Wednesday, 17 November 2021

അയണ്‍ ഡോമിനെക്കാള്‍ കരുത്തന്‍: യു.എസ് ഭീഷണി തള്ളി എസ്-400 ഇന്ത്യയിലെത്തുമ്പോള്‍

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാൻ റഷ്യൻനിർമിത മിസൈൽ സംവിധാനമായ എസ്-400 ട്രയംഫ് എത്തി തുടങ്ങി.

ഇതിന്റെ ഘടകഭാഗങ്ങൾ കര-വ്യോമ മാർഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കൊല്ലംതന്നെ വിന്യസിക്കാൻ കഴിയുംവിധമാണ് എസ്-400 കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറൽ സർവീസ് ഓഫ് മിലിട്ടറി ടെക്നിക്കൽ കോ-ഓപ്പറേഷൻ ഡയറക്ടർ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജൻസി വ്യക്തമാക്കി.എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറിൽ ഒപ്പിട്ടത്. ഇതിൽ 80 കോടി ഡോളർ (5900 കോടി രൂപ) കൈമാറുകയും ചെയ്തു. ഈ അഞ്ചെണ്ണത്തിന്റെ വിതരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യ യൂണിറ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിൽ നിന്ന് ഈ സംവിധാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദർശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമൻ പറഞ്ഞിരുന്നു. എസ്-400 വാങ്ങിയതിന്റെ പേരിൽ തുർക്കിക്ക് യു.എസ്. ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

എന്താണ് എസ്-400

ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് എസ്-400 ട്രയംഫിനെ കണക്കാക്കുന്നത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് ഇതിനുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് ഒരു കവചമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ സംവിധാനം ഒരു ദീർഘദൂര ഉപരിതല-എയർ മിസൈൽ സംവിധാനമാണ്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400 നു നുഴഞ്ഞുകയറ്റ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ നേരിടാൻ കഴിയുമെന്ന് യുഎസ് വ്യോമസേനയുടെ ജേണൽ ഫോർ ഇൻഡോ-പസഫിക് കമാൻഡിന്റെ സമീപകാല ലേഖനത്തിൽ പറയുന്നു.

നാല് തരം മിസൈലുകളാലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 9എം96ഇ, 9എം96ഇ2 (രണ്ടിന്റെയും ദൂരപരിധി 120 കിലോമീറ്റർ), 48എൻ6ഡിഎം (ദൂരപരിധി 250 കിലോമീറ്റർ), 40എൻ 6 (ദൂരപരിധി 400 കിലോമീറ്റർ) എന്നിങ്ങനെയാണ് അവ.

600 കിലോമീറ്റർ പരിധിയിൽ 160 വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ 72 വസ്തുക്കളെ ലക്ഷ്യമിടാനും ഇതിന് കഴിയുമെന്ന് ഒരു പഠനം പറയുന്നു.

പ്രവർത്തന രീതി

എസ്-400 വ്യോമ പ്രതിരോധ സംവിധാനം അത് സംരക്ഷിക്കേണ്ട പ്രദേശത്ത് ഒരു ആകാശ ഭീഷണി കണ്ടെത്തുകയാണെങ്കിൽ, ഭീഷണിയുടെ പാത സംവിധാനം മനസ്സിലാക്കുന്നു. തുടർന്ന് അതിനെ നേരിടാൻ മിസൈലുകൾ പ്രയോഗിക്കുന്നു.

കമാൻഡ് വാഹനത്തിലേക്ക് വിവരങ്ങൾ കൈമാറുന്ന ദീർഘദൂര നിരീക്ഷണ റഡാറുകൾ ഈ സംവിധാനത്തിലുണ്ട്. ലക്ഷ്യം തിരിച്ചറിയുമ്പോൾ, കമാൻഡ് വാഹനം മിസൈൽ വിക്ഷേപണത്തിന് ഉത്തരവിടുകയാണ് ചെയ്യുക.

