Saturday, 13 November 2021

ഈ കുട്ടികൾക്ക് സ്കൂളിലെത്താൻ: പുഴ കടക്കണം അല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം


14Nov2021

മഴ ശക്തമായാൽ പുഴയിൽ വെള്ളം കയറും. ഇതോടെ 500 മീറ്റർ മാത്രം അകലെയുള്ള സ്കൂളിലെത്താൻ ഏഴുകിലോമീറ്റോളം ചുറ്റണം. വർഷങ്ങളായുള്ള ഒരു നാടിന്റെ ആവശ്യം അധികൃർക്കുമുന്നിൽ വനരോദനമായിത്തന്നെ തുടരുകയാണ്.

ചെങ്കളപഞ്ചായത്തിലെ പാടി കന്നിക്കുണ്ടിലാണ് കുട്ടികളുടെ ഭീതിനിറയ്ക്കുന്ന യാത്ര. സ്കൂളിലെത്തണമെങ്കിൽ പുഴ കടക്കണം, അല്ലെങ്കിൽ, കിലോമീറ്ററുകൾ ചുറ്റിനടക്കണം. പാടി കന്നിക്കുണ്ട്, തട്ടാമൂല, ചാപ്പാടി, കൊല്ലങ്കോട്ടുമൂല പ്രദേശങ്ങളിലെ വിദ്യാർഥികളുടെ ദുരിതയാത്ര കാണുന്നതിന് അധികൃതർ കണ്ണുതുറക്കണം. കുരുന്നുകളെ സ്കൂളിലയക്കുന്ന അമ്മമാരുടെ നെഞ്ചിടിപ്പ് കേൾക്കണം. പുഴയോരത്തുള്ള വീടുകളിൽനിന്ന് നോക്കിയാൽ കളരി കുന്നിൻമുകളിലെ എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കാണാൻ കഴിയും. പ്രദേശത്തെ നൂറോളം കുട്ടികൾ പഠിക്കുന്നത് എടനീർ സ്കൂളിലാണ്. ഇരുപതോളം കുട്ടികളെ രക്ഷിതാക്കൾ പുഴ മുറിച്ചുകടത്തിയാണ് സ്കൂളിലയക്കുന്നത്. തിരിച്ചുവരുന്ന സമയത്തും രക്ഷിതാക്കളുടെ തുണവേണം.

അരക്കിലോമീറ്റർ കടക്കാൻ ഏഴുകിലോമീറ്റർ ചുറ്റണം

മഴ ശക്തമായാൽ പുഴയിൽ വെള്ളംകയറും. ഇതോടെ അരകിലോമീറ്റർ മാത്രം അകലെയുള്ള സ്കൂളിലെത്താൻ ഏഴുകിലോമീറ്റർ ചുറ്റണം. വണ്ടിയിൽ പോകണമെങ്കിൽ രണ്ടുകിലോമീറ്ററോളം കൂടും. രാവിലെയും വൈകീട്ടും കുട്ടികളെ പുഴ മുറിച്ചുകടത്തേണ്ടതിനാൽ രക്ഷിതാക്കൾക്ക് പണിക്ക് പോകാൻ പറ്റുന്നില്ല. അപകടംഭയന്ന് മറ്റ് കുട്ടികൾ വാഹനങ്ങളിൽ കിലോമീറ്ററുകൾ ചുറ്റിയാണ് സ്കൂളിലേക്ക് പോകുന്നത്. അങ്കണവാടിയിലേക്ക് പോകുന്ന കുട്ടികളെയും എടുത്ത് പുഴ കടത്തണം.

എടനീരുള്ള റേഷൻകടയിലേക്ക് പോകുന്നവർക്കും പുഴ കടക്കണം. മഴക്കാലത്ത് 120 രൂപ ഓട്ടോയ്ക്ക് നൽകിയാണ് റേഷൻസാധനങ്ങൾ എത്തിക്കുന്നതെന്ന് വീട്ടമ്മയായ കെ.ശാരദ പറഞ്ഞു.

