കൊല്ലം: തീരദേശത്തുള്ളവരുടെ പുനരധിവാസത്തിനായാണ് കോടികൾ മുടക്കി ഹെക്ടർ കണക്കിന് ഭൂമിയിൽ രണ്ടുനിലകളിലായി സുനാമി ഫ്ലാറ്റുകൾ പണിതുയർത്തിയത്. ഇരവിപുരം, പനമൂട് വള്ളക്കടവ്, വലിയവിള, ആക്കോലിൽ, താന്നി, കുറ്റിക്കാട്, ധവളക്കുഴി, പരവൂർ എന്നിവിടങ്ങളിലാണ് സുനാമി ഫ്ലാറ്റുകൾ നിലവിലുള്ളത്. സർക്കാർ മേൽനോട്ടത്തിൽ വിവിധ ഏജൻസികളാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ഫ്ലാറ്റ് നിർമാണത്തിലെ അശാസ്ത്രീയതയാണ് താമസക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഒരു ഫ്ലാറ്റിൽ താഴെയും മുകളിലുമായി നാലു വീടുകളാണുള്ളത്. ഫ്ലാറ്റിലെ ഓരോ വീടിന്റെയും പ്രധാന വാതിലുകൾ മുഖാമുഖമാണ്
ശ്വാസംവിടാൻപോലും കഴിയാതെ ഞെങ്ങിഞെരുങ്ങിയുള്ള ജീവിതം
@ മരണം നടന്നാൽ മൃതദേഹങ്ങൾ വീടിനുമുന്നിലെ റോഡിൽ കിടത്തേണ്ട ഗതികേടാണ് സുനാമി ഫ്ലാറ്റ് നിവാസികൾക്കുള്ളത്. ഒരു ആഘോഷം വന്നാൽ നടത്താൻ പറ്റിയ ഒരു സംവിധാനവും സുനാമി ഫ്ലാറ്റുകളിൽ ഇല്ല. തോന്നിയപോലെ വയറിങ് നടത്തിയിരിക്കുന്നതിനാൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയും താമസക്കാർക്കുണ്ട്. ശൗചാലയങ്ങളിലെ പ്ലമ്പിങ് ജോലികളിലെ അപാകതകൾ ഏറെയാണ്. പൈപ്പിലെ ചോർച്ചകാരണം മലിനജലം താഴത്തെ വീടുകളിലെ കിടപ്പുമുറികളിലേക്ക് വീഴുന്ന അവസ്ഥയാണ്. ചില കെട്ടിടങ്ങളുടെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞനിലയിലാണ്. ഗുണനിലവാരമില്ലാത്ത തടി ഉപയോഗിച്ചുള്ള നിർമാണം കാരണം വാതിലുകളും ജന്നലുകളും നശിച്ചനിലയിലാണ്.
@ ചുറ്റിലും മാലിന്യം.കൂട്ടായി പകർച്ചവ്യാധികളും
മാലിന്യനിർമാർജനമാണ് ഫ്ലാറ്റുകളിലെ താമസക്കാർ നേരിടുന്ന പ്രധാന പ്രശ്നം. പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. വീടുകൾക്കു മുന്നിലായുള്ള സെപ്റ്റിക് ടാങ്കുകൾ അടിക്കടി നിറയുന്നതും പ്രധാന പ്രശ്നമാണ്. സെപ്റ്റിക് ടാങ്കുകൾ മാസംതോറും വൃത്തിയാക്കേണ്ടിവരുന്നു. പ്രതിമാസം രണ്ടായിരത്തോളം രൂപ ഓരോ വീട്ടുകാരും ചെലവാക്കണം. മിക്ക ഫ്ലാറ്റുകൾക്കുമുന്നിലും മലിനജലം കെട്ടിക്കിടക്കുകയാണ്. കൊതുകുകളുടെ പ്രജനനകേന്ദ്രമാണിവിടം. രൂക്ഷമായ ദുർഗന്ധം സഹിച്ച് ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് താമസക്കാർ. മഴക്കാലത്ത് ദുരിതം ഇരട്ടിയാകും. പകർച്ചവ്യാധികൾ പിടിപെട്ട് പലരും ആശുപത്രിലാകും. മഞ്ഞപ്പിത്തവും അതിസാരവും ഡെങ്കിപ്പനിയും എലിപ്പനിയുമടക്കം പടർന്നുപിടിക്കും. വിവരമറിഞ്ഞ് അധികാരികൾ എത്തിയാലും എല്ലാം ശരിയാക്കാമെന്നുപറഞ്ഞ് മടങ്ങുന്നതല്ലാതെ ഒന്നും പരിഹരിക്കപ്പെടാറില്ല.
