അപകടം പെരുകുന്നു : ദേശീയപാതയോരത്ത് ടാറിങ് നിരപ്പിൽ മണ്ണിടാൻ നടപടിയില്ല
ചാത്തന്നൂർ : ദേശീയപാതയോരം ടാറിങ് നിരപ്പിൽ മണ്ണിട്ട് ഉയർത്താത്തതിനാൽ അപകടങ്ങൾ പെരുകുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്ത് നടത്തിയ ടാറിങ്ങാണ് തറനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്നത്.
പലയിടങ്ങളിലും പാതയോരത്തുനിന്ന് ഒരടിയിലധികം ഉയരത്തിലാണ് ടാറിങ്. കോവിഡ് നിയന്ത്രണങ്ങൾമാറി വാഹനങ്ങൾ ഓടിത്തുടങ്ങിയെങ്കിലും ഇതുവരെ പാതയോരത്ത് മണ്ണിട്ട് നിരപ്പാക്കാനായിട്ടില്ല.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ ഓഫീസിനു സമീപത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വശത്ത് ഉയർന്നുനിൽക്കുന്ന ടാറിങ് കാരണം ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയാണ്. ഈ ഭാഗത്ത് റോഡിനു വീതി കുറവായതും അപകടം വർധിപ്പിക്കുന്നു.
ചാത്തന്നൂർ പെട്രോൾ പമ്പിനുസമീപം എസ് ബി ഐ.ക്ക് മുന്നിലും ടാറിങ് ഉയർന്നുനിൽക്കുന്നതിനാൽ അപകടം പതിവാണ്. ഇവിടെയും റോഡിന് വീതി കുറവാണ്. ബാങ്കിൽ വരുന്നവരുടെ വാഹനങ്ങൾ മുന്നിൽത്തന്നെ പാർക്ക് ചെയ്യുന്നതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
ബാങ്കിന് എതിർവശത്തും ടാറിങ് ഏറെ ഉയരത്തിലാണ്. ഊറാംവിള ജങ്ഷനു പടിഞ്ഞാറുവശത്ത് ദേശീയപാതയിൽനിന്ന് കുമ്മല്ലൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ടാറിങ് ഏറെ ഉയരത്തിലാണുള്ളത്. ഇടറോഡിൽനിന്ന് ദേശീയപാതയിലേക്ക് വാഹനങ്ങൾ കയറുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ദേശീയപാതാ അധികൃതരോട് പരാതിപറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ദേശീയപാതയിൽ കൊല്ലം മേവറംമുതൽ ജില്ലാതിർത്തിയായ കടമ്പാട്ടുകോണംവരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിലുള്ള നിരവധി അപകടക്കെണികളാണുള്ളത്.
നിരന്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലയാണിത്. ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പടം: ചാത്തന്നൂർ ഊറാംവിള ജങ്ഷനുസമീപം തറനിരപ്പിൽനിന്ന് ഒരടിയോളം ഉയരത്തിൽ ടാറിങ് നടത്തിയിരിക്കുന്നു
No comments:
Post a Comment