പാടി കന്നിക്കുണ്ടിൽനിന്ന് കളരിയിലേക്ക് കടക്കുന്ന ഭാഗത്ത് മധുവാഹിനിപ്പുഴയ്ക്ക് കുറുകെ തടയണയോടെയുള്ള പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പാലംപണിക്കായി മണ്ണ് പരിശോധന ഉൾപ്പെടെ നടന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

നബാർഡ് പദ്ധതിയിൽ പാലം പണിയുന്നതിന് വർഷങ്ങൾക്ക് മുൻപ്‌ പ്രാരംഭനടപടികൾ നടന്നിരുന്നെങ്കിലും തുടർപ്രവർത്തനമുണ്ടായിട്ടില്ല. പുഴയുടെ ഇരുഭാഗങ്ങളിലും റോഡുകളുണ്ട്. ചെങ്കള കെട്ടുങ്കല്ലിൽനിന്നുള്ള റോഡും എടനീർ കളരിവഴിയുള്ള റോഡുമാണ് പുഴയുടെ ഇരുഭാഗത്തുമുള്ളത്.

മഴക്കാലം മാറിയാലും കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാവില്ല. ഏറെയും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. വേനലിൽ കൃഷി നനയ്ക്കാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. പുഴയിൽ താത്‌കാലിക തടയണയുണ്ടാക്കിയാണ് കൃഷിക്കാവശ്യമായ വെള്ളമെടുക്കുന്നത്. പാലത്തിനൊപ്പം തടയണയും പണിതാൽ യാത്രയ്ക്കൊപ്പം വേനലിലെ കുടിവെള്ളപ്രശ്നത്തിനും പരിഹാരമാകും.ജോലിക്ക് പോകാൻ കഴിയുന്നില്ല

അങ്കണവാടിയിലും സ്കൂളിലും പോകുന്ന മക്കളെ രാവിലെയും വൈകീട്ടും പുഴ കടത്തേണ്ടിവരുന്നതിനാൽ ജോലിക്ക് പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് റേഷൻസാധനങ്ങൾ വാങ്ങി ഏഴ് കിലോമീറ്ററോളം ചുറ്റിയാണ് വരുന്നത്. കുടുംബങ്ങൾ ഏറെയും പാവപ്പെട്ടവരാണ്. വർഷങ്ങളായി അനുഭവിക്കുന്ന പ്രയാസം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

കെ.എസ്.ബീന, വീട്ടമ്മനാടിന്റെ സ്വപ്നം സഫലമാക്കണം

നാടിന്റെ ചിരകാലസ്വപ്നമാണ് കന്നിക്കുണ്ട് പാലം. കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് പുഴ കടന്നാണ് സ്കൂളിൽ പോയത്. ഇപ്പോഴും അതേ സ്ഥിതി തന്നെ. യാത്രാസൗകര്യം വിവിധ ഭാഗങ്ങളിൽ അനുദിനം മെച്ചപ്പെട്ടുവരുമ്പോഴും ഒരു നാടിന്റെ വർഷങ്ങളായുള്ള ആവശ്യം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.

കെ.മുരളീധരൻ, പൊതുപ്രവർത്തകൻസ്കൂൾയാത്ര പേടിയോടെ

പുഴയോരത്തുള്ള വീട്ടിൽനിന്ന് എടനീർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന ചേച്ചി ശിവന്യയോടൊപ്പമാണ് സ്കൂളിൽ പോകുന്നത്. മഴക്കാലത്ത് പുഴയിൽ ഒഴുക്ക് കൂടിയാൽ സ്കൂളിലെത്താൻ ചാപ്പാടി, എടനീർ വഴി രണ്ട് മണിക്കൂറിലേറെ നടക്കേണ്ടിവരുന്നു. പുഴ കടന്നാൽ 15 മിനിറ്റേ വേണ്ടൂ. പുഴ കടക്കുമ്പോൾ യൂണിഫോം മുഴുവൻ നനയുന്നതോടൊപ്പം ബാഗിലും പുസ്തകത്തിലും ചെളിയാകുന്നു. ക്ലാസിൽ നനഞ്ഞ് ഇരിക്കാൻ കഴിയുന്നില്ല.

സി.ശിവാനി, കന്നിക്കുണ്ട്

(നാലാംതരം വിദ്യാർഥിനി, എടനീർ സ്കൂൾ

No comments:

Post a Comment