Wednesday, 28 May 2014

ശത കോടി പ്രണാമം ............ ഇന്ന് വീരസവർക്കർ ജയന്തി

വീരന്മാര്‍ക്കുളളതാണ്‌ ലോകമെന്ന ആപ്‌തവചനം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ ഒട്ടനവധി മഹാത്മാക്കളാല്‍ സമ്പന്നമാണ്‌ നമ്മുടെ നാട്‌. വെല്ലുവിളികളെ അവസരങ്ങളാക്കിയ, ദുരിതങ്ങളെ പ്രണയിച്ച, മൃതിയുടെ കരാളരൂപത്തെ പോലും പുണരുവാന്‍ മടികാണിക്കാത്ത ആ ധീരദേശാഭിമാനികള്‍ ചുടുചോരത്തുളളികള്‍ വീഴ്‌ത്തി നേടിത്തന്ന സ്വാതന്ത്ര്യമാണ്‌ നാം അനുഭവിക്കുന്നത്‌. പോര്‍മുഖത്തുനിന്ന്‌ അവര്‍ ഒളിച്ചോടിയിട്ടില്ല. അനീതികളോട്‌ സന്ധി പ്രഖ്യാപിച്ചുമില്ല. അവസാനശ്വാസം വരെ അവര്‍ അടരാടി. കാലത്തിന്റെ ഗതിക്കൊപ്പം അവരുടെ സ്‌മരണ കൂടുതല്‍ കൂടുതല്‍ ഉജ്ജ്വലമായി. അങ്ങനെ മരണശേഷവും പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വീരാത്മാക്കളില്‍ പ്രഥമഗണനീയനാണ്‌ വിപ്ലവകാരികളുടെ രാജകുമാരനായ വിനായകദാമോദരസവര്‍ക്കര്‍.
ഭാരതീയ ചരിത്രം പഠിക്കുന്നവരും ഈ രാഷ്ട്രത്തെ സ്നേഹിക്കുന്നവരും ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത നാമമാണ് വിനായക് ദാമോദര്‍ സവര്‍ക്കറുടേത്.
1883 മെയ് 28ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ദാമോദര്‍ സവര്‍ക്കറുടെയും രാധാബായി സവര്‍ക്കറുടെയും മകനായി ജനനം.
ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുടുംബത്തെ പരിപാലിച്ച ജ്യേഷ്ഠന്‍ ഗണേഷ്, വിനായക് സവര്‍ക്കറുടെ ദേശസ്നേഹ ചിന്തകള്‍ക്ക് താങ്ങായി.
വിദ്യലയജീവിതത്തിനിടെ മിത്രമേള എന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ദേശീയബോധവും സ്വതന്ത്യ വിപ്ലവ ചിന്തകളും പ്രചരിപ്പിക്കുകയും ചെയ്തു.
ഭാരതത്തിലും ബ്രിട്ടനിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യാ ഹൌസ് പോലുള്ള വിപ്ലവസംഘടനകളുമായി ബന്ധം നിലനിര്‍ത്തി.
1905ലെ ദസ്സറ ദിനത്തില്‍ സവര്‍ക്കര്‍ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി പൊതുസ്ഥലത്ത് വെച്ച് വിദേശവസ്ത്രങ്ങള്‍ അഗ്നിക്കിരയാക്കി.
അതുവരെ ആരും കാണിക്കാത്ത ആ പ്രതിഷേധം സ്വദേശി പ്രസ്ഥാനത്തിന് പുത്തനുണര്‍വ്വ് നല്‍കി.
അഭിനവ് ഭാരത്, ഫ്രീ ഇന്ത്യാ സൊസൈറ്റി പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്ഥാപിച്ച് ശക്തമായ സ്വാതന്ത്യസമരത്തിന് ആഹ്വാനം നല്‍കി.
തീവ്രദേശസ്നേഹി മദന്‍ലാല്‍ ധിംഗ്രയെ അനുകൂലിച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.
ഭാരതത്തിലെ തുറങ്കിലേക്ക് എത്തിക്കപ്പെട്ട സവര്‍ക്കര്‍ 1857ലെ സ്വാതന്ത്യസമരം എന്ന ഗ്രന്ഥം രചിച്ചു.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഗ്രന്ഥം നിരോധിച്ചു.
ജയില്‍ ജീവിതത്തിനിടയ്ക്ക് കവിയും നാടകകൃത്തും കൂടെയായ സവര്‍ക്കാര്‍ ഒട്ടേറെ കൃതികള്‍ രചിച്ചു.
ആന്‍ഡമാനിലെ തടവറകളിലെ ജീവിതമാണ് കാലാപാനി എന്ന തന്‍റെ നോവലില്‍ അദ്ദേഹം ചിത്രീകരിച്ചത്.
ബ്രിട്ടീഷുകാര്‍ മാത്രമല്ല അവര്‍കൊണ്ടുവന്ന ആശയങ്ങളും പട്ടാളവും ഭാരതം വിട്ട് പുറത്തുപോകണം എന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് വിട്ട് നിന്നു.
ഭാരതവിഭജനത്തില്‍ കോണ്‍ഗ്രസ്സിന്‍റെ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു.
ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷപദം അലങ്കരിച്ച സവര്‍ക്കര്‍ ഹിന്ദുദേശീയതയുടെ സിംഹഗര്‍ജ്ജനമായി.
സവര്‍ക്കറുടെ തീവ്രദേശീയവാദത്തെ അനുകൂലിക്കാതിരുന്ന ഗാന്ധിജി പോലും ഒരു വേദിയില്‍ പറഞ്ഞു "സവര്‍ക്കറെപ്പോലെ ഒരു വീരദേശഭക്തന്‍റെ സമീപം ഇരിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു".
ഹിന്ദുമതവും ഹിന്ദുത്വവും ഒന്നല്ല എന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
"ഒരാള്‍ എത് മതവിശ്വാസിയുമാവട്ടെ, ഭാരതത്തെ മാതൃരാജ്യമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെങ്കില്‍ അയാള്‍ ഹിന്ദുവാണ്" എന്ന ചിന്താധാരക്കാരനായുരുന്നു അദ്ദേഹം....

No comments:

Post a Comment