Wednesday, 7 May 2014

വിശ്വ സാഹിത്യകാരാൻ രബീന്ദ്രനാഥ ടാഗോറിന്റെ നൂറ്റി അൻപത്തി മൂന്നാം ജന്മദിനം ഭാരതം ഇന്ന് ആഘോഷിക്കുന്നു

1861 മേയ് ഏഴിന് , കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയിലാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജനനം. ബ്രഹ്മ സമാജ അംഗവും സംസ് കൃത പണ്ഡിതനുമായ ദീബേന്ദ്രനാഥ് ടാഗോറിന്‍റെ 14 മക്കളില്‍ ഇളയമകനായിരുന്നു രബീന്ദ്രനാഥ ടാഗോര്‍.
ദേശീയ ഗാനത്തിന്റെ രചയിതാവായ രബീന്ദ്ര നാഥ ടാഗോറിനെ ഭാരതം 'ഗുരുദേവ്‌' എന്നായിരുന്നു ആദര പൂർവ്വം അഭി സംബോധന ചെയ്തിരുന്നത് .
ആധുനിക ഭാരതം കെട്ടിപ്പെടുക്കുന്നതിൽ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു .
ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകിയത് രബീന്ദ്രനാഥ് ടാഗോറിന്റെ സാന്നിധ്യം ആയിരുന്നു .ശബ്ദവും അർത്ഥവും ചേരുമ്പോഴുണ്ടാകുന്ന സാഹിത്യത്തിനു ബംഗാളിൽ പുതു രൂപത്തിൽ കാവ്യം ചമക്കുകയായിരുന്നു ടാഗോർ .
1913-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയതോടെയാണ് ഇന്ത്യയുടെ മഹാകവി രബീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ "ഗീതാഞ്ജലി"യും അക്കാലത്തെ സാഹിത്യ പ്രവണതകള്‍ക്കനുരോധമായി, പാശ്ചാത്യരുടെ സവിശേഷശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിലെ
ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തി ടാഗോറിന് നൽകുകയായിരുന്നു .
അമൃതസറിലെ ജാലിയന്‍വാലാബാഗില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാളികളെ ജനറല്‍ ഡയറിന്റെ പട്ടാളക്കാര്‍ നിഷ്ഠുരം കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് അപ്പോള്‍ തന്നെ (1919) തനിയ്ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്കിയ "സര്‍" പദവി രബീന്ദ്രനാഥ ടാഗോര്‍ തിരികെ നല്കുകയുണ്ടായി എന്നത് പിൽക്കാല ചരിത്രം .
സോനാര്‍ ബംഗ്ല" (സുവര്‍ണ ബംഗാള്‍) എന്ന പേരില്‍ അദ്ദേഹമെഴുതിയ ഒരു ഗാനമാണ് ബംഗ്ലാദേശിന്റെ ദേശീയഗാനമായി പിൽക്കാലത്ത് മാറിയത് . ഇത് ടാഗോറിലെ ബഹുമുഖ പ്രതിഭക്ക് മാറ്റ് കൂട്ടുകയായിരുന്നു .
ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ എന്നിവയിൽ അപാര പാണ്ഡിത്യം ഉണ്ടായിരുന്ന ടാഗോർ അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്നു കഴിച്ചു കൂട്ടിയിരുന്നത് . ഈ സമയത്ത്‌ അദ്ദേഹം രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. ഒടുവിൽ 1941 ഓഗസ്റ്റ്‌ 7-ന് ടാഗോർ എന്ന വിശ്വമഹാ സാഹിത്യകാരൻ ലോകത്തോട്‌ വിട പറയുകയായിരുന്നു .

No comments:

Post a Comment