Saturday, 7 December 2024

ചിറക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പൊതുജനങ്ങൾക്ക് വിനയാകുന്നു.

ചാത്തന്നൂർ: ചിറക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പൊതുജനങ്ങൾക്ക് വിനയാകുന്നു. മലയോരമേഖലയിൽമാത്രം കൂടുതലായി കണ്ടുവന്നിരുന്ന കാട്ടുപന്നിയും മുള്ളൻപന്നിയും ഗ്രാമീണ കാർഷികമേഖലയായ ചിറക്കരയിൽ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞദിവസം ചിറക്കര പഞ്ചായത്തിന്റെ ഉളിയനാട് പ്രദേശത്ത് രാത്രി ചിറക്കര - ചാത്തന്നൂർ റോഡിൽ മുള്ളൻപന്നിയെ കണ്ടിരുന്നു. കാട്ട് പന്നികളും ഈ പ്രദേശത്ത് ധാരാളമായി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
പോളച്ചിറ ഏലായുടെ വിവിധ ഭാഗങ്ങളിൽ പകൽനേരത്തും ജനവാസമേഖലയിലൂടെ
സ്ഥിരമായി കാട്ടുപന്നികൾ സഞ്ചരിക്കുന്നത്  നാട്ടുകാർ കാണുന്നുണ്ട്.
ചിറക്കര, ഉളിയനാട്, പ്ളാവറ കുന്ന് ഭാഗങ്ങളിൽ കാട്ടുപന്നികൾ ധാരാളമായി ഉണ്ടെന്ന് കർഷകർ പറയുന്നു. കാട്ടുപന്നിയെക്കൂടാതെ മുള്ളൻപന്നികളും നാട്ടിലുടനീളം നിറയുകയാണ്. രാത്രികാലമായാൽ കൃഷിയിടങ്ങളിൽ എത്തി
 ചേമ്പ്, ചേന, വാഴ, കപ്പ, തെങ്ങിൻതൈ, പച്ചക്കറികൾ എന്നിവയെല്ലാം മുള്ളൻപന്നികൾ വ്യാപകമായി നശിപ്പിക്കുകയാണ്. ചീനി കൃഷിയാണ് 
മുള്ളൻപന്നികളുടെ വ്യാപകമായ ആക്രമണത്തിന് വിധേയമാകുന്നത്. വീടുകളിൽ പരിപാലിച്ചുവളർത്തുന്ന കാർഷികവിളകളുടെ  തൈകൾ മുളച്ചുപൊന്തുമ്പോഴേക്കും ഇവ തിന്നുതീർക്കും. കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം ശീതകാല പച്ചക്കറിക്കൃഷിയെയും ബാധിക്കുന്നുണ്ട്. ഇത് മൂലം 
പലരും കൃഷിയിറക്കാൻ മടിക്കുകയാണ്. മുള്ളൻപന്നിയെയും കാട്ടുപന്നിയെയും പ്രതിരോധിക്കാൻ മാർഗങ്ങളൊന്നുമില്ലാതാകുന്നതോടെ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കർഷകർ. പലരും കൃഷിയിടത്തിനുചുറ്റും സാരികൊണ്ട് വളച്ചാണ് കൃഷിയിറക്കുന്നത്. ഒരുപാട് സ്ഥലത്ത് കൃഷിയിറക്കുമ്പോൾ ഇത്തരം പ്രതിരോധമാർഗങ്ങളും പാളും. വരുന്ന 
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിലുടനീളം പച്ചക്കറിക്കൃഷികൾ ചെയ്യുന്ന സമയമാണ്. വെള്ളരി, മത്തൻ, ചീര എന്നിവയെല്ലാം ഇവ നശിപ്പിക്കുമെന്ന് കർഷകർ പറയുന്നു. അടിയന്തിരമായി പന്നി ശല്യത്തിൽ നിന്നും നാടിനെ രക്ഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

No comments:

Post a Comment