ഈ വർഷം മേയിൽ ഗാസയിൽ നിന്ന് വരുന്ന റോക്കറ്റുകളിൽ നിന്ന് സംരക്ഷിക്കാൻ ഇസ്രായേൽ അടുത്തിടെ ഉപയോഗിച്ച അയൺ ഡോം എറെ ശ്രദ്ധനേടിയിരുന്നു. അതിനേക്കാൾ കരുത്തനാണ് എസ്-400 എന്നാണ് റിപ്പോർട്ടുകൾ. എസ്-400-ന് ഒരു വലിയ പ്രദേശത്തെ വളരെ ദൂരെയുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യ എസ്-400 വാങ്ങുന്നതിന്റെ ലക്ഷ്യം

പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും ഒരുപോലെ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ നിന്നുള്ള മിസൈൽ അല്ലെങ്കിൽ യുദ്ധവിമാനങ്ങൾ വഴിയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ ഇന്ത്യക്ക് ഏറെ സഹായകരമാകും എസ്-400 സംവിധാനം. സ്വന്തം വ്യോമാതിർത്തിക്കുള്ളിൽ പോലും എതിരാളിയുടെ വ്യോമ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ എസ്-400ന് കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേ സമയം ഇന്ത്യൻ അതിർത്തിയിൽ ചൈന എസ്-400 സംവിധാനം സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ എംഎം-104 പാട്രിയോറ്റ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്-400ന് അഞ്ചു മിനിറ്റിനുള്ള മിസൈൽ വിന്യാസം നടത്താൻ കഴിയുമ്പോൾ യുഎസ് സംവിധാനത്തിന് 25 മിനിറ്റെടുക്കും. എസ്-400 സെക്കൻഡിൽ 4.8 കിലോമീറ്റർ വേഗതയുള്ളപ്പോൾ എംഎം-104 പാട്രിയോറ്റിന് 1.38 കി.മീറ്റർ വേഗതയാണുള്ളത്.2018-ൽ എസ്-400ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഓർഡർ ചെയ്തത്. 24 മാസത്തിനകം ലഭ്യമാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിരവധി കാരണങ്ങളാൽ വിതരണം താമസിച്ചു. 2019 ജൂലായിൽ കേന്ദ്ര സർക്കാർ അറിയിച്ചത് 2023 ഏപ്രിൽ ആകുമ്പോഴേക്കും വിതരണം പൂർത്തീകരിക്കുമെന്നാണ്.

എസ്-400 കൈകളിലുള്ള രാജ്യങ്ങൾ

നിരവധി രാജ്യങ്ങൾ റഷ്യയുടെ എസ്-400 നോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെലാറസ് 2007-ലാണ് റഷ്യയോട് ഈ സംവിധാനം ആവശ്യപ്പെട്ടത്. 2016-ൽ അവർ ആദ്യ ഡെലിവറി ലഭിച്ചു. 2014-ൽ അൾജീരിയ 2014-ൽ ഓർഡർ ചെയ്തു, അവർക്ക് 2015-ൽ ആദ്യ യൂണിറ്റ് ലഭിച്ചു. 2017-ലാണ് തുർക്കി ഓർഡർ ചെയ്തത്. 2019-ൽ വിതരണം നടന്നു. ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും റഷ്യയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

യുഎസിന്റെ അതൃപ്തി

എസ്-400 ഇന്ത്യ റഷ്യയിൽ നിന്ന് സ്വന്തമാക്കുന്നതിൽ യുഎസിനുള്ള അതൃപ്തിക്ക് നിരവധി കാരണങ്ങളുണ്ട്്. പരമ്പരാഗതമായി പ്രതിരോധ സംവിധാനങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നതിൽ നിന്ന് ഇന്ത്യ പിൻമാറ്റുക എന്നതാണ് ഒരു കാരണം. 2011-15-ൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായിരുന്നു അമേരിക്കയെങ്കിൽ 2016-20ൽ ഇത് യുഎസിനെ നാലാമതെത്തിച്ചിരുന്നു. എസ്-400 സംവിധാനം വാങ്ങിയാൽ ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് ഇതിനോടകം തന്നെ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് മേൽ ഈ സംവിധാനം വാങ്ങിയതിന്റെ പേരിൽ 2020-ഡിസംബറിൽ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം യുഎസിൽ നിന്ന് 30 സായുധ ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം എസ്-400 വാങ്ങുന്നതിലുള്ള അതൃപ്തി മറികടക്കാനാണെന്നാണ് റിപ്പോർട്ടുകൾ. 22500 കോടി രൂപയുടെ ഡ്രോണുകൾ വാങ്ങനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment