ തുരുത്തിന് അന്ന് ദുഃഖദിനമാണ്.

വേഷം മാറി, ജീവിതം മാറുന്നില്ല

പണ്ട് ഇത് വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തായിരുന്നു. ചെറിയൊരു റോഡ് വന്നതോടെ, തുരുത്ത് വിട്ട് പുറത്തേക്ക് ജോലി തേടി ചെറുപ്പക്കാർ പോയിത്തുടങ്ങി. അവർക്കെല്ലാം ഇരുചക്ര വാഹനങ്ങളായി. അവരുടെ വേഷങ്ങളിലും മാറ്റമുണ്ടായി. വേഷം മാറിയെങ്കിലും നന്മ നിറയുന്ന അവരുടെ ജീവിത രീതികൾ മാറുന്നില്ല. ജോലി കഴിഞ്ഞാൽ വൈകുന്നേരത്തോടെ, എല്ലാവരും തുരുത്തിലെത്തുന്നു. പിന്നെ അവർ അവരുടെ ലോകത്താണ്.

പോസ്റ്റ്മാൻ വരാത്ത നാട്

പണ്ടും കുതിരക്കൂർ തുരുത്തിലേക്ക് കത്തുകളുമായി പോസ്റ്റ്മാൻ വരാറില്ലായിരുന്നു. ഇപ്പോഴും അങ്ങനെയൊരാൾ വരുന്നില്ല. തുരുത്തിൽ ആർക്കെങ്കിലും കത്ത് വന്നാൽ അത് പോസ്റ്റ് ഓഫീസിൽ ചെന്ന് വാങ്ങിക്കുന്ന രീതിയാണ്. കത്ത് വരുമെന്ന് ഉറപ്പുള്ളവർ മാത്രം പോസ്റ്റ് ഓഫീസിൽ ചെന്ന് വിവരം തിരക്കും. നാട്ടിൽ തർക്കങ്ങളും പ്രശ്നങ്ങളും തീരെയില്ല. അതുകൊണ്ട് കുതിരക്കൂർ കരിയിലേക്ക് പോലീസും സാധാരണയായി വരാറില്ല. തുരുത്തിൽ പലചരക്ക് കടയുണ്ട്. അത് വീട്ടിൽത്തന്നെ നടത്തുകയാണ്. ചായക്കടകളൊന്നുമില്ല.

കുളം വെട്ടാനും റോഡ് തെളിക്കാനും കൂട്ടായ്മ

തുരുത്തിലെ കുളങ്ങളൊക്കെ വെട്ടി വൃത്തിയായി സൂക്ഷിക്കുന്നത് നാട്ടിലെ ചെറുപ്പക്കാരാണ്. ഇപ്പോൾ വെള്ളം പൈപ്പ് വഴി കിട്ടുന്നുണ്ടെങ്കിലും കുളങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നു.

ഇതൊരു കൂട്ടുത്തരവാദിത്വമാണവർക്ക്. അതുപോലെ റോഡ് വെട്ടിത്തെളിക്കാനും ഇവർ ഒത്തുചേരും. അവധി ദിവസം ഇതിനായി തിരഞ്ഞെടുക്കും.

നാടകത്തിലലിഞ്ഞ ജീവിതം

കുതിരക്കൂറിലെ ചെറുപ്പക്കാരെല്ലാം നാടക പ്രേമികളാണെന്ന് വേണമെങ്കിൽ പറയാം. നാട്ടിൻപുറത്തെ നാടകക്കാഴ്ചകൾ മിക്കപ്പോഴും ഇവിടെ കാണാം. എല്ലാ വർഷവും പള്ളിപ്പെരുന്നാളിന് കുറഞ്ഞത് രണ്ട് നാടകമെങ്കിലും വേണം. നാടകം കളിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ നാട്ടുകാർ തന്നെ. പെരുന്നാൾ കഴിഞ്ഞാൽ തൊട്ടടുത്ത പ്രദേശങ്ങളിലും നാടകം കളിക്കും. പിന്നെ അടുത്ത നാടകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്.

ഉത്സവമായി കല്യാണങ്ങൾ

കരിയിലെ കല്യാണങ്ങൾക്ക് ഇപ്പോഴും ഉത്സവച്ചന്തമാണ്. ഗ്രാമങ്ങളിൽ കല്യാണ വീടുകളിൽ കാണുന്ന കൂട്ടായ്മ അതിന്റെ ഊഷ്മളത ചോർന്നു പോകാതെ ഇപ്പോഴും ഇവിടെ കാണാം. കല്യാണ വീട്ടിൽ പന്തൽ കെട്ടിത്തുടങ്ങുമ്പോൾത്തന്നെ അയൽക്കാർ എത്തിത്തുടങ്ങും. രണ്ടും മൂന്നും ദിവസം നീളുന്നതാണ് കല്യാണപ്പരിപാടി. നാട്ടുരുചിയിൽ തയ്യാറാക്കുന്ന പ്രത്യേകമായ ചില പലഹാരങ്ങളുണ്ട്. അതൊക്കെ വീടുകളിൽ തന്നെയുണ്ടാക്കും. അയൽപക്കത്തെ സ്ത്രീകളെല്ലാം ചേർന്നാണ് പലഹാരമൊരുക്കൽ. തലേന്ന് രാത്രി കുടല് കറിയാണ് പ്രധാന ഭക്ഷണം. ആടിന്റെ കുടൽ വാങ്ങിക്കൊണ്ടുവന്ന് ചെറുപ്പക്കാർ തന്നെ അത് വൃത്തിയാക്കും. പകൽ മുഴുവൻ നീളുന്ന പണിയാണത്.

രാത്രിയോടെ സാധനം അടുപ്പത്താകും. രാത്രി ഭക്ഷണത്തിന് തുരുത്തിൽ ഒരാൾപോലും വിട്ടു നിൽക്കാറില്ല. എല്ലാവരും കുടുംബത്തോടെ എത്തണമെന്നത് അലിഖിതമായ നിയമമാണ്. അത് തെറ്റിക്കാൻ ആരും തയ്യാറല്ല. ആരെങ്കിലും ഒരാൾ വരാതിരുന്നാൽ എല്ലാവരും വിവരമറിയും. ഭക്ഷണമൊരുക്കലും അയൽക്കാർ ചേർന്നാണ്

No comments:

Post a Comment