@സുനാമി ഫ്ലാറ്റിലെ മാലിന്യങ്ങൾ തോട്ടിൽ
സുനാമി ഫ്ളാറ്റ് നിവാസികൾ മാലിന്യങ്ങൾ തള്ളുന്നത് തോട്ടിലേക്ക്. വള്ളക്കടവ് സുനാമി ഫ്ലാറ്റിനു പുറകിലെ തോട്ടിലാണ് മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നത്. മാലിന്യസംസ്കരണത്തിന് സംവിധാനങ്ങൾ ഫ്ലാറ്റിൽ ഇല്ലാത്തതിനാലാണ് പലരും മാലിന്യം തോട്ടിലേക്ക് തള്ളുന്നത്. കൊല്ലം തോട്ടിൽനിന്ന് തുടങ്ങി ആക്കോലിൽ ഏലായിലൂടെ ഒഴുകുന്ന തോട്ടിലാണ് മാലിന്യങ്ങൾ കുന്നുകൂടി അഴുകിക്കിടക്കുന്നത്.
@ മഴക്കാലത്ത് വെള്ളക്കെട്ട്
32 ഫ്ലാറ്റിൽ ആൾവാസമില്ല.
വാളത്തുംഗൽ ആക്കോലിൽ കോടികൾ മുടക്കി നിർമിച്ച 104 വീടുകളുള്ള സുനാമി ഫ്ലാറ്റിൽ 32 എണ്ണം ആൾതാമസമില്ലാതെ നശിക്കുന്നു. ചതുപ്പുനിലത്തിൽ നിർമിച്ച ഈ ഫ്ലാറ്റ് മഴക്കാലത്ത് വെള്ളംകയറി നിറയുന്നതിനാൽ വാസയോഗ്യമല്ല. 2014ൽ 4,79,67,768 രൂപ മുടക്കിയാണ് 104 വീടുകളുടെ നിർമാണം ഇവിടെ പൂർത്തിയാക്കിയത്. കുറ്റിച്ചെടികൾ വളർന്ന് കെട്ടിടങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്.
@ നിർമാണം തോന്നിയപടി
സുനാമി ഫ്ലാറ്റുകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പേരിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തോന്നിയപടിയെന്ന് ആക്ഷേപം. വാളത്തുംഗൽ ആക്കോലിൽ സുനാമി ഫ്ലാറ്റിൽ മാലിന്യപ്ലാന്റിന്റെ നിർമാണം നടത്തുന്നത് അങ്കണവാടിക്കു സമീപമാണ്. മാലിന്യം കത്തിക്കുമ്പോൾ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന അസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിവാസികൾ രംഗത്തുവന്നെങ്കിലും അത് അവഗണിച്ച്
നിർമാണം നടത്തി. ഒരു കമ്യൂണിറ്റി ഹാൾ നിർമിക്കണമെന്ന ആവശ്യം തള്ളിയാണ് മാലിന്യ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചിട്ടുള്ളത്. പമ്പ് ഹൗസിന്റെയും കുഴൽക്കിണറിന്റെയും സമീപത്തായാണ് മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.താന്നി സുനാമി ഫ്ലാറ്റ് വളപ്പിൽ അങ്കണവാടി കെട്ടിടനിർമാണം മുടങ്ങിക്കിടക്കുകയാണ്. അഞ്ചുവർഷംമുൻപാണ് കെട്ടിടനിർമാണം കളക്ടർ തടഞ്ഞത്.
മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനായി ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്ന സ്ഥലത്ത് അങ്കണവാടി കെട്ടിടം നിർമിച്ചതാണ് നിർമാണം മുടങ്ങാനിടയാക്കിയത്. കെട്ടിടത്തിനുള്ള ഫൗണ്ടേഷനും തൂണുകളും ഇപ്പോഴും ഇവിടെയുണ്ട്.
