Wednesday, 19 May 2021

പൊഴിക്കര ചീപ്പ്പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു


പൊഴിക്കര ചീപ്പ്പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു 

പരവൂർ: പൊഴിക്കരയിലെ ചീപ്പുപാലം പുതുക്കി പണിയണമെന്ന ആവശ്യം ഉയരുന്നു. ഷട്ടറുകൾ ഉപയോഗ ശൂന്യമായി മോട്ടറുകൾ തകർന്ന് ഇപ്പോൾ തകർച്ചയുടെ വക്കിലാണ് ഇ സ്പിൽവേ.ഇത്തിക്കരയാറ് കരകവിയുകയും തീരത്തെ നിരവധിവീടുകളും കൊഞ്ചുവളർത്തൽ കേന്ദ്രങ്ങളുമെല്ലാം വെള്ളത്തിലാവുകയും ചെയ്തതിനെത്തുടർന്നാണ് കളക്ടർ അടക്കം ഇടപെട്ട് പരവൂർ പൊഴിക്കരയിലെ ചീപ്പുപാലത്തിന്റെ ഷട്ടറുകൾ ഇപ്പോൾ ഉയർത്തിയത്. തിരിഞ്ഞുനോക്കാനാളില്ലാതെ കിടന്ന പൊഴിക്കര ചീപ്പുപാലത്തിന്റെ ഷട്ടറുകൾ ഉയർത്താൻ അവസാനം ക്രയിൻ തന്നെ വരേണ്ടി വന്നു. രണ്ട് ദിവസം നീണ്ടു നിന്ന ആശ്രാന്തപരിശ്രമത്തിനൊടുവിലാണ് ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞത്. പരവൂർക്കായലിനെയും കടലിനെയും ബന്ധിക്കുന്ന പൊഴിക്കര സ്പിൽവേ അഥവാ ചീപ്പുപാലത്തിന്റെ  ഷട്ടറുകൾ തുരുമ്പെടുത്തു തകർച്ചയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു പുതിയ പാലം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു ചാത്തന്നൂർ എം എൽ എയടക്കമുള്ള ജനപ്രതിനിധികൾ.എട്ടു ഷട്ടറുകളും അവയുടെ മോട്ടോറുകളുമാണ് പ്രവർത്തിപ്പിക്കാനാകാതെ നശിക്കുന്നത്. രണ്ടുവർഷമായി ഷട്ടറുകൾ താഴ്ത്താനോ ഉയർത്താനോ കഴിയുമായിരുന്നില്ല. അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്താഞ്ഞത് മൂലം ഷട്ടറുകൾ ഘടിപ്പിച്ചിരുന്ന റോളറുകളും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുകൊണ്ടുള്ള അടിത്തറയുടെ പലഭാഗങ്ങളും തുരുമ്പെടുത്ത് കായലിൽ താഴ്ന്നു. വർഷങ്ങൾക്കു മുൻപ്‌ ഒരുകോടി രൂപ മുടക്കി ഷട്ടറുകൾ പുതുക്കിനിർമിച്ചെങ്കിലും വെള്ളത്തിനടിയിൽ അത്‌ ചെന്നുമുട്ടുന്ന കോൺക്രീറ്റ് അടിത്തറ നന്നാക്കാൻ ശ്രമിച്ചില്ല. ഇപ്പോൾ അടിത്തറയിലെ കോൺക്രീറ്റ് പൂർണമായും തകർന്നുപോയതിനാൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഷട്ടറുകൾ താഴ്ത്തിയാലും വെള്ളം ഒഴുകിപ്പോകുന്ന അവസ്ഥയിലാണ്ഷട്ടറുകളിൽ അടിയുന്ന കക്കകളും മാലിന്യങ്ങളും സമയബന്ധിതമായി മുൻസിപ്പൽ അധികൃതർ നീക്കം ചെയ്യാത്തത്‌ മൂലമാണ് ഇവ വേഗത്തിൽ നശിക്കാനിടയായത്.അടിയന്തിരമായി പുതിയ പാലം പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യo.

@ സമയബന്ധിതമായി ഷട്ടർ അടയ്ക്കുകയും തുറക്കുകയും വേണം

 ചെറുകിടജലസേചനവകുപ്പിന്റെ കീഴിലാണ് സ്പിൽവേ പ്രവർത്തിക്കുന്നത്.
 ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്തിയാൽ നല്ല രീതിയിൽ പ്രവർത്തനം നടത്തേണ്ട സ്പിൽവേയാണിത്. വെള്ളപൊക്കവും മറ്റും ഉണ്ടാവുമ്പോൾ ആണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണരുന്നത് ഇക്കുറിയും പതിവ് പോലെ ജനപ്രതിനിധികൾ ഉണർന്നു സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞില്ല അവസാനം ക്രയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. ഇനി ഇവർ തിരിഞ്ഞു നോക്കുകയില്ല എന്ന് നാട്ടുകാർ പറയുന്നു. ഷട്ടർ അടച്ചില്ലെങ്കിൽ  മാലാക്കായൽ, ഇത്തിക്കരയാർ എന്നിവിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറും. പോളച്ചിറ, മീനാട്, ഇത്തിക്കര തുടങ്ങിയ ഏലാകളിലെ കൃഷിക്കും ഭീഷണിയായി മാറും . മത്സ്യസമ്പത്തിനും
നാശമുണ്ടാകും.
 ഷട്ടറുകൾ സമയബന്ധിതമായി അടയ്ക്കാത്തതിനാൽ വേനൽക്കാലത്ത്‌
 പ്രദേശങ്ങളിലെ കിണറുകൾ വറ്റുകയും ചെയ്യുമെന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

@ അടിയന്തിരമായി പുതിയ ചീപ്പ്പാലം പണിയണം - ബിജെപി

അടിയന്തിരമായി നിലവിലുള്ള ചീപ്പ് പാലത്തിന്റെ വീതികൂട്ടി ആധുനിക രീതിയിൽ പുതിയ ചീപ്പ് പാലം പണിയണം അറ്റകുറ്റപണികളുടെ പേരിൽ ലക്ഷകണക്കിന് രൂപയാണ് ഇവിടെ ചിലവഴിക്കുന്നത്.
ഇപ്പോൾ ഉള്ള ഷട്ടറുകൾ മാറ്റി അറ്റകുറ്റപണികൾ നടത്തിയാലും
തുരുമ്പ് എടുത്ത് പഴയത് പോലെ ആകുന്നതിന് മാസങ്ങൾ മതിയാകും അത് കൊണ്ട് തന്നെ അത്യാധുനിക രീതിയിൽ പുതിയ പാലവും ഷട്ടറുകളും പണിയണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.


No comments:

Post a Comment