Friday, 13 December 2024

കുരുക്കും കൂട്ടിമുട്ടലും; കൂട്ടിക്കടയ്ക്ക് ശാപമോക്ഷമാകുമോ?

കുരുക്കും കൂട്ടിമുട്ടലും; കൂട്ടിക്കടയ്ക്ക് ശാപമോക്ഷമാകുമോ?

കൊട്ടിയം: കൊല്ലം കോർപ്പറേഷനും
മയ്യനാട് പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രധാന ജങ്ഷൻ.
ഒരു ’ട്ട’ വട്ടത്തിനുള്ളിൽ എല്ലാമുണ്ട്. ആശുപത്രി, ചന്ത, ബാങ്കുകൾ, കടകൾ എല്ലാം. ഇതിലുപരിയായി എല്ലാം താളംതെറ്റിച്ച് ഒരു റെയിൽവ ഗേറ്റും. ഇതെല്ലാമാണ് വർഷങ്ങളായുള്ള കൂട്ടിക്കടയുടെ മുഖമുദ്ര. നാടാകെ മാറി. എന്നാൽ കൂട്ടിക്കടയിൽ മാത്രം മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. എല്ലാം പഴയപടി. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് ദുരിതം ഏറെ വർധിച്ചു. കാലത്തിനനുസരിച്ച് ഒരു വികസനവും നടത്താൻ അധികൃതരാരും മിനക്കെട്ടില്ല. പണ്ടൊക്കെ വല്ലപ്പോഴും ഒന്നു കടന്നുപോകുന്ന ട്രെയിൻ. എന്നാൽ ഇപ്പോഴോ.  മിനിറ്റിന് മിനിറ്റിന് തെക്കോട്ടും വടക്കോട്ടും ചീറിപ്പായുന്ന ട്രെയിനുകൾ. അതുകൊണ്ടുതന്നെ കുട്ടിക്കടയുടെ ഹൃദയവാൽവ് ആയ റെയിൽവേ ഗേറ്റ് എപ്പോഴും അടഞ്ഞുകിടക്കും. ഒരോ മിനിറ്റും ഇടവിട്ടാണ് സ്വകാര്യ ബസുകളെത്തുന്നത്. കൂടാതെ
ദിവസവും ആയിരകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്നു.
 കൂട്ടിക്കട സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾതന്നെ അന്പതിലേറെ വരും.

@ മാറ്റത്തിന് അനുസരിച്ചു കൂട്ടികട മാറുന്നില്ല.

പഴയ കടകളാകെ മാറി. പെട്ടിക്കടകളുടെ സ്ഥാനത്ത് രണ്ടും മൂന്നും നിലകളുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ വരെയായി ചെറിയ പെട്ടികടകൾ മുതൽ 
വലിയ ഹോൾസെയിൽ കടകൾ വരെ. 
എന്നിട്ടും കൂട്ടികടയ്ക്ക് മാറ്റo ഉണ്ടായിട്ടില്ല.പക്ഷേ ഇതൊന്നും കാണേണ്ട അധികാരികൾ മാത്രം കണ്ടില്ല. കൊല്ലം കോർപ്പറേഷനും മയ്യനാട് പഞ്ചായത്ത് അധികാരികളും ഇതിനെല്ലാം നേരേ കണ്ണടച്ചു. അവർ ചെയ്യേണ്ടതൊന്നും ചെയ്യാത്തതുകൊണ്ട് റോഡിലിറങ്ങിയാൽ ജനം വട്ടംകറങ്ങി വലയും. മയ്യനാട്ടുനിന്നും തിരുമുക്കിൽനിന്നും തട്ടാമലയിൽനിന്നും ആലുംമൂട്ടിൽനിന്നും കൂട്ടിക്കട 
ജങ്ഷനിലേക്ക്‌ എത്തിച്ചേരുന്നതെല്ലാം ഇടുങ്ങിയ റോഡുകൾ. ഒരു മാറ്റവും ഇല്ലാതെ വർഷങ്ങളായി അതുപോലെ തന്നെ. ഗതാഗതക്കുരുക്കിന്റെ വീർപ്പുമുട്ടലിലാണ് കൂട്ടിക്കടയുടെ വികസനസ്വപ്നങ്ങൾ ചരമമടയുന്നത്. ഇതിൽനിന്ന്‌ കൂട്ടിക്കടയ്ക്ക് ശാപമോക്ഷം നൽകാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം ഇനിയും അകലെ.

