Monday, 19 May 2014

ഇ.കെ.നായനാരുടെ ഓർമ്മകൾക്ക് ഇന്ന് പത്ത് വർഷം

ഇ.കെ.നായനാരുടെ ഓർമ്മകൾക്ക് ഇന്ന് പത്ത് വർഷം
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്താം ചരമ വാര്‍ഷികം ഇന്ന്.കേരളത്തിന്റെ ചരിത്രത്തില്‍ നന്മയുടെയും സ്നേഹത്തിറെയും ഏടുകള്‍ എഴുതിച്ചേര്‍ത്ത് കടന്നുപോയ ജനനായകനായിരുന്നു നായനാർ .
1919 ഡിസംബര്‍ 9 ന് കല്ല്യാശേരിയില്‍ ആയിരുന്നു നായനാരുടെ ജനനം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനം ഉപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി. പ്രസിദ്ധമായ ആരോണ്‍ മില്‍ സമരത്തില്‍ പങ്കെടുക്കുകയും ഭീകരമായ പോലീസ്‌ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു. പോലീസ്‌ അറസ്റ്റു ചെയ്യുകയും 6 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.
സാമ്രാജ്യത വിരുദ്ധ, വിലക്കയറ്റ വിരുദ്ധ സമരത്തിന്റെ ഭാഗമായി 1940 ന് മൊറാഴയില്‍ നടന്ന സമ്മേളനം അലങ്കോലമാക്കാന്‍ ശ്രമിച്ച പോലീസുകാരുമായി അവിടത്തെ ജനങ്ങള്‍ ഏറ്റുമുട്ടി. രണ്ടു പോലീസുകാര്‍ ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്നായനാരുള്‍പ്പെടെയുള്ള സഖാക്കള്‍ ഒളിവില്‍ പോയി. ഇതിനിടയിലാണ് ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സംഭവം നടക്കുന്നത്. കര്‍ഷകരുടെ പ്രകടനം അടിച്ചു തകര്‍ക്കാന്‍ വന്ന സുബ്ബരായന്‍ എന്ന പോലീസുകാരന്റെ പിന്നാലെ രോഷാകുലരായ ജനങ്ങള്‍ ഓടി. ജനങ്ങളെ ഭയന്ന് ഒടുവില്‍ തേജസ്വിനി പുഴയിലേക്ക്‌ എടുത്തുചാടിയ സുബ്ബരായന്‍ പുഴയില്‍ മുങ്ങി മരിച്ചു. പിന്നീട് കയ്യൂരില്‍ പോലീസിന്റെ നരനായാട്ട് ആയിരുന്നു. സുബ്ബരായന്‍ കൊലക്കേസില്‍ നായനാര്‍ മൂന്നാം പ്രതിയായി. അറസ്റ്റു ചെയ്യാനാകാത്തതിനാല്‍ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാകുകയായിരുന്നു.
അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ദേശീയ കൌണ്‍സില്‍ അംഗമായി നായനാർ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സി പി ഐ എം രൂപീകരിക്കപ്പെട്ടപ്പോള്‍ പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി. 1992 ല്‍ പോളിട്ബ്യൂറൊ അംഗവുമായി. സി എച്ച് കണാരന്‍ അന്തരിച്ചപ്പോള്‍ സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി. ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍, ചിന്ത വാരികയുടെ എഡിറ്റര്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിപ്ലവകാരി, ജനനായകന്‍....തുടങ്ങി കടന്നു ചെന്ന കർമ്മ മണ്ഡലങ്ങൾ ഏറെ .
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചതും നായനാരാണ്. അദ്ദേഹത്തിന്റെ ഭാഷ സാധാരണക്കാരന്റെ ഭാഷയായിരുന്നു. നന്മയും സ്നേഹവും പാവപ്പെട്ടവനോടുള്ള അടങ്ങാത്ത കൂറും ആയിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിറയെ. അഹങ്കാരമോ ജാടയോ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഒരിക്കല്‍ പോലും ഉണ്ടായിരുന്നിട്ടില്ല. നായനാരുടെ ശാസനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകാത്ത എതിരാളിയോ മാധ്യമപ്രവര്‍ത്തകരോ ഉണ്ടാകില്ല. എന്നാല്‍ എത്രതന്നെ ശകാരിച്ചാലും അദ്ദേഹത്തോട് ദേഷ്യപ്പെടാനോ കലഹിക്കുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല. ഇതിനിടയിൽ പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകൾ വിവാദവുമായിട്ടുണ്ട് .
2004 മെയ്‌ 19ന് നായനാർ അന്തരിച്ചു. നായനാരില്ലാത്ത രാഷ്ട്രീയ കേരളം പത്തു വർഷം പിന്നിടുമ്പോഴും കേരള ജനതയുടെ മനസിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനനായകനായി നായനാർ ഇന്നും ജീവിക്കുന്നു

No comments:

Post a Comment