Tuesday, 4 May 2021

സപ്താഹം എന്നാൽ എന്ത്?

 

ഭാഗവത* *സപ്താഹം*

ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം

ശ്രീമദ്_ഭാഗവതം

“ അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമായ ജഗത് സത്യം.
ഈ സത്യമാണ് ഭാഗവത ഹൃദയം. അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവർത്തിച്ചാവർത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു. മംഗള ശ്ലോകത്തിൽ തന്നെ ഭാഗവതം ഇക്കാര്യം സ്പഷ്ടമാക്കുന്നു.ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ ഏതുണ്ടെങ്കിൽ സംഭവിയ്ക്കും എന്നു കണ്ടെത്തുന്നതാണ് അന്വയ യുക്തി. ഏതില്ലെങ്കിൽ സംഭവിയ്ക്കുകയില്ല എന്നുറപ്പു വരുത്തുന്നതാണ് വ്യതിരയ യുക്തി.ചുരുക്കത്തിൽ ഏതുണ്ടെങ്കിൽ പ്രപഞ്ചമുണ്ട് ഏതില്ലെങ്കിൽ പ്രപഞ്ചമില്ല എന്ന് യുക്തിപൂർവം ചിന്തിച്ചു നോക്കണം. ”
എന്ന് ശ്രീമദ് ഭാഗവതത്തിനെ ആധാരമാക്കി എഴുതിയ ഭാഗവത ഹൃദയം എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വേദാന്ത പണ്ഡിതനും അദ്ധ്യാപകനുമായ പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.

ഭഗവാൻ വിഷ്ണുവിന്റെ(ഹരി)വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.ഭാഗവതത്തിലെ കഥല്കളെല്ലാം നാനാത്വത്തിന്റെ ഭ്രമത്വം ഉറപ്പു വരുത്തി ഭൗതിക വിഷയങ്ങളോട് വിരക്തി വർദ്ധിപ്പിയ്ക്കാനുതകുന്നവയാണ്

കേരളത്തിൽ നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്.

പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രം . ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ അനക്കം കൂടാതെ വയ്യക്കുകാ ആണ് പതിവ്.

#ഉദ്ഭവം

ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.

ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.

#നിയമങ്ങൾ

യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് :

പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.

സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും
പാരായണം പാടുള്ളതല്ല.

യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.

മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.

#ഗ്രന്ഥം
ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.
അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്.

വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം. വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു. അപ്പോഴാൺ ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്. ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.

കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.

"#ശ്രീമദ്_ഭാഗവത_മാഹാത്മ്യം"

ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.

ഏഴു ദിവസവും ശുദ്ധിയോടെ വ്രതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും, മനനം
ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം.

ഉദാഹരണത്തിന് ഒരു കഥ നമുക്ക് ശ്രദ്ധിക്കാം :-

തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു.
ധര്‍മ്മിഷ്ഠനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നുഅദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു.
അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു.
കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ദാന ധര്‍മ്മങ്ങളും, സൽക്കര്‍മ്മങ്ങളും പലതും ചെയ്തു നോക്കി; പക്ഷേ ഫലമുണ്ടായില്ല.
ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത്‌ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സംന്യാസി വന്നു ചേര്‍ന്നു.
തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു.
ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ത്ഥിച്ചു . നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു; " ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍
ഒരിക്കലെ ആഹാരം കഴിക്കാവൂ.
സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും". ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി.
വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു . ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു. അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു .
ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത് . ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. *അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു*. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്‌.
എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍ . ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു.
മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു.
സഹികെട്ട ധുന്ധുളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീർത്ഥയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുകയും ചെയ്തു.
ധുന്ധുകാരിയുടെ ആത്മാവ് ദുഷ്ടപ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി. എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല.

പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ത്ഥിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍
സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍
പറഞ്ഞുകൊടുത്തു.

എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്.

ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍
വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്ത
ശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധിധ്യാസവും കൂടി ചെയ്തിരുന്നു .

ഒന്നാം ദിവസം സന്ധ്യക്ക്‌ പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി. പ്രേതം
രണ്ടാമത്തേതില്‍ പ്രവേശിച്ചു . അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുണ്ഡലങ്ങളണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു .

അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു.

അതോടെ വിഷ്ണുദൂതന്മാര്‍
പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി
സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി.

സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാണ്ഡില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു

ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ് പ്രോഷ്ഠപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്.

അതാണ്‌ ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം.

അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാഢ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ്‌ രണ്ടാമത്തെ സപ്താഹം.

പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും
സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം.

ശ്രീകൃഷ്ണ പ്രീതികരവും സകല കല്മഷങ്ങളെയും നശിപ്പിക്കുന്നതും മുക്തിക്ക് ഏക ഹേതുവും ഭക്തി വിലാസത്തിന്റെ മൂല കാരണവുമാണ് ഭാഗവതാലാപനം.

ആയുഷ്കാലത്ത് ഒരു പ്രാവശ്യമെങ്കിലും ഭാഗവത ശ്രവണം ചെയ്യുന്ന പക്ഷം അവന്‍ പിന്നീട് സംസാര ദുഖത്തെ അനുഭവിക്കേണ്ടി വരില്ലെന്നതിനു പരീക്ഷിത്ത്‌ മഹാരാജാവ്
സാക്ഷിയാണ്.

രസാനുഭൂതിയോടുകൂടി ഭാഗവതാലാപനമോ ശ്രവണമോ ചെയ്യുന്നവര്‍ വിഷ്ണുപദത്തിന്നവകാശികളായി തീരുന്നു.

ഭാഗവതത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സംഹിതയില്ലെന്നു മഹാത്മാക്കളായ ഋഷികള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതിനാല്‍ അങ്ങനെയുള്ള മഹിമയേറിയ ഭഗവത് സംഹിതയെ
പതിവായി പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നവര്‍ മനുഷ്യ ജന്മസാഫല്യത്തെ പ്രാപിക്കുന്നു.......


No comments:

Post a Comment