വിദ്യാലയപരിസരങ്ങൾ ലഹരിമാഫിയയുടെ പിടിയിൽ
കൊട്ടിയം : സ്കൂൾ തുറന്നതിന് പിന്നാലെ വിദ്യാലയപരിസരങ്ങളിൽ കഞ്ചാവിന്റെയും ലഹരിവസ്തുക്കൾ ചേർത്ത മയക്കുമിഠായികളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമായി. മയ്യനാട്, തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളുടെ പരിധിയിലെ സ്കൂളുകൾക്കു സമീപത്തെ ചില കടകളിലാണ് ഇവയുടെ വിപണനം തകൃതിയായി നടക്കുന്നത്.
വിദ്യാലയത്തിന്റെ 200 മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും നിരോധിച്ച് ഉത്തരവുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ നൽകാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും കച്ചവടക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല.
എട്ടുമുതൽ പന്ത്രണ്ടുവരെ ക്ലാസിലെ കുട്ടികൾ ഇവിടങ്ങളിൽനിന്ന് പുകയില ഉത്പന്നങ്ങൾ യഥേഷ്ടം വാങ്ങി ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെ മയക്കുമരുന്നുകൾക്ക് അടിമയാക്കുന്ന ഇത്തരം ലഹരിവസ്തുക്കൾ കച്ചവടം ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ എക്സൈസ്-ആരോഗ്യ വകുപ്പധികൃതർ മടിക്കുന്നതായി ആക്ഷേപം. ആകർഷകമായ വർണപ്പൊതികളിലും രൂപങ്ങളിലും എത്തുന്നവയാണ് ഒട്ടുമിക്ക ലഹരിമിഠായികളും. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള നിറങ്ങളാണ് പല മിഠായികൾക്കും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരുകളാണ് മിഠായികൾക്കുള്ളത്. ഉത്പാദകരുടെ പേരോ വിലാസമോ രേഖപ്പെടുത്താത്ത ഇത്തരം മിഠായികളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് അധ്യാപകർ പറയുന്നു. പുളിരുചിയിലും അമിതമായ മധുരത്തിലും എത്തുന്ന മിഠായികളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതരും സമ്മതിക്കുന്നു.
വിദ്യാലയങ്ങൾക്കു മുന്നിലെ കടകളിൽനിന്ന് ഇവ വാങ്ങിക്കഴിക്കുന്ന വിദ്യാർഥികൾ ക്ലാസിലെത്തിയാൽ മയക്കത്തിലാണെന്ന് അധ്യാപകർ പറയുന്നു. വിദ്യാലയപരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ വ്യാപകമാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്തിടെ എക്സൈസ് സംഘം ജില്ലയിലെ വിവിധ വിദ്യാലയപരിസരങ്ങളിൽനിന്ന് കഞ്ചാവുമായി നിരവധിപേരെ പിടികൂടിയിരുന്നു.
കഞ്ചാവ് കടത്താനും വിപണനത്തിനുമായി സംഘങ്ങൾ വിദ്യാർഥികളെ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. പിടിയിലായാൽത്തന്നെ പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷിക്കാനുള്ള നിയമതടസ്സമാണ് കുട്ടികളെ ഉപയോഗിക്കാൻ ഇത്തരം സംഘങ്ങൾക്ക് പ്രേരണയാകുന്നത്. വിദ്യാലയപരിസരങ്ങളിലെ കച്ചവടകേന്ദ്രങ്ങളിൽ അധികൃതർ തുടർച്ചയായി പരിശോധന നടത്തണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
No comments:
Post a Comment