ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു !
നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിർമ്മാല്യത്തിനു മുമ്പായി കുളത്തിൽ കുളി കഴിഞ്ഞ് നിർമ്മാല്യം, വാകച്ചാർത്ത്, ഉഷപൂജ എന്നീ പൂജകൾ യഥാസമയം ദർശിച്ച് നാലമ്പലത്തിനുള്ളിൽ (ഭഗവാന്റെ തൃപ്പാദം സങ്കൽപ്പിച്ച് ) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക. ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങൾ കരുതണം. ഓരോ സമയത്തുമുള്ള പൂജകൾക്കു വേണ്ടി മൈക്കിൽ വിളിച്ച് അറിയിക്കുന്നതാണ്. ആ നിമിഷം നമ്മൾ പൂജകൾ ദർശിച്ച് പ്രാർത്ഥിക്കുക.
വെളുപ്പിനെ നിർമ്മാല്യം മുതൽ രാത്രിയിൽ നട അടക്കുന്നതു വരെയുള്ള പൂജകൾ യഥാസമയം ദർശിച്ച് പ്രാർത്ഥിക്കണം. പരിമിതികൾ ഉള്ളതിനാൽ ഓരോ പൂജകളും കൊടിമരത്തിനു മുന്നിൽ നിന്ന് ദർശിക്കുക. ശേഷം വീണ്ടും പഴയ സ്ഥലത്ത് പോയിരുന്ന് ഭജനം തുടരുക.ഭജനം തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കുന്നിടം വരെയും യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കാൻ പാടുള്ളതല്ല.പകരം ഭഗവാന്റെ അന്നദാനം കഴിക്കാം. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതൽ ഉത്തമം.
കുളത്തിൽ കുളിക്കാൻ കഴിയാത്ത സ്ത്രീകൾ മുറിയിൽ കുളി കഴിഞ്ഞ് ഭഗവാന്റെ തീർത്ഥക്കുളത്തിലെ ജലത്തിൽ ദേഹശുദ്ധി വരുത്തി വേണംഭജനത്തിന് ഇരിക്കാൻ. ഓരോരോ സമയത്തുമുള്ള ശീവേലികളിൽ നമ്മൾ ഭഗവാനെ അനുഗമിച്ച് നാമ ജപത്തോടു കൂടി ചുറ്റു പ്രദക്ഷിണം വെയ്ക്കണം.
ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആൽവിളക്കിലും ദീപം തെളിയിക്കാൻ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാൽ നമ്മുടെ മനസ്സിലെ ഇരുട്ട് അകലുമെന്ന് വിശ്വാസം. അതിനായി കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.
തുടർന്നുള്ള പൂജകൾ ദർശിക്കുക.
അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴൽ പൂജ, തൃപ്പുക എന്നീ പൂജകളും ദർശിക്കുക. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോൾ ശ്രീകോവിലിൽ ഭഗവാന് നിവേദിച്ച നെയ്യ് മേൽശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കുന്നതാണ്. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാൻ. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം നമ്മുക്ക് യാതൊരു വിധ ക്ഷീണമോ, മറ്റോ തോന്നാറില്ലാ. ഒരു പ്രത്യേകതരം ഉണർവ്വും, സന്തോഷവും, സമാധാനവും, ധൈര്യവും നമ്മുക്ക് അനുഭവപ്പെടും. അതിനർത്ഥം ഞാൻ പറയേണ്ടതില്ലല്ലോ?
ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഭജനം കഴിഞ്ഞ് പുറത്തു പോയതിനു ശേഷം (നെയ്യ് സേവിച്ചതിനു ശേഷം ) എപ്പോൾ വേണേലും, എവിടെ നിന്നും നമ്മുക്ക് ആഹാരം കഴിക്കാവുന്നതാണ്. ഭഗവാൻ ഉണർന്നു കഴിയുമ്പോൾ മുതൽ ഉറങ്ങുന്നതു ( ക്ഷേത്ര നട അടക്കുന്നതു ) വരെയാണ് ഭജനം ഇരിക്കേണ്ടത്. ഇങ്ങനെയാണ് യഥാർത്ഥമായ ഒരു ദിവസത്തെഭജനം. നല്ലതുവരുത്തട്ടെ'
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ
No comments:
Post a Comment