Thursday, 28 July 2022

കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണി: കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികയുടെ കാൽ നായ്ക്കൾ കടിച്ചെടുത്തു.

കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണി: കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികയുടെ കാൽ നായ്ക്കൾ കടിച്ചെടുത്തു.
കൊട്ടിയം: ചെറുമക്കളുമായി സ്കൂളിലേക്കു പോകുകയായിരുന്ന വയോധികയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജംഗ്ഷനിൽ കിണറ്റിൻ മൂട് വീട്ടിൽ സുശീല (60) നാണ് കടിയേറ്റത്.കാലിന് പരിക്കേറ്റ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ചെറുമക്കളെ സ്കൂളിലാക്കാൻ വേണ്ടി കുട്ടികളുമായി വരവെ നിത്യസഹായ മാതാ സ്കൂളിനടുത്തു വച്ച് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ ഇവരുടെ കാലിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ നായ്ക്കളെ തുരത്തി ഓടിച്ച ശേഷം പരിക്കേറ്റ് കിടന്ന സുശീലയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വാക്സിൻ ഇല്ലാത്തതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

@  ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാലാം വാർഡായ കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണിയായി മാറുന്നു. ഇവിടെയുള്ള മൃഗാശുപത്രിയിൽ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നായ്ക്കളെ ഒറ്റപ്ലാമൂട് ഭാഗത്തു തന്നെ തുറന്നു വിടുന്നതാണ് ഇവിടെ തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുവാൻ കാരണമാക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കൊട്ടിയം സി.എഫ്.എച്ച്.എസ് ഗ്രൗണ്ട്, പോളി, ഐ.റ്റി ഐ.വളപ്പുകൾ, പൗൾട്രി ഫാം, എന്നിവ കൂടാതെ ആളൊഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലായി നൂറുകണക്കിന് തെരുവുനായ്ക്കളാണ് തമ്പടിച്ചിട്ടുള്ളത്. പൗൾട്രി ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ഫാമിൽ നിന്നും ചത്ത കോഴികളെയും മറ്റും തകർന്നു കിടക്കുന്ന ചുറ്റുമതിലി ന് പുറത്തേക്ക് എറിയുന്നത് പതിവായതായും ഇത് ഭക്ഷിക്കാൻ കൂട്ടത്തോടെ നായ്ക്കൾ എത്താറുണ്ടെന്നും പരിസരവാസികൾ ആരോപിച്ചു.
ഇതു സംബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണി പൗൾട്രി ഡവലപ്പ്മെമെന്റ് കോർപ്പറേഷന്റെ ചെയർമാനായിരുന്നപ്പോൾ നാട്ടുകാർ 
പരാതി നൽകിയിരുന്നു.
കൊട്ടിയം മൃഗാശുപത്രിയിൽ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കുന്നതിന് മുമ്പുവരെ ഒറ്റപ്ലാമൂട് വാർഡിൽ തെരുവുനായ്ക്കളുടെ എണ്ണം കുറവായിരുന്നതായി നാട്ടുകാർ പറയുന്നു. വന്ധ്യംകരണത്തിനായി പിടികൂടുന്ന നായ്ക്കളെ ശസ്ത്രക്രിയയ്ക്കു ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടണമെന്ന നിയമം ലംഘിച്ച് ഒറ്റപ്ലാമൂട്ടിൽ തന്നെ തുറന്നു വിടുന്നതാണ് തെരുവുനായ്ക്കൾ വർധിക്കുവാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.  

ഫോട്ടോ : നായ്ക്കളുടെ കടിയേറ്റ സുശീല

No comments:

Post a Comment