Sunday, 13 February 2022

അത് എന്റെ ഉത്തരവാദിത്വമാണ്' കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

'അത് എന്റെ ഉത്തരവാദിത്വമാണ്' കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്


Yogi defends his 'UP can become like Bengal, Kerala' remark, says I alerted people of my stateയോഗി ആദിത്യനാഥ് 

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് തന്റെ വാദത്തെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയിരിക്കുന്നത്. 'ഇവർ ബംഗാളിൽ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതിൽ ജാഗ്രത പുലർത്തണമെന്നും നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താൻ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു', വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.

കഴിഞ്ഞ വർഷം പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമ സംഭവങ്ങളേയും യോഗി ഉയർത്തിക്കാട്ടി. 'ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന വിധാൻസഭ തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർ അക്രമത്തിനിരയായി. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം ഉച്ചസ്ഥായിയിൽ എത്തി. നിരവധിപേർ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ടോ?', യോഗി ചോദിച്ചു.

ഉത്തർപ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പും ബംഗാൾ തിരഞ്ഞെടുപ്പും അദ്ദേഹം താരതമ്യം ചെയ്യുകയുമുണ്ടായി. 'യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂർത്തിയായത്. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടർന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം ഇവിടെ നടന്നോ', യോഗി ചോദിച്ചു.

ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന തന്റെ സർക്കാരിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള യോഗിയുടെ മറുപടി ഇങ്ങനെയായിരുന്നു-

'ഈ അഞ്ചുവർഷം ഏതെങ്കിലും ആഘോഷങ്ങൾ നടത്തുന്നതിൽ തടസ്സമുണ്ടായോ?, ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ ആഘോഷങ്ങൾ സമാധാനത്തോടെ നടത്തി. ഹിന്ദുക്കൾ ഇവിടെ സുരക്ഷിതരാണ്. അവർക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങൾ എല്ലാവർക്കും സുരക്ഷ നൽകുന്നു. എല്ലാവർക്കും സമൃദ്ധിയും എല്ലാവർക്കും ബഹുമാനവും നൽകുന്നു. പക്ഷേ, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല', യോഗി പറഞ്ഞു

No comments:

Post a Comment