Thursday, 25 November 2021

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അക്രമികളെത്തിയ കാർ പൊള്ളാച്ചിയിൽ പൊളിച്ചനിലയിൽ


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അക്രമികളെത്തിയ കാർ പൊള്ളാച്ചിയിൽ പൊളിച്ചനിലയിൽ


25Nov2021പാലക്കാട് മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സഞ്ചരിച്ച കാറിന്റെ ഭാഗങ്ങൾ പൊള്ളാച്ചിയിലെ വാഹനംപൊളിക്കൽകേന്ദ്രത്തിൽ പോലീസ് പരിശോധിക്കുന്നു

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ്. പ്രാദേശികനേതാവ് സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ കൊല നടത്താനായി എത്തിച്ചേർന്ന വാഹനത്തിന്റെ ഭാഗങ്ങൾ പൊള്ളാച്ചിയിലെ വാഹനംപൊളിക്കൽകേന്ദ്രത്തിൽനിന്ന് പോലീസ് കണ്ടെടുത്തു. കേസിലെ നിർണായകതെളിവുകളിലൊന്നാണിത്. വെള്ളനിറത്തിലുള്ള പഴയമോഡൽ കാറിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.

കഴിഞ്ഞ 17-ന് രാവിലെ 9.05-ന് അമ്പ്രാംപാളയത്തിനടുത്തുള്ള വാഹനംപൊളിക്കൽകേന്ദ്രത്തിലേക്ക് കാർ എത്തിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരാണ് കാറുമായി വർക്ക്‌ഷോപ്പിലെത്തിയത്. പൊളിച്ചുനീക്കുന്നതിന് വാഹനം നൽകാൻ 17,000 രൂപ ഇവർ ആവശ്യപ്പെട്ടെങ്കിലും 15,000 രൂപയ്ക്ക് കാർ വാങ്ങിയതായി വർക്ക്ഷോപ്പ് ഉടമ മുരുകാനന്ദം പറഞ്ഞു.

വാഹനത്തിന്റെ ആർ.സി. ബുക്കടക്കമുള്ള രേഖകൾ കാണിച്ചിരുന്നു. എന്നാൽ, വില്പന നടത്തിയവർ ആർ.സി. ബുക്കും നമ്പർപ്ലേറ്റും കൊണ്ടുപോയെന്ന് വർക്ക്ഷോപ്പ് ഉടമ പറഞ്ഞു.

ആർ.സി. ബുക്കിലെ വിവരങ്ങൾ ഇംഗ്ലീഷിലായതിനാൽ മനസ്സിലായില്ലെന്നാണ് മുരുകാനന്ദം പറയുന്നത്.

22-നാണ് വാഹനം പൊളിച്ചുതുടങ്ങിയത്. പോലീസ് പരിശോധനയ്ക്ക് എത്തുമ്പോഴേക്ക് എൻജിനടക്കമുള്ള എല്ലാ ഭാഗങ്ങളും പൊളിച്ചുമാറ്റിയിരുന്നു.

വാഹനത്തിൽ വ്യാജ നമ്പർപ്ലേറ്റാണ് ഉണ്ടായിരുന്നതെന്നും ഇതുണ്ടാക്കിയത് കൊല്ലങ്കോട്ടാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളിൽനിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പൊള്ളാച്ചി അമ്പ്രാംപാളയത്തിനുസമീപമുള്ള വാഹനപൊളിക്കൽകേന്ദ്രത്തിൽ എത്തിയത്.

കേസിൽ ആദ്യം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രാദേശികനേതാവിനെ ചോദ്യംചെയ്യുന്നതിനായി അഞ്ചുദിവസത്തക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

പോപ്പുലർഫ്രണ്ട് പ്രാദേശികഭാരവാഹികളായ രണ്ടുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്

No comments:

Post a Comment