Wednesday, 26 May 2021

സന്തോഷ് ബാബുവിന് െകെത്താങ്ങുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്

സന്തോഷ് ബാബുവിന് െകെത്താങ്ങുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്

ചാത്തന്നൂർ: ഇരുകാലുകൾക്കും ചലനശേഷിയില്ലാതെ കിടപ്പിലായ സന്തോഷ് ബാബുവിനും (44) അമ്മയ്ക്കും കൈത്താങ്ങായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് കഷ്ടതയിലായ കിടപ്പുരോഗിയായ ചിറക്കര പഞ്ചായത്തിലെ ഇടവട്ടം മണ്ഡപത്തുകുന്ന് കല്ലുംപുറത്തുവീട്ടിൽ സന്തോഷ് ബാബുവിന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വനസഹായമായി ചികിത്സാധനസഹായവും വസ്ത്രവും ഭക്ഷ്യ കിറ്റുകളും നൽകി.

മൂന്നുവർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലുമാകാതെ കിടപ്പിലാണ് സന്തോഷ് ബാബു. വീടിന്റെ സൺഷെയ്ഡിൽനിന്ന്‌ താഴെവീണ് നട്ടെല്ലിനേറ്റ ക്ഷതമാണ് സന്തോഷ് ബാബുവിനെ ദുരവസ്ഥയിലേക്ക് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഇരുകാലുകളുടെയും മുട്ടിന് താഴെയുള്ള ഭാഗം സ്പാസം എന്ന അവസ്ഥമൂലം അകത്തേക്ക് മടങ്ങും. ഇതുമൂലം എഴുന്നേറ്റിരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ഒരു ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സ നൽകിയാൽ സ്പാസത്തിന് ആശ്വാസം ലഭിക്കുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനായി ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

സുഹൃത്തുക്കളും സഹപാഠികളും ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തതാണ്. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകർത്ത കോവിഡ് മഹാമാരി സന്തോഷിന്റെ ചികിത്സയും മുടക്കി. നിത്യവൃത്തിക്കും മരുന്നുകൾക്കും നന്നേ ബുദ്ധിമുട്ടുകയാണിപ്പോൾ. കരുതലായി കൂടെനിൽക്കാനിപ്പോഴുള്ളത് അമ്മ മാത്രം. സാമ്പത്തിക പ്രതിസന്ധിമൂലം നിത്യേന ചെയ്യേണ്ട ഫിസിയോതെറാപ്പി ട്രീറ്റ്മെൻറും മുടങ്ങി. ഇന്റർവ്യൂ കഴിഞ്ഞ് ഗൾഫിൽ ജോലിക്കുപോകാൻ നിൽക്കുമ്പോഴാണ് വിധി സന്തോഷിനെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചത്.

കുടുംബമുണ്ടായിരുന്ന സന്തോഷിന് ഇന്ന് ഏക ആശ്രയം പ്രായമായ അമ്മ സരസ്വതി അമ്മ മാത്രം. പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത മകനെ തനിച്ചാക്കി നിത്യവൃത്തിതേടിയിറങ്ങാൻ ആ അമ്മയ്ക്കും കഴിയുന്നില്ല. സന്തോഷിന്റെ കൂട്ടുകാരനാണ്‌ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറിനോട് സന്തോഷ് ബാബുവിന്റെ അവസ്ഥ പറയുന്നത്. തുടർന്നാണ് സ്നേഹ സാന്ത്വന സഹായവുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറും കോ-ഓർഡിനേറ്റർ വേണു സി.കിഴക്കനേലയും മറ്റംഗങ്ങളും സന്തോഷ് ബാബുവിന്റെ വീട്ടിലെത്തുന്നത്.

അമ്മയുടെ സ്നേഹ സാന്ത്വന സഹായം പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ. ടി.സതികുമാർ, സന്തോഷ് ബാബുവിന് കൈമാറി. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന അമ്മചാരിറ്റബിൾ ട്രസ്റ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണെന്നും ടി.സതികുമാർ പറഞ്ഞു. സന്തോഷ് ബാബുവിന്റെ ഫിസിയോ തെറാപ്പി ട്രീറ്റ്മെന്റ് പുനരാരംഭിക്കാൻ വേണ്ട ഏർപ്പാടുകൾ ഉടൻ ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ പറഞ്ഞു.

ഫോട്ടോ:അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസാന്ത്വന സഹായം പാരിപ്പള്ളി ഐ.എസ്.എച്ച്.ഒ. ടി.സതികുമാർ കിടപ്പുരോഗിയായ സന്തോഷ് ബാബുവിന് കൈമാറുന്നു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ, കോ-ഓർഡിനേറ്റർ വേണു സി.കിഴക്കനേല എന്നിവർ സമീപം

No comments:

Post a Comment