പരവൂർ: പരവൂർ ടൗണിലെ ഗതാഗതക്കുരുക്ക് ആര് പരിഹരിക്കും? ജനങ്ങൾക്ക് ഉത്തരം നൽകേണ്ട നഗരസഭയും പോലീസും പുറം തിരിഞ്ഞ് നിൽക്കുന്നു. തീവ്രപരിചരണം ലഭിക്കേണ്ട രോഗികളുമായി മെഡിക്കൽ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും പോകുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ കുടങ്ങി നട്ടം തിരിയുന്നു. ഒരു നിയന്ത്രണവുമില്ലാതെ റോഡരികിൽ അനധികൃത പാർക്കിങ്ങും വൺവേ സംവിധാനത്തെ വെല്ലുവിളിച്ചുള്ള നിയമ ലംഘനവും ടൗണിൽ പതിവു കാഴ്ചയാണ്. പല സന്ദർഭങ്ങളിലും ഡ്രൈവർമാർ വാശി തീർക്കുന്നത് തിരക്കേറിയ റോഡിൽ വാഹനം നിർത്തിയിട്ടാണ് കച്ചവട. സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് കയറ്റിയിറക്ക് നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇതൊന്നും പരിഹരിക്കാൻ പരവൂർ പൊലീസ് തയാറാകുന്നില്ല. അത് ചെയ്യിപ്പിക്കാൻ നഗരസഭയും മെനക്കെടുന്നില്ല.
നഗരസഭ കൗൺസിലുകൾ കൂടി നടപ്പാക്കിയ ട്രാഫിക് നിയമങ്ങൾ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുന്നതിൽ ഒതുങ്ങി. പരവൂർ -ചാത്തന്നൂർ റോഡിൽ
നടപ്പാക്കിയ വൺവേ സംവിധാനം നടപ്പിലാക്കാൻ തയാറാവാത്തത് രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്. വൺവേ സംവിധാനം കർശനമായി നടപ്പാക്കാൻ നിലവിലുള്ള കൗൺസിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റി തീരുമാനിച്ചുവെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കിയില്ല. ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാൻ കൊണ്ട് വന്ന നിയമങ്ങളും നടപ്പിലായില്ല. പ്രൈവറ്റ് ബസ് സ്റ്റാന്റിലൂടെ ചെറുതും വലുതുമായ സ്വകാര്യ വാഹനങ്ങൾ ചീറി പായുന്നു. പോലീസിന്റെ നിസ്സഹരണം കാരണം ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
@ അപകടങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ.
റെയിൽവേ മേൽപാലം വഴി പരവൂരിൽ എത്തുന്ന റോഡ് വൺവേയാണ്. എന്നാൽ വൺവേ തെറ്റിച്ച് വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാവുയാണ്. വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങൾ തട്ടി കാൽനടയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എസ് എൻ വി സ്കൂളിന് മുന്നിൽ അടുത്തിടെ രണ്ട് വിദ്യാർത്ഥികൾക്കാണ് വാഹനങ്ങൾ ഇടിച്ചു പരിക്കേറ്റത്. എന്നിട്ടും ട്രാഫിക് പോലീസിനെ നിയോഗിച്ച് ട്രാഫിക്ക് നിയന്ത്രിക്കാൻ പേ
പോലീസ് തയ്യാറായിട്ടില്ല. വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതാണ് റയിൽവെ സ്റ്റേഷൻ റോഡലെ ഗതാഗത കുരുക്കിന് കാരണം. വലിയ വാഹനങ്ങൾ പോകുമ്പോൾ ഇവിടെ ഗതാഗത തടസം നേരിടുന്നത് പതിവാണ്. രാവിലെ മുതൽ ഉച്ച വരെയാണ് മാർക്കറ്റ് റോഡിൽ ഗതാഗതം കൂടുതൽ കുരുങ്ങുന്നത്. കടകളിലേക്ക് സാധനങ്ങളുമായി എത്തുന്ന ലോറികൾ റോഡിൻ്റെ വശങ്ങളിൽ നിർത്തിയിട്ടാൽ .മറ്റ് വാഹനങ്ങൾക്ക് പോകുവാൻ പ്രയാസമാണ്. അന്യ വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കരുതെന്ന ബോർഡ് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റാൻഡിൽ യാത്രക്കാർ നിൽക്കുമ്പോൾ തന്നെ ബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി പോകുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയോ ട്രാഫിക്ക് വാർഡൻമാരെയോ നിയോഗിക്കുന്നതും പരമിതമാണ്. ചില ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പൊലീസിന്റെ സേവനമുള്ളത്.
No comments:
Post a Comment