Monday, 1 November 2021

പിരിയാൻ വയ്യ കളിക്കൂട്ട്: ജാക്കി... ‘പ്രസന്റ് സർ’

പിരിയാൻ വയ്യ കളിക്കൂട്ട്: ജാക്കി... ‘പ്രസന്റ് സർ’

കളിക്കൂട്ടുകാരൻ ഹർഷരാജിനെത്തേടി ജാക്കിയെത്തി ഒരുകിലോമീറ്ററോളം താണ്ടി. കോവിഡിന് ഇടവേള നൽകി കുരുന്നുകൾ സ്കൂളിലെത്തിയപ്പോൾ പെരിയ ആയംപാറ യു.പി. സ്കൂളിൽ കണ്ടത് മനുഷ്യനും നായയും തമ്മിലുള്ള നിഷ്കളങ്ക സ്നേഹത്തിന്റെ ആഴമാണ്.

കുഞ്ഞായിരിക്കുമ്പോൾ ഹർഷരാജിന്റെ വീട്ടിലെത്തിയതായിരുന്നു ജാക്കി എന്ന നായ. ഇന്ന് പ്രായം ഒൻപതുമാസം. പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ രാവിലെ വില്ലാരംപതിയിലെ വീട്ടിൽനിന്ന് അമ്മ ആർ.പദ്‌മിനിയോടൊപ്പം ഇറങ്ങിയതായിരുന്നു രണ്ടാംക്ലാസുകാരനായ ഹർഷരാജ്.

മുഴുവൻസമയം കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാരൻ പതിവില്ലാതെ ഏറെ നേരത്തേക്ക് വീട്ടിലെത്താതായപ്പോൾ ജാക്കിക്ക് സംശയം കുടുങ്ങി. ഭക്ഷണം നൽകാനായി വീട്ടുകാർ കൂട് തുറന്നപ്പോഴാണ് ജാക്കി മുങ്ങിയത്. ഒരുകിലോമീറ്ററോളം മണംപിടിച്ച് നടന്ന് സ്കൂൾ ഗേറ്റിന് സമീപത്തെത്തി. ധാരാളം കുട്ടികളെക്കണ്ട് ശങ്കിച്ചുനിന്ന ജാക്കിയെത്തേടി ഹർഷരാജിന്റെ വിളിയെത്തി. സ്കൂൾവളപ്പിൽ കയറിയ ജാക്കി മുഴുവൻ സമയവും ഹർഷരാജിനൊപ്പം തന്നെ നടന്നു. നായയ്ക്ക് കുട്ടിയോടുള്ള അടുപ്പം മനസ്സിലാക്കിയ അധ്യാപകർ നായയെ ക്ലാസ് തുടങ്ങുംവരെ അവിടെ തുടരാൻ അനുവദിച്ചു.

ഹർഷരാജിനൊപ്പം ക്ലാസിൽ കയറി ഇരിപ്പിടത്തിനുസമീപം തന്നെ നിലയുറപ്പിച്ചു. ഒരുതവണപോലും കുരച്ച് മറ്റ് കുട്ടികളെ പേടിപ്പിച്ചുമില്ല. പ്രഥമാധ്യാപകൻ എം.ദിവാകരൻ ഈ സ്നേഹനിമിഷങ്ങൾ പകർത്താൻ ആവശ്യപ്പെടുകയായിരുന്നു. പി.ടി.എ. വൈസ് പ്രസിഡന്റ് സതീശൻ കൊള്ളിക്കാലാണ് കുട്ടിയും നായയുമൊത്തുള്ള ചിത്രങ്ങൾ പകർത്തിയത്.

പ്രവേശനോത്സവ നടപടികൾ ആരംഭിക്കുമ്പോഴേക്കും ഏറെനേരം പണിപ്പെട്ട്‌ നായയെ അധ്യാപകർ സ്കൂൾഗേറ്റിന് പുറത്തെത്തിച്ചു. ഹർഷരാജിനോടുള്ള നായയുടെ സ്നേഹപ്രകടനം അധ്യാപകർക്ക് പോലും കൗതുകമുണർത്തിയെന്ന് പ്രഥമാധ്യാപകൻ എം.ദിവാകരൻ പറഞ്ഞു.

കുറച്ചുസമയം ഹർഷരാജിനെ കാത്ത് ഗേറ്റിനെ ചുറ്റിപ്പറ്റി നടന്നെങ്കിലും സ്കൂളിൽ തനിക്ക് സീറ്റില്ലെന്ന് മനസ്സിലായതിനെത്തുടർന്ന് ജാക്കി തന്റെ കൂട്ടിലേക്ക് മടങ്ങുകയായിരുന്നു.

No comments:

Post a Comment