@ റെയിൽവേ ഗേറ്റ് മാത്രമോ... റോഡിനും വീതികൂടണ്ടേ ?

കൂട്ടിക്കടയിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ വില്ലനാകുന്നത് ജങ്‌ഷനിലെ റെയിൽവേ ഗേറ്റാണ്. എന്നാൽ അതുമാത്രമാണോ കാരണം. ഇടുങ്ങിയ റോഡുകൾ, കൈയേറ്റങ്ങൾ, അനധികൃത നിർമിതികൾ, എല്ലാം മാറണം. കൂടാതെ മതിയായ തെരുവുവിളക്കുകൾ, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഒരുങ്ങണം കൂട്ടിക്കടയുടെ വികസനത്തിന്. ഹൃദയഭാഗത്തെ റെയിൽവേ ഗേറ്റടവുകാരണം നാല്‌ റോഡുകളിൽനിന്നെത്തുന്ന വാഹനങ്ങൾ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കുന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ഗേറ്റ് തുറന്നാൽ ഗതാഗതം നിശ്ചലമാകുന്നതാണവസ്ഥ. ഇടുങ്ങിയ റോഡിൽ നിരതെറ്റിച്ച് വാഹനങ്ങൾ കടക്കുന്നതോടെ കുരുക്ക് കൂടുതൽ മുറുകും. എസ് വളവിൽ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പലപ്പോഴും ഗേറ്റിനുള്ളിൽ പെടുന്നതും പതിവാണ്. വലിയ അപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴയ്ക്ക്. നാട്ടുകാർ പറയുന്നത് ഗേറ്റ് മാറ്റിസ്ഥാപിച്ചാൽ പ്രശ്നം തീരുമെന്ന്.
നിലവിലെ റെയിൽവേ ഗേറ്റ്‌ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം ഇരുവശത്തും വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ റോഡ് വീതി കൂട്ടേണ്ടതും അത്യാവശ്യമാണ്. വാളത്തുംഗൽ, മയ്യനാട്, തട്ടാമല, ആലുംമൂട് ഭാഗത്തുനിന്നെത്തുന്ന റോഡുകളെല്ലാം വീതികൂട്ടി പുനർനിർമിക്കണം. ഗേറ്റ് മാറ്റിസ്ഥാപിക്കുമ്പോഴുണ്ടാകുന്ന വലിയ കടമ്പയാണ് കാരിക്കുഴി, വാളത്തുംഗൽ ഭാഗങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ ആലുംമൂട് റോഡിലേക്ക്‌ കടക്കേണ്ട വിധം. അതിന് ആശുപത്രിക്കുസമീപം കൂടുതൽ സ്ഥലം കണ്ടെത്തേണ്ടിവരും. വീതികൂട്ടുന്നതിനായി വ്യാപാരസ്ഥാപനങ്ങളുടെ ഭാഗങ്ങൾ പൊളിച്ചുനീക്കണ്ടിവരും. സ്ഥലം വിട്ടുകൊടുക്കാനും കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കാനും വ്യാപാരികൾ തയ്യാറായാൽ മാത്രമേ റോഡ് വീതികൂട്ടൽ സാധ്യമാകുകയുള്ളൂ. എങ്കിലേ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകൂ.

@ കൈയേറ്റങ്ങൾക്ക് കുറവില്ല

പ്രധാന റോഡുകളുടെ വീതികുറവാണ് ഗേറ്റടവ് ബാധിക്കാത്ത റോഡുകളിലേക്ക് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നത്. ഗേറ്റടഞ്ഞുകിടന്നാലും മയ്യനാട്ടുനിന്ന് വാളത്തുംഗലേക്കും തിരിച്ചും വാഹനങ്ങൾക്ക് കടന്നുപോകാം. അതുപോലെ തട്ടാമല-ആലുംമൂട് റോഡിലും വാഹനങ്ങൾക്ക് കടന്നുപോകാം. പക്ഷേ രണ്ടിടങ്ങളിലെയും റോഡുകളുടെ വീതിക്കുറവും കൈയേറ്റങ്ങളും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന് ഇടയാക്കുന്നു. വ്യാപാരസ്ഥാപനങ്ങളുടെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും വ്യാപകമായിട്ടും പഞ്ചായത്തോ കോർപ്പറേഷനോ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. വാളത്തുംഗൽ-മയ്യനാട് റോഡിലെയും തട്ടാമല-ആലുംമൂട് റോഡിലെയും യാത്ര സുഗമമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചാൽ റെയിൽവേ ഗേറ്റ് തുറക്കുന്ന സമയത്തെ ജങ്‌ഷനിലെ കുരുക്ക് വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കും.

@ ഗതാഗത പരിഷ്കരണത്തിനായി മുറവിളി; കേൾക്കാതെ അധികൃതർ

കുത്തഴിഞ്ഞ ഗതാഗത സംവിധാനമാണ് കൂട്ടിക്കടയിലെ മറ്റൊരു ശാപം. ഗതാഗത പരിഷ്കരണത്തിനായി യോഗം വിളിക്കണമെന്ന് നാട്ടുകാരും സാമൂഹ്യ സംഘടനകളും  ഉൾപ്പെടെ നിരവധിതവണ ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് കേട്ടഭാവമില്ല. റോഡിനോടുചേർന്നുള്ള ഓട്ടോറിക്ഷാ-ടാക്സി സ്റ്റാൻഡുകളും തിരക്കേറിയ സമയത്ത് വ്യാപാരസ്ഥാപനകൾക്കുമുന്നിൽ മണിക്കൂറുകളോളം ചരക്കുവാഹനങ്ങൾ നിർത്തിയിടുന്നതും അടക്കം നിരവധിയാണ് പ്രശ്നങ്ങൾ. ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ സ്ഥാനം മാറ്റി നിശ്ചയിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. റെയിൽവേ ഗേറ്റ് കടന്ന് തട്ടാമലയിലേക്ക് പോകുന്ന റോഡിലാണ് ഓട്ടോ സ്റ്റാൻഡ്. ഈ ഭാഗത്തെ ഗതാഗത തടസ്സം ഒഴിവാക്കാൻ റോഡിനോട്‌ ചേർന്നുനിന്ന കൂറ്റൻ ആൽമരം മുറിച്ചുനീക്കിയിരുന്നു. എന്നാൽ ഇതിനോട് ചേർന്നുള്ള ഓട്ടോ സ്റ്റാൻഡ് മാറ്റാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചില്ല.

@ ഗതാഗതം നിയന്ത്രിക്കാൻ ആരുണ്ട് ?

കൂട്ടിക്കടയിൽനിന്ന് ഏറെ അകലെയല്ലാതെയാണ് ഇരവിപുരം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. പക്ഷേ കൂട്ടിക്കടയിലെ ഗതാഗതക്കുരുക്കും ഇതിനെത്തുടർന്ന് വാഹനത്തിലെ ഡ്രൈവർമാർ തമ്മിലുണ്ടാകുന്ന വാക്കുതർക്കവും സംഘർഷവുമൊന്നും പോലീസ് അറിയാറേയില്ല. ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടും ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം ആവശ്യമാണ്. വിദ്യാർഥികളും ജോലിക്കാരുമടക്കം നിരവധി പേരാണ് ഈ സമയങ്ങളിൽ കൂട്ടിക്കടയിലെ ഗതാഗതക്കുരുക്കിൽ യാതനയനുഭവിക്കുന്നത്. ഗേറ്റടയ്ക്കുന്ന സമയം പോലീസിന്റെ സേവനം ഇരുവശങ്ങളിലും ഉണ്ടെങ്കിൽ വാഹനങ്ങളെ ക്രമമായി നിർത്തിയിടീക്കാൻ സാധിക്കും. മയ്യനാട്-വാളത്തുംഗൽ, തട്ടാമല-ആലുംമൂട് റോഡുകളിൽ വാഹനങ്ങൾ കടന്നുപോകാൻ വഴിയൊരുക്കാനും പോലീസിനാകും. റോഡരികിൽ ഇരുചക്രവാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും പോലീസിന്‌ സാധിക്കും.

@ ജനവും മനസ്സിലാക്കണം; കുത്തിക്കയറ്റ് ഒഴിവാക്കിയാൽ പകുതി തിരക്ക് കുറയും

ഗേറ്റടവ് കാരണം ഏറെ നേരമാണ് യാത്രക്കാർ കൂട്ടിക്കട റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ മനംമടുത്ത ഇവർ ഗേറ്റ് തുറന്നാലുടനെ ഗേറ്റ് കടന്നുപോകാൻ വാഹനങ്ങൾ കുത്തിക്കയറ്റുന്നത് വീണ്ടും ഗതാഗത തടസ്സത്തിനിടയാക്കും. ഇങ്ങനെയും ഏറെനേരം ഗേറ്റിനുള്ളിൽ വാഹനങ്ങൾ കുടുങ്ങുന്നു. ബദൽ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ യാത്രക്കാരും സഹകരിച്ചാൽ കൂട്ടിക്കടയിലെ ഗതാഗതക്കുരുക്കിന് തടയിടാൻ സാധിക്കും.

