കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയാകുന്നു .
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ എത്തിയ മുല്ലപ്പെരിയാർ കേസിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷ വെച്ച് പുലർത്തിയ കേരളത്തിലെ സാധാരണക്കാരനെ സംബന്ധിച്ചെടുത്തോളം വലിയ ആഘാതമാണ് ഈ വിധി സമ്മാനിച്ചിരിക്കുന്നത് .
ഭരണ കർത്താക്കളെ സംബന്ധിച്ചടുത്തോളം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പ് വരുത്തുന്നതിലും ഈ വിഷയത്തിലെ ആശങ്ക അകറ്റുന്നതിലും അവർ നേരിട്ട വലിയ പരാജയത്തിനു ജനങ്ങളോട് വിശദീകരണം നൽകേണ്ട അവസ്ഥയിലാണ് .
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മദ്രാസ് ഗവര്‍ണര്‍ വെന്‍ലോക് പ്രഭു മധുരയിലെ ജലക്ഷാമം പരിഹരിക്കാനുള്ള പെരിയാര്‍ വാട്ടര്‍ വര്‍ക്സ് ഉദ്ഘാടനം ചെയത് 1896 ല്‍ ഈ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുമ്പോൾ ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന് തന്നെ പറഞ്ഞിരുന്നതായി ചരിത്ര രേഖകളിൽ പറയുന്നു .
‘മദ്രാസിലെ മഹത്തായ കുടിവെള്ള പദ്ധതി‘എന്ന തലക്കെട്ടില്‍ അന്ന് ബ്രിട്ടനിലെ മാധ്യമങ്ങളിൽ പോലും മുല്ലപെരിയാർ പ്രധാന വാര്‍ത്തയായി നിറഞ്ഞു നിന്നിരുന്നു .
പിന്നീടു 1961 ലുണ്ടായ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വരുന്നത് .
സുർക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണെന്നും അക്കാലത്ത് ഇന്ത്യയിലെ ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരുന്നു .
1886-ൽ അതായത് ഏതാണ്ട് 128 വർഷം മുൻപ് ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂർ മഹാരാജാവും തമ്മിൽ ഒപ്പുവെച്ച കരാറിനെ സംബന്ധിച്ചു വർഷങ്ങൾക്കിപ്പുറം ഉടലെടുത്ത തർക്കം പിന്നീട് തമിഴ്നാടും കേരള സർക്കാരും തമ്മിലുള്ള വിഷയം സംഘർഷാവസ്ഥ വരെ എത്തികുകയായിരുന്നു .
തമിഴ്നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടതായിരുന്നു തർക്കം ഉടലെടുക്കാനുണ്ടായ പ്രധാന കാരണം .
തർക്കത്തിനു പിന്നാലെ ഒരു വർഷം മുമ്പ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടപ്പോൾ ഡാമിന്റെ സുരക്ഷയിൽ ഭീഷണിവീണ്ടും ഉയരുകയും അതിവൈകാരികതയുടെ പേരിൽ ജനകീയ സമരങ്ങൾ ശക്തമാവുകയും ചെയ്തെങ്കിലും പിന്നീട് ഈ ആവേശം മെല്ലെ ഇല്ലാതായി തീരുകയായിരുന്നു .
ഇതിനിടയിൽ ഡാമിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളൽ വീഴുകയും അത് ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തി പരത്തുകയും ചെയ്തു .
തുടർന്ന് സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആനന്ദ് ചെയർമാനായുള്ള ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിൽ മുല്ലപെരിയാര്‍ ഡാം ജലശാസ്ത്രപരമായും ഘടനാപരമായും ഭൂചലന പ്രതിരോധത്തിലും തികച്ചും സുരക്ഷിതം ആണെന്ന് കണ്ടെത്തിയതും തമിഴ് നാടിന്റെ എതിർപ്പിനെ മറി കടന്ന് അണക്കെട്ട് സുരക്ഷിതമല്ലെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കാൻ കേരളത്തിനു കഴിയാതെ പോയതും ഇന്ന് പുറത്ത് വന്ന സുപ്രീം കോടതി വിധി കേരളത്തിനു അനുകൂലമാകുമായിരുന്നില്ല എന്ന കണക്കു കൂട്ടലിനെ കൂടുതൽ ശരി വെക്കുന്നതാക്കി തീർക്കുന്നു.
അണക്കെട്ട് അപകടാവസ്തയിലാണെന്നു സാധൂകരിക്കാൻ കേരളത്തിന്റെ പക്കൽ തെളിവുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യ ത്തിനു വേണ്ട കൃത്യമായ മറുപടി നൽകാതെ കേരളം വാദം പൂർത്തിയാക്കിയപ്പോൾ ജലനിരപ്പ് 136 അടിയിൽ നിന്നും ഉയർത്തരുതെന്നും ഡാമിന് ബലക്ഷയം ഉണ്ടെന്നും ,പുതിയ ഡാം വേണമെന്നുമൊക്കെയുള്ള കേരളത്തിന്റെ വാദങ്ങൾ വ്യക്തമായ തെളിവുകളുടെഅഭാവം മൂലം കോടതിയിൽ തള്ളി പോവുകയായിരുന്നു.
തുടർന്ന് മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളികൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളം വളരെ നിരാശയോടെ സ്വീകരിക്കുന്ന ദയനീയ ചിത്രമാണ് ഇന്ന് കണ്ടത് .
മുല്ലപെരിയാർ ഡാം നേരിടുന്ന ഭീഷണിയെപ്പറ്റിയും അതിനു സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ പറ്റിയും കോടതിയെ ബലപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനു കഴിയാതെ പോയതാണ് ഇന്നത്തെ പ്രതികൂലമായ വിധിക്ക് പിന്നിൽ എന്നത് സുതാര്യമായ വസ്ത്തുതയാണ് .
എല്ലാ പ്രശ്നങ്ങളും കോടതിയിൽ മാത്രം പരിഹരിക്കപ്പെടിലെന്നു സുപ്രീം കോടതി തന്നെ ഈ വിഷയത്തിൽ മുമ്പ് ചൂണ്ടികാണിക്കുകയും വിഷയത്തിൽ കോടതിക്ക് പുറത്തുള്ള രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യം എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരും ഈ വിഷയത്തിൽ അവലംബിച്ച നിസ്സംഗ മനോഭാവം ഇന്നത്തെ അനുകൂലമല്ലത്ത കോടതി വിധി വരെ കാര്യങ്ങൾ എത്തിക്കുകയായിരുന്നു .
No comments:
Post a Comment