‘താടിയുള്ള അപ്പനെ മാത്രമേ പേടിയുള്ളൂ’ എന്നതുകൊണ്ടല്ല ഷംനാദലി താടി വളർത്തിയത്. ഒരു കൗതുകത്തിന് തുടങ്ങിയ താടിവളർത്തൽ അവസാനം ജീവകാരുണ്യപ്രവർത്തനത്തിൽ അവസാനിച്ച കഥയാണ് ഈ ചെറുപ്പക്കാരന് പറയാനുള്ളത്. ഇപ്പോഴിതാ കൊച്ചിയിൽനടന്ന താടി മത്സരത്തിൽ കേരളത്തിലെ മികച്ച താടിക്ക് ഉടമയായും മാറി.
മഞ്ചേരി കാരക്കുന്ന് ഷാപ്പുംകുന്നിലെ ഷംനാദലി എന്ന മുപ്പതുകാരനെ ‘താടിക്കാരൻ’ എന്നുപറഞ്ഞാലേ തിരിച്ചറിയൂ. ഫാൻസി കടയിലെ ജോലിക്കാരനാണ്. മൂന്നരക്കൊല്ലംകൊണ്ടാണ് ഷംനാദ് താടി ഈ രൂപത്തിൽ വളർത്തിയെടുത്തത്. അത് അത്ര എളുപ്പമാണെന്ന് കരുതരുത്.
സ്ത്രീകൾ മുടി സംരക്ഷിക്കുന്നതിനേക്കാൾ പ്രയാസമാണെന്നാണ് ഷംനാദിന്റെയും സുഹൃത്തും മറ്റൊരു താടിക്കാരനുമായ റജിനാസ് അലിയുടെയും അഭിപ്രായം. എന്നും കുളി കഴിഞ്ഞാൽ മുക്കാൽമണിക്കൂറെങ്കിലും താടി പരിചരിക്കണം. തുണികൊണ്ട് നന്നായി തോർത്തി ഉണക്കണം. ഉണക്കാൻ ഡ്രയർ പോലൊന്നും ഉപയോഗിക്കാറില്ല. പിന്നെ ശ്രദ്ധിച്ച് ചീർപ്പുകൊണ്ട് ചീകി കെട്ടുകൾ പോക്കണം. സുഹൃത്തിന്റെ അമ്മയുണ്ടാക്കുന്ന വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റു ചില ഔഷധങ്ങളും ചേർത്ത എണ്ണ പുരട്ടി വൃത്തിയാക്കി ചീകിവെക്കണം. പൊടിയുള്ള സമയങ്ങളിലും യാത്രയിലുമൊക്കെ തൂവാലകൊണ്ട് കെട്ടി മൂടിവെക്കും. അനുസരണക്കേട് കാണിക്കുന്ന ഇഴകളെ ഇടക്കിടെ നിർദയം വെട്ടിയൊതുക്കും. ഭക്ഷണം കഴിക്കുന്നതാണ് വലിയൊരു അധ്വാനം. ഒരു കൈകൊണ്ട് താടി സംരക്ഷിച്ചുവേണം കഴിക്കാൻ. സദ്യക്കും മറ്റും പോകുമ്പോൾ പ്രായമായവരുടെ കൂടെയാണ് ഇരിക്കുക. മെല്ലെ എഴുന്നേറ്റാൽ മതിയല്ലോ. ഇഷ്ടപ്പെട്ട പുട്ട് കഴിക്കാൻ കഴിയുന്നില്ലെന്ന വിഷമമുണ്ട് ഷംനാദലിക്ക്. കാരണം എങ്ങനെ ശ്രദ്ധിച്ചാലും പുട്ടിന്റെ തരികൾ താടിയിൽ വീഴും. വീണുകഴിഞ്ഞാൽ പിന്നെ തപ്പിയെടുത്ത് കളയൽ ഒരു ജീവൻമരണപോരാട്ടമാണ്.
ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടാലും കേരളത്തിലെ മികച്ച താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷമുണ്ട്. കേരള ബിയേഡ് സൊസൈറ്റിയും കൊച്ചിയിലെ സെന്റർ സ്ക്വയർ മാളും ചേർന്നാണ് കഴിഞ്ഞ ശനിയാഴ്ച മത്സരം നടത്തിയത്. താടിയുടെ രൂപം, സ്വഭാവം, വസ്ത്രധാരണം, പെരുമാറ്റം, സംസാരം എന്നിവയെല്ലാം കണക്കിലെടുത്താണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് ഷംനാദ് പറയുന്നു. ബിയേഡ് സൊസൈറ്റിയുടെ ജില്ലാ പ്രസിഡന്റുകൂടിയാണ് ഷംനാദ്. ഭാര്യക്കും രണ്ടു മക്കൾക്കും തന്റെ താടിയോട് സ്നേഹമുണ്ടെന്നതാണ് തന്റെ ആത്മവിശ്വാസമെന്നും ഷംനാദ് പറയുന്നു
No comments:
Post a Comment