Thursday, 28 July 2022

ചാത്തന്നൂരിലെ പൊതു ചന്തയിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കുന്നത് പകർച്ചവ്യാധിഭീഷണി ഉയർത്തുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിലെ പൊതു ചന്തയിൽ നിന്നും മലിനജലം 
റോഡിലൂടെ ഒഴുക്കുന്നത് പകർച്ചവ്യാധിഭീഷണി ഉയർത്തുന്നു.
ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത്  കാര്യാലയത്തിനോട് 
ചേർന്ന് പ്രവർത്തിക്കുന്ന ചന്തയിലെ മലിനജലമാണ് ഓട പൊട്ടി പഞ്ചായത്തിന് മുന്നിൽ കൂടിയുള്ള 
റോഡിൽക്കൂടി ഒഴുകി ചാത്തന്നൂർ തോടിലെത്തുന്നത്.ഇത് മൂലം ജനങ്ങൾക്ക് ഇത് വഴി മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ചാത്തന്നൂർ തോടും മലിനമായി മാറുന്നു 
ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലേക്കും കല്ലുവെട്ടാംകുഴി, ദീപം ക്ലബ്ബ്, ആനന്ദഗിരി
സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്.
റോഡിന് ഇരുവശത്തുമായി 50-ലേറെ കുടുംബങ്ങളാണ് കഴിയുന്നത്. കൂടാതെ ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ ഗവ.എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനു കുട്ടികളാണ് ഇതുവഴി നടന്നുപോകുന്നത്
ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്കും ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലേക്കും ഇതുവഴിയാണ് എത്തേണ്ടത്.മാസങ്ങളായി ഓട പൊട്ടി
റോഡിലൂടെയാണ് മലിനജലം ഒഴുകാൻ തുടങ്ങിയിട്ട്. രാവിലെയും വൈകുന്നേരങ്ങളിലും വ്യാപരം കഴിഞ്ഞു വ്യാപാരികൾ  ചന്ത കഴുകുമ്പോഴാണ് യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുന്നത്. ഓടയുടെ പൊട്ടിയ ഭാഗത്തുകൂടി പുറത്തേക്കു വരുന്ന മലിനജലം റോഡിൽ തോടുപോലെ ഒഴുകിപ്പരക്കും. റോഡിൽ പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടാതെ നടന്നുപോകാൻ കഴിയില്ല. മാസങ്ങളായി മലിനജലം ഒഴുകുന്ന ഭാഗം പായലും പിടിച്ചുകിടക്കുകയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഭാഗത്ത് മലിനജലം കെട്ടിനിന്ന് പുഴുക്കളും കൂത്താടിയും കൊതുകും പെരുകി ദുർഗന്ധം വമിക്കുന്നു.നാട്ടുകാർ നിരവധിതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥർപോലും ഇതിനെതിരേ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതിയുമുണ്ട്. പഞ്ചായത്തിന്റെ സമീപപ്രദേശം വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
ഫോട്ടോ: റോഡിൽ മലിനജലം കെട്ടികിടക്കുന്നു.

No comments:

Post a Comment