കൊട്ടിയം : അമിതലാഭം ലക്ഷ്യമിട്ട് വാട്ടർ അതോറിറ്റി പമ്പ് ഹൗസ് അടച്ചു പൂട്ടിയതോടെ കോവിഡ് വ്യാപന ഭീതി ക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്നു. കുരീപ്പള്ളി, പാലമുക്ക്, കണ്ണനല്ലൂർ, മുഖത്തല, ചേരിക്കോണം ഭാഗങ്ങളിലാണ് ശുദ്ധജലം കിട്ടാതെ ജനജീവിതം ദുരിതപൂർണ്ണമായത്. വർഷങ്ങളായി പ്രദേശവാസികൾക്ക് ആവശ്യാനുസരണം ശുദ്ധജലം നൽകിയിരുന്ന കുരീപ്പള്ളി പമ്പ് ഹൗസ് പമ്പ് ഓപ്പറേറ്റർമാരെ ഒഴിവാക്കുന്നതിനായി അടച്ചത്.കണ്ണനല്ലൂരിലെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നുള്ള ജലം വിതരണം നടത്തും എന്ന കാരണം പറഞ്ഞാണ് പമ്പ് ഹൗസിന് താഴിട്ടത്. ട്രീറ്റ്മെൻറ് പ്ലാൻ്റിൽ നിന്നും വെള്ളം വിതരണക്കുഴലുകളിലേക്ക് വിടുന്നതോടെ പലയിടങ്ങളിലും പൈപ്പുകൾ പൊട്ടുന്നത് പതിവായി.ആവശ്യാനുസരണം വാൾവുകൾ ഇല്ലാത്തതിനാൽ പൈപ്പ് പൊട്ടിയാൽ ജലവിതരണം പൂർണ്ണമായും നിലയ്ക്കുന്നതാണവസ്ഥ.
കുരീപ്പള്ളി പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണത്തിന് നാൽപ്പത് വർഷത്തിലേറെ പഴക്കമുണ്ട്.കുരീപ്പള്ളിയിലെ കിണറ്റിൽ നിന്നുള്ള ശുദ്ധജലം പമ്പ് ചെയ്ത് പാലമുക്കിലെ ജലസംഭരണിയിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. പാലമുക്കിലെ ജലസംഭരണി കാലപ്പഴക്കം കൊണ്ട് ചോർച്ചയുണ്ടായതോടെ സമീപം പുതിയ ജലസംഭരണി നിർമ്മിച്ച് പമ്പിംഗും നടത്തിയിരുന്നു. ഇതിനിടെയാണ് പമ്പ് ഹൗസ് അടച്ചു പൂട്ടി വാട്ടർ അതോറിറ്റി ജനങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കുന്നത്.
@ ജലശുദ്ധീകരണ പ്ലാൻ്റിൽ നിന്നും നൽകുന്നത് മലിനജലം
കണ്ണനല്ലൂരിലെ ജല ശുദ്ധീകരണ പ്ലാൻ്റിൽ നിന്നും വിതരണം ചെയ്യുന്നത് മലിനജലമെന്ന് നാട്ടുകാർ പറയുന്നു. മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്.നിരവധി പേർക്ക് ഇതു കാരണം രോഗബാധയുണ്ടായതായി പഞ്ചായത്തംഗം ബിനു പി ജോൺ അറിയിച്ചു.വീടുകളിലെ പൈപ്പ് ലൈനുകൾ വരെ മാലിന്യം നിറഞ്ഞ് അടഞ്ഞു പോകുന്നതാണവസ്ഥ. കണ്ണനല്ലൂരിൽ നിന്നുള്ള ജലവിതരണം അടിയന്തരമായി നിറുത്തിവച്ച് കുരീപ്പള്ളി പമ്പ് ഹൗസിൽ പമ്പിംഗ് നടത്തി ജലവിതരണത്തിന് നടപടികളുണ്ടാകണമെന്നാണ് ആവശ്യം.
പള്ളിമൺ ആറിന് സമീപം നിർമ്മിച്ച വലിയ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കണ്ണനല്ലൂരിലെ ശുദ്ധീകരണ പ്ലാൻ്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനാണ് കോടികൾ ചിലവഴിച്ച് പദ്ധതിയുണ്ടാക്കിയത്. പേരയം, മുഖത്തല, കണ്ണനല്ലൂർ, കുരീപ്പള്ളി എന്നീ ജലസംഭരണികളിലേക്ക് അഞ്ചര മില്യൻ ലിറ്റർ ജലമാണ് പ്ലാൻ്റിൽ നിന്നും ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.ഇതിൽ കുരീപ്പള്ളിയിലെ ജലസംഭരണിയിൽ നിന്നും വിതരണം ചെയ്യുന്ന ജലത്തിനാണ് പരാതി. അത് കണ്ടെത്തി പരിഹരിക്കാൻ അടിയന്തര നടപടികളുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
No comments:
Post a Comment