എന്റെ ചാത്തന്നൂരിന് നമസ്തെ
എല്ലാറ്റിനും മുകളിൽ ഭരണഘടനയാണ്.
അമേരിക്കൻ ഐക്യ നാടുകളുടെ ഭരണ ഘടനയിൽ നിന്നും മൗലികാവകാശങ്ങൾ, ഐറീഷ് ഭരണ ഘടനയിൽ നിന്ന് നിർദ്ദേശക തത്വങ്ങൾ, ആസ്ത്രേലിയയിൽ നിന്ന് സംസ്ഥാനങ്ങളുടെ സഹവർത്തി ത സഹകരണം. ഇങ്ങനെ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ ഭരണ ഘടനകളിൽ നിന്നും മികച്ച വശങ്ങൾ എടുത്തു കൂട്ടിച്ചേർത്തതാണ് ഭാരതത്തിന്റെ ഭരണഘടന . 1946 ഡിസംബർ 9 മുതൽ രണ്ടു വർഷവും പതിനൊന്നു മാസവും 18 ദിവസങ്ങളും എടുത്താണ് 299 അംഗങ്ങളുണ്ടായിരുന്ന ഭരണ ഘടനാ നിർമ്മാണ സഭ നമ്മുടെ ഭരണ ഘടന എഴുതി ഉണ്ടാക്കിയത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്ന തോടെ ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി മാറി.
ഡോ. സച്ചിദാനന്ദ സിൻഹ യായിരുന്നു
സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ബി.എൻ. റാവു ആയിരുന്നു.
29 ഓഗസ്റ്റ് 1947-ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആർ.അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ. അതായത് നമ്മുടെ ഭരണ ഘടന സമ്പൂർണ്ണമായും എഴുതി ഉണ്ടാക്കിയത് ഭാരതീയരായ രായിരുന്നു. ഒരു വെള്ളക്കാരന്റെയും കേട്ടെഴുത്തു പണിയായിരുന്നില്ല നമ്മുടെ ഭരണ ഘടനാ ശില്പികൾ നടത്തിയത് എന്ന് ഇത്രയും കാര്യങ്ങൾ അറിയാവുന്ന ആർക്കും ബോധ്യമാകും.
പ്രായപൂർത്തി ആയ എല്ലാവർക്കും വോട്ടവകാശം ഉൾപ്പെടെ പൗരാവകാശങ്ങൾക്ക് ഇത്രത്തോളം പ്രാമുഖ്യം നൽകുന്ന മറ്റൊരു ഭരണഘടനയും ലോകത്ത് വേറെയില്ല. മൗലീകവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനുള്ള അവകാശവും മറ്റൊരു മൗലീകാവകാശമായി ചേർത്തിരിക്കുന്ന ജനാധിപത്യത്തിന്റെ വേദ പുസ്തമാണ് ഭാരതത്തിന്റെ ഭരണ ഘടന. ഭരണഘടനാ പദവിയിൽ , ഭരണ ഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ പോത്തിനെന്ത് ഏത്തവാഴ എന്ന തരത്തിൽ ഭരണഘടനയ്ക്ക് എതിരെ അപഹാസ്യമായ വിടുവായത്തങ്ങൾ നടത്തുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ പൊറുക്കാൻ കഴിയുന്നതല്ല.
രണ്ടാം പിണറായി സർക്കാറിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മന്ത്രിമാരിൽ ഒരാളായിരുന്നു സജി ചെറിയാൻ .