@ മിഴിയടച്ച് ഹൈമാസ്റ്റ് ലൈറ്റ്
പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനം നിലച്ച സോളാർ പാനലും
സുനാമി ഫ്ളാറ്റ് പരിസരത്ത് സ്ഥാപിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി. തീരദേശ വികസന കോർപ്പറേഷന്റെ ഫണ്ടിൽനിന്ന് കൊട്ടിഘോഷിച്ച് കെൽട്രോൺ സ്ഥാപിച്ച സോളാർ ഹൈമാസ്റ്റ് ലൈറ്റുകളാണ് പ്രകാശിക്കാത്തത്. ഫ്ലാറ്റിനുമുകളിൽ സോളാർ പാനൽ സ്ഥാപിച്ച് അതിൽനിന്നുള്ള വൈദുതി ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കുകയായിരുന്നു ലക്ഷ്യം. ആദ്യത്തെ കുറച്ചുദിവസം ലൈറ്റുകൾ കത്തിയെങ്കിലും പിന്നീട് മിഴിയടയ്ക്കുകയായിരുന്നു.
@ സാമൂഹികവിരുദ്ധ കേന്ദ്രങ്ങളായി കമ്യൂണിറ്റി ഹാളും ദുരിതാശ്വാസ പുനരധിവാസകേന്ദ്രവും
താന്നി സുനാമി ഫ്ലാറ്റ് പരിസരത്ത് ഉപയോഗിക്കാതെ നശിക്കുന്ന ഡിസാസ്റ്റർ മാനേജ്മെൻറ് ഷെൽട്ടർ
കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കി ഫ്ലാറ്റ് വളപ്പിൽ സ്ഥാപിച്ച മിനി കമ്യൂണിറ്റി ഹാളും ദുരിതാശ്വാസ പുനരധിവാസകേന്ദ്രവും സാമൂഹികവിരുദ്ധകേന്ദ്രങ്ങളായി. ഇരവിപുരം വള്ളക്കടവിലെ മിനി കമ്യൂണിറ്റി ഹാളും താന്നി സ്നേഹതീരം സുനാമി ഫ്ലാറ്റിലെ ദുരിതാശ്വാസ പുനരധിവാസകേന്ദ്രവുമാണ് സാമൂഹികവിരുദ്ധതാവളമായി മാറിയത്. കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറിൽ കോർപ്പറേഷൻ നടത്തിയെങ്കിലും പിന്നിട് തുറന്നിട്ടേയില്ല. ഇതിനടുത്തായി ചീപ്പ് നിർമിക്കുന്നവരുടെ നിർമാണസാമഗ്രികൾ കയറ്റിവെക്കാനുള്ള ഇടമായി മിനി കമ്യൂണിറ്റി ഹാൾ മാറിയിട്ടുണ്ട്.
താന്നി സുനാമി ഫ്ലാറ്റ് വളപ്പിൽ ലക്ഷങ്ങൾ മുടക്കിയാണ് ദുരിതാശ്വാസ പുനരധിവാസകേന്ദ്രം സ്ഥാപിച്ചത്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടം ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുകയാണ്. ജന്നലുകളും അടുക്കളയും തകർന്നനിലയിലാണ്. മദ്യപാനികളുംമറ്റും ഇവിടം താവളമാക്കിയിട്ടും കെട്ടിടം സംരക്ഷിക്കാൻ റവന്യൂ അധികൃതർക്ക് തയ്യാറാകുന്നില്ല. കഴിഞ്ഞതവണ വെള്ളപ്പൊക്കമുണ്ടായപ്പോൾ ദുരിതബാധിതരെ ഇവിടെ താമസിപ്പിക്കാതെ ഇരവിപുരത്തെ സ്കൂളുകളിൽ പാർപ്പിക്കുകയായിരുന്നു അധികൃതർ.
@ കുടിക്കാൻ കുപ്പിവെള്ളം തന്നെ ശരണം
ശുദ്ധജലത്തിന്റെ അഭാവം കാരണം മിക്കവീടുകളിലും വലിയ ജാറുകളിൽ വെള്ളം വിലയ്ക്കുവാങ്ങുകയാണ്. കിണറുകളിൽനിന്നും പൈപ്പിൽനിന്നും ലഭിക്കുന്ന ജലം ആഹാരം പാകംചെയ്യാനും കുടിക്കാനും കൊള്ളില്ലെന്ന് ഇവർ പറയുന്നു.
No comments:
Post a Comment