Friday, 1 July 2022

വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘങ്ങൾ സജീവം

വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘങ്ങൾ സജീവം 

കൊല്ലം: വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘങ്ങൾ ജില്ലയിൽ സജീവം. ഏറ്റവും ഒടുവിലായി കൊല്ലം -തിരുവനന്തപുരം ദേശിയപാതയില്‍ ഇന്നലെ രാത്രി പാരിപ്പള്ളി  മൂക്കട പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ചാത്തന്നൂർ സ്വദേശിയായ രാജേഷിന്റെ ടോറസ് ലോറിയിൽ നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികളാണ് മോഷണം പോയത്.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് കല്ലമ്പലം -പാരിപ്പള്ളി മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയിരിക്കുന്നത്. രാവിലെ വണ്ടിയെടുക്കാന്‍ എത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നലെ പാരിപ്പള്ളിയിൽ നിന്നും വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷണം പോയത്. രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്. ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം പതിവായി മാറിയിട്ടും അധികാരികൾ മൗനം പാലിക്കുന്നതിൽ കടുത്ത പ്രതിക്ഷേധമാണ് ഉയരുന്നത്.

No comments:

Post a Comment