@ വളവിൽ ഓട്ടോ സ്റ്റാൻഡ്‌; തട്ടാമല റോഡിൽ വാഹനം കുടുങ്ങുന്നു

കൂട്ടിക്കട ഗേറ്റ് തുറന്നാൽ ഗേറ്റ് കടന്നെത്തുന്ന വാഹനങ്ങൾക്ക് തട്ടാമല റോഡിലേക്ക്‌ കടക്കണമെങ്കിൽ ഇവിടത്തെ വലിയ വളവ് തിരിയണം. വളവിൽ ഇടതുവശം ചേർന്നാണ് ഓട്ടോ സ്റ്റാൻഡ്‌. തട്ടാമലയിൽനിന്ന്‌ ഗേറ്റ് കടന്നുപോകാനെത്തുന്ന വാഹനങ്ങളും കൊട്ടിയം, അലുംമൂട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും ഈ വളവുള്ള ഭാഗത്താണ് എത്തുന്നത്. അതോടെ നിരവധി വാഹനങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിലാകും. ഗേറ്റ് കടന്നെത്തുന്ന വണ്ടികൾക്ക് ഓട്ടോ സ്റ്റാൻഡ്‌ കാരണം സുഗമമായി കടന്നുപോകാനാകാത്ത അവസ്ഥയാണ്. ഓട്ടോ സ്റ്റാൻഡ്‌ താത്‌കാലികമായി മയ്യനാട് റോഡ് കൂട്ടിക്കട ജങ്‌ഷനിൽ എത്തി നേരെ സ്വകാര്യ ആശുപത്രിയുടെ മുന്നിലേക്കെത്തുന്ന ഒഴിഞ്ഞുകിടക്കുന്ന ഇടറോഡിലേക്കോ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തിരക്കേറിയ സമയത്തും റോഡിൽ ചരക്കിറക്ക്

ഗതാഗതക്കുരുക്കിൽ കൂട്ടിക്കട നട്ടംതിരിയുമ്പോഴും തിരക്കേറിയ സമയത്തും റോഡ് കൈയേറിയുള്ള ചരക്ക് കയറ്റിയിറക്കിന് നിയന്ത്രണമില്ല. ഇതുകാരണം വാഹനങ്ങൾ കടന്നുപോകാനാകാതെ ഏറെ സമയം ഗതാഗതം തടസ്സപ്പെടുന്നു. റെയിൽവേ ഗേറ്റിന് 25 മീറ്ററിനുള്ളിൽ ഗതാഗതം തടസ്സപ്പെടുന്നതോടെ ഗേറ്റിനകത്തുപോലും വാഹനങ്ങൾക്ക് ചലിക്കാനാകാത്ത അവസ്ഥയാകും. ഇതുകാരണം സിഗ്നൽ ലഭിച്ചാലും ഗേറ്റ് അടയ്ക്കാനാകാത്ത അപകടാവസ്ഥയിലാകുന്നു. പലപ്പോഴും ഇതുകാരണം സംഘർഷാവസ്ഥയും ഉണ്ടാകുന്നു. ദിവസങ്ങൾക്കുമുൻപ് ഈ തർക്കം കത്തിക്കുത്തിൽവരെ കലാശിച്ചു. ക്രമസമാധാനഭംഗം ഉണ്ടായിട്ടും ചുമതലയുള്ള തൊട്ടടുത്ത ഇരവിപുരം പോലീസ് കാഴ്ചക്കാരാകുന്നു. അടിയന്തരമായി ഇരവിപുരം പോലീസ് കൂട്ടിക്കടയിലെ വ്യാപാരി വ്യവസായികളെ ചർച്ചയ്ക്കുവിളിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ടിക്കട ഏറെ അപകടകരമായ അവസ്ഥയിലേക്കുനീങ്ങും. തിരക്കേറിയ സമയങ്ങൾ ഒഴിവാക്കി ചരക്കിറക്കാൻ സമയം കണ്ടെത്തുകയാണ് വേണ്ടത്.


No comments:

Post a Comment