എന്നാൽ താൻ വഹിക്കുന്ന ഉന്നത ഭരണ ഘടനാ പദവിക്ക് നിരക്കാത്ത പ്രതികരണങ്ങൾ മൂലം സജി ചെറിയാൻ വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. അന്നൊക്കെ രാഷ്ട്രീയ നേതൃത്വം നൽകിയ പിന്തുണ സജി ചെറിയാനെ എന്തും പറയാം എന്ന നിലയിലേക്കാണ് എത്തിച്ചതെന്ന് കരുതിയാൽ തെറ്റു പറയാനാവില്ല. ജനങ്ങളെ കൊള്ളയടിക്കാൻ അവസരം നൽകുന്നതാണ് എന്ന പ്രസ്താവനയിലൂടെ ഇന്ത്യൻ ഭരണഘടനയെ പൊതു ജന സമക്ഷം അവഹേളിക്കുക തന്നെയാണ് സജി ചെറിയാൻ ചെയ്തത്. എന്നാൽ നിയമ സഭയിലും പുറത്തും ഇന്നലെ രാജി പ്രഖ്യാപനം നടത്തിയപ്പോഴും തന്റെ പ്രസ്താവന തിരുത്താനോ രാജ്യത്തോടു മാപ്പു പറയാനും തയ്യാറാവാതിരുന്നതും നിർഭാഗ്യകരമാണ്. ഭരണഘടനയോടു കൂറുള്ള ആളാണ് താൻ എന്ന സജി ചെറിയാന്റെ അവകാശ വാദം ആത്മാർത്ഥമായിരുന്നു എങ്കിൽ വന്നു പോയ പിഴ ഏറ്റു പറയുക തന്നെയാണ് ഏറ്റവും ശരിയും മാതൃകാപരവുമായ രീതി. അതിനുള്ള ആർജ്ജവവും ഭരണ ഘടനാ വിധേയത്വവും ഈ മുതിർന്ന രാഷ്ട്രീയ നേതാവിന് ഇല്ലാതെ പോയതിൽ നമുക്ക് ഖേദിക്കാനേ തരമുള്ളു. ഏതായാലും ഭരണ ഘടന തൊട്ടു സത്യപ്രതിജ്ഞ എം.എൽ. എയായാണ് സജി ചെറിയാൻ ഇപ്പോഴും തുടരുന്നത് . നിയമത്തിനു മുന്നിൽ ഇനിയും അദ്ദേഹം കണക്കു പറയേണ്ടി വരും എന്നു സാരം.
തൊഴിലാളി വർഗ സർവാധിപത്യം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി. എം. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ചൈനയിലേതു പോലെയോ കിമ്മിന്റെ കൊറിയയിലെ പോലെയോ ഉള്ള ഒരു കമ്യൂണിസ്റ്റ് ഭരണ സ്ഥാപനം തന്നെയാണ് സി.പി. എമ്മിന്റെയും ലക്ഷ്യം. അത് ആവേശഭരിതമായ ഒരു സ്വപ്നമായി കൊണ്ടു നടക്കാൻ ഓരോ പാർട്ടി കേഡറിനും അവകാശമുണ്ട്. എന്നാൽ ജനപ്രാതിനിധ്യ പ്രകാരം രാഷ്ടീയ പാർട്ടി എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ ഇന്ത്യൻ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കും എന്ന് സ്വന്തം ഭരണ ഘടനയിൽ എഴുതി ചേർത്ത രാഷ്ട്രീയ പാർട്ടി കൂടിയാണ് സി.പി. എം. പാർട്ടിയിലെ ഉന്നത സ്ഥാനീയമായ ചിലർ പോലും ഇതു മറന്നു പോകുന്നതിന്റെ ദുരന്ത ഫലമാണ് സജി ചെറിയാന്റെ നില മറന്നുള്ള പ്രസംഗത്തിനു കാരണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. ഏതായാലും സജി ചെറിയാന്റെ നിർഭാഗ്യകരമായ രാജി അധികാരക്കസേരകളിലിരുന്ന് മത്തു പിടിയ്ക്കുന്നവർക്കെല്ലാം, സർവതിനും മുകളിൽ ഭരണ ഘടനയാണ് എന്ന ഓർമ്മപ്പെടുത്തലായി മാറട്ടെ.... എന്ന് ചാത്തന്നൂർകാരൻ
No comments:
